ഡോക്ടറുടെ അനുവാദമില്ലാതെ മരുന്നുകൾ നിർത്തരുത്
Saturday, September 17, 2016 3:15 AM IST
പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിലേക്കുളള വഴികൾ. എല്ലാവിധ പോഷകങ്ങളും മതിയായ തോതിലുള്ള ഭക്ഷണക്രമമാണ് ആരോഗ്യം നല്കുന്നത്്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിന് അതു സഹായകം.
ഡിപ്രഷൻ(വിഷാദരോഗം) ഒഴിവാക്കുന്നതിനും മനസു തെളിയുന്നതിനും അതു ഗുണപ്രദം.

* ഒരു നേരം പോലും ഭക്ഷണം ഉപേക്ഷിക്കരുത്. ഒരു തവണ ഭക്ഷണം കഴിക്കാതിരുന്നാൽ ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു. അടുത്ത തവണ ഊർജവും കൊഴുപ്പും കൂടുതലുളള ഭക്ഷണം ഏറെ കഴിക്കുന്നതിനിടയാക്കുന്നു.

* നാരുകൾ ധാരാളമടങ്ങിയ ആഹാരം കഴിക്കുക. തവിടു കളയാത്ത ധാന്യങ്ങൾ, കുറുക്കുകൾ, ബീൻസ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവയിൽ നാരുകൾ ധാരാളം. ഇതു ഹൃദയരോഗങ്ങൾ, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും. മലബന്ധം ഒഴിവാക്കും.

* മത്തി, നെത്തോലി, അയല പോലെയുളള മീനുകൾ കറിവച്ചു കഴിക്കുക. ചിക്കൻ പാകം ചെയ്യുന്നതിനു മുമ്പു പുറമേയുളള തൊലി നീക്കുക. ഇതു കൊഴുപ്പും അധിക കലോറിയും കുറയ്ക്കാൻ സഹായകം. കായികാദ്ധ്വാനമുളള പ്രവർത്തികളിലേർപ്പെടാത്തവർക്കു കുറവു കലോറി ഊർജം മതിയാകും.

* വിറ്റാമിൻ ഡി അടങ്ങിയ പാൽ, തൈര്, ഓറഞ്ച്, മീനെണ്ണ, വെണ്ണ തുടങ്ങിയവ കഴിക്കുക. പാൽ പാട നീക്കി ഉപയോഗിക്കുക. പാലുത്പന്നങ്ങളിലെ കാത്സ്യവും വിറ്റാമിൻ ഡിയും എല്ലുകൾ ശക്‌തമാക്കും. ഡോക്ടറുടെ നിർദേശപ്രകാരം വിറ്റാമിൻ ഡി സപ്ളിമെന്റുകൾ കഴിക്കുന്നതും ഗുണപ്രദം.

* വിറ്റാമിൻ ബി 12 അടങ്ങിയ ആഹാരം(മുട്ട, മീൻ, തൈര്, പാൽ...)കഴിക്കുക. 50 വയസിനുമേൽ പ്രായമുളളവരിൽ മതിയായ തോതിൽ ബി 12 ആഗിരണം ചെയ്യാനുളള കഴിവു കുറയുന്നു. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം വിറ്റാമിൻ ബി 12 സപ്ളിമെന്റുകൾ കഴിക്കുന്നതും ഗുണപ്രദം.


* കൂടുതൽ കലോറി ഊർജമടങ്ങിയ വിഭവങ്ങൾ കുറച്ചു മാത്രം കഴിക്കുക. കേക്ക്, ചിപ്സ് ബേക്കറി വിഭവങ്ങൾ എന്നിവയുടെ അളവും കഴിക്കുന്ന തവണകളും കുറയ്ക്കുക.

* പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ബിപി എന്നിവയ്ക്കു ചികിത്സ സ്വീകരിക്കുന്നവർ ഭക്ഷണക്കാര്യങ്ങളിൽ ഡോക്ടറുടെ നിർദേശം കൃത്യമായി പാലിക്കണം. മരുന്നു കൃത്യസമയത്തു കഴിക്കണം. ഡോക്ടറുടെ നിർദേശം കൂടാതെ മരുന്നു നിർത്തുകയോ അളവിൽ മാറ്റം വരുത്തുകയോ അരുത്. സ്വയം ചികിത്സ അപകടം.

* ശാരീരികപ്രശ്നങ്ങളില്ലാത്തവർ ആയാസരഹിതമായ ജോലികളിലേർപ്പെടണം. പച്ചക്കറിത്തോട്ട നിർമാണം, പൂന്തോട്ട നിർമാണം എന്നിവ പ്രായമായവരുടെ മനസിനും ശരീരത്തിനു ഉന്മേഷം പകരും. വാർധക്യം സായാഹ്നത്തിലെ വസന്തമാണ്. അതു തിരിച്ചറിയുക.

പേരക്കുട്ടികളോടൊപ്പം കളിക്കാം. കുട്ടിക്കാലത്തെ നല്ല ഓർമകൾ പങ്കുവയ്ക്കാം. അവരുടെ കുഞ്ഞിക്കൈകൾ നിങ്ങളെ ബാല്യത്തിന്റെ നാട്ടുമാഞ്ചോട്ടിലെത്തിക്കും. മധുരം കിനിയുന്ന നാട്ടുമാമ്പഴം പോലെ ഓർമകൾപൊഴിയും. അതു നല്കുന്ന മാനസിക ഊർജത്തിനു പകരം വയ്ക്കാൻ ഡോക്ടറുടെ മരുന്നിനോ സൈക്കോളജിസ്റ്റിന്റെ മന്ത്രത്തിനോ ആവില്ല. അവശതകൾ ശരീരത്തെ തളർത്തിയാലും ചുറുചുറുക്കുളള മനസിന് എവിടെ വാർധകം.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്