വടി അപകടം; പൂർണമായും ഒഴിവാക്കാം
Tuesday, August 30, 2016 3:17 AM IST
* കുട്ടികളുടെ നേട്ടങ്ങളെ അഭിനന്ദിക്കാൻ മറക്കരുത്. കുട്ടികൾക്കു സംഭവിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടാം. എന്നാൽ അതിനു സ്വീകരിക്കുന്ന വഴിയാണ് പ്രധാനം. ശാരീരികവും മാനസികവുമായി വേദനിപ്പിക്കുന്ന തരത്തിലുളള പെരുമാറ്റവും ശകാരവും ശിക്ഷാനടപടികളും പൂർണമായും ഒഴിവാക്കണം. ചെയ്ത തെറ്റിനെക്കുറിച്ച്് കുട്ടിയെ സ്നേഹപൂർവം പറഞ്ഞു ബോധ്യപ്പെടുത്തുക. ശാരീരിക ശിക്ഷ തെറ്റാണ്. വടി അപകടം. പൂർണമായും ഒഴിവാക്കുക. തെറ്റിനെക്കുറിച്ചു സ്വയം പശ്ചാത്തപിക്കാനുമുളള സ്വാഭാവിക അന്തരീക്ഷം കുടുംബത്തിൽ നിലനിർത്തണം. ഇക്കാര്യങ്ങളിൽ മാതാപിതാക്കൾക്കുളള പങ്ക് നിസ്തുലമാണ്.

* ഇന്റർനെറ്റ്, മൊബൈൽ, ചാനലുകൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു മാറിയുളള ജീവിതം ഇന്നു സാധ്യമല്ല. എന്നാൽ മാറി വരുന്ന ജീവിതസാഹചര്യങ്ങളിൽ ഇത്തരം മാധ്യമങ്ങൾ തീർക്കുന്ന ചതിക്കുഴികളെക്കുറിച്ചു വ്യക്‌തമായ ബോധം പകരാൻ മാതാപിതാക്കൾക്കു കഴിയണം. ഇവ ദുരൂപയോഗപ്പെടുത്താതെ ജീവിതവിജയത്തിനുളള ഉപാധിയാക്കി മാറ്റുന്നതിനെക്കുറിച്ചു തുറന്ന ചർച്ചകൾ കുടുംബത്തിൽ നടക്കട്ടെ.

* കടുത്ത വിമർശനങ്ങൾ ഒഴിവാക്കുക. ക്രിയാത്മകചർച്ചകൾക്കുളള വേദിയായി കുടുംബം മാറണം. വിവിധ തരത്തിലുളള ചൂഷണങ്ങളിൽ നിന്നു രക്ഷപ്പെടാനുളള മാർഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവു നല്കണം. തനിക്കു ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ചുളള വ്യക്‌തമായ ധാരണ കുട്ടികൾക്കു ലഭിക്കാൻ ഇത്തരം തുറന്ന ചർച്ചകൾ വഴിതെളിക്കും. സ്നേഹം, കാരുണ്യം, സഹജീവികളോടുളള കരുതൽ തുടങ്ങിയ ഉത്തമ മൂല്യങ്ങൾ കുട്ടികൾക്കു പകരാൻ പറ്റിയ സന്ദർഭവും ഇതുതന്നെ.


* കുടുംബത്തിന്റെ സാമ്പത്തികസ്‌ഥിതിയെക്കുറിച്ചുളള ശരിയായ വിവരങ്ങൾ കുട്ടികൾക്കു നല്കുക. യാഥാർഥ്യത്തോടു പൊരുത്തപ്പെടാനും ഉളളതു കൊണ്ടു ജീവിക്കാനും ജീവിതത്തിൽ മിതവ്യയശീലം പാലിക്കാനും ഇതു കുട്ടികളെ പ്രാപ്തരാക്കും. കുടുംബത്തിലെ പ്രയാസങ്ങൾ കുട്ടികളിൽ നിന്നു മറച്ചു വയ്ക്കാനും കടം വാങ്ങി മക്കൾക്ക് ഉന്നതജീവിതനിലവാരം ഒരുക്കാനുമുളള ശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്