കടുകെണ്ണ; ഒമേഗ 3 യുടെ ബാങ്ക്
Tuesday, August 30, 2016 3:18 AM IST
ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതൽ ഉളള എണ്ണ പാചകത്തിന് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതാണു ഹൃദയത്തിനു സംരക്ഷണം നല്കുന്നത്; സ്ട്രോക്ക് വരാതെ നമ്മെ സംരക്ഷിക്കുന്നത്. ഒമേഗ 3 ആന്റി ത്രോംബോട്ടിക്(രക്‌തം കട്ടപിടിക്കാതെ ശ്രദ്ധിക്കുന്നു) ആണ്; ആന്റി ഇൻഫ്ളമേറ്ററി(രക്‌തക്കുഴലുകളിലും മറ്റും നീരുണ്ടാകാതെ സംരക്ഷണം നല്കുന്നത്) ആണ്. അതു രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ട്രൈ ഗ്ലിസറൈഡ്സ്, എൽഡിഎൽ(ചീത്ത കൊളസ്ട്രോൾ) എന്നിവയുടെ തോത് കൂടുന്നതു തടയുന്നു.

അത്രമേൽ ഗുണങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡിന് ഉണ്ട്. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും ഒമേഗ 3 അവശ്യം. ഒമേഗ 3 യുടെ കുറവ് ഓർമക്കുറവിനും പഠനപ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു. നാഡികൾ, ചർമം, കോശഭിത്തി, എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതം. ഹൃദയത്തിനു സംരക്ഷണം നല്കുന്ന എല്ലാ എണ്ണയും തലച്ചോറിനും സംരക്ഷണം നല്കും. അതിനാൽ ഒമേഗ 3 ഫാറ്റിആസിഡ് കൂടുതലായി അടങ്ങിയ എണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കടുകെണ്ണയിലാണ് ഒമേഗ 3 ഏറ്റവും കൂടുതലുളളത്. കടുകെണ്ണയിൽ പത്തു ശതമാനത്തോളം ഒമേഗ 3 ഉണ്ട്. സോയാബീൻ എണ്ണയിലും ഒമേഗ 3 ഉണ്ട്. പാമോയിലിൽ ഒമേഗ 3 തീരെ കുറവാണ്.


വിവരങ്ങൾ: <യ> ഡോ. അനിതമോഹൻ, ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്