ഇന്റർനെറ്റിന് സ്പീഡ് കുറഞ്ഞാൽ ആരോഗ്യത്തിന് ദോഷമോ..?
Sunday, September 18, 2016 12:06 AM IST
ഇന്റർനെറ്റ് കണക്ഷനും നമ്മുടെ ആരോഗ്യവും തമ്മിൽ എന്താണ് കണക്ഷൻ..? ചിരിച്ചു തള്ളാൻ വരട്ടെ, ഇവ തമ്മിൽ അഭേദ്യമായ ചില ബന്ധങ്ങളുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. സ്വീഡിഷ് ടെക് കമ്പനിയായ എറിക്സൺ ആണ് ഈ പഠനം നടത്തിയത്. കാരണം വളരെ ലളിതമാണ്, ഇന്റർനെറ്റിനു വേഗത കുറഞ്ഞാൽ സ്വാഭാവികമായും നമുക്കു ദേഷ്യം വരും. ഇതാണ് ശരീരത്തെ ബാധിക്കുന്നതെന്നാണ് 30 പേരിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്‌ഥാനത്തിൽ എറിക്സൺ പറയുന്നത്.

വെബ് പേജുകൾ ലോഡ് ചെയ്യാൻ താമസിക്കുന്നതും വീഡിയോ ബഫറിംഗ് ആകുന്നതുമെല്ലാം നമ്മുടെ ഹൃദയമിടിപ്പ് ഉയർത്തും. അതായത് ഒരു പ്രേതസിനിമ കാണുമ്പോളോ പ്രയാസമുള്ള ഒരു ഗണിതപ്രശ്നം പരിഹരിക്കുമ്പോഴോ ഹൃദയത്തിനുണ്ടാകുന്ന അതേ അവസ്‌ഥ.


പഠനത്തിനായി തെരഞ്ഞെടുത്ത 30 പേർക്കും ഇന്റർനെറ്റ് വേഗത കുറയുമ്പോഴുണ്ടാകുന്ന ശാരീരിക പ്രതികരണങ്ങൾ വിശദമായി പരിശോധിച്ചു. കണ്ണുകളുടെ ചലനം, ഹൃദയമിടിപ്പ്, തലച്ചോറിന്റെ പ്രവർത്തനം എന്നിവയാണ് പഠനവിധേയമാക്കിയത്. ഇവരിൽ 38 ശതമാനം പേർക്കും ഇന്റർനെറ്റിന്റെ വേഗത കുറയുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നതായി കണ്ടെത്തി. പിരിമുറുക്കവും ഇവരിൽ കണ്ടെത്തി.

അതിവേഗ ഇന്റർനെറ്റ് തരുന്ന സ്മാർട്ട്ഫോണുകളുള്ള ഈ കാലത്ത് ഇന്റർനെറ്റ് കണക്ഷന്റെ വേഗത ഒരു സെക്കൻഡ് പോലും കുറയുന്നത് ആളുകൾക്ക് സഹിക്കാനാകുന്നില്ലെന്നാണ് എറിക്സന്റെ അഭിപ്രായം.