അടുത്തിരുന്നാലോ ഒരുമിച്ചു ഭക്ഷണം കഴിച്ചാലോ സോറിയാസിസ് പകരില്ല
Saturday, September 24, 2016 3:03 AM IST
കുട്ടികളിൽ അണുബാധമൂലമാണു സോറിയാസിസ് ഉണ്ടാകുന്നത്. സ്ട്രെപ്റ്റോകോക്കസ് വിഭാഗത്തിൽപ്പെട്ട ബാക്ടീരിയയാണ് ഇതിനു കാരണം. പനി, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴാണ് ഇവ കാണപ്പെടുക. ഗട്ടേറ്റ് സോറിയാസിസ് എന്നാണ് ഇതിന്റെ പേര്. മഴത്തുള്ളികൾ പോലെ സോറിയാസിസിന്റെ പാടുകൾ കാണുന്നതുകൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്.

സോറിയാസിസുമായി ബന്ധപ്പെടുത്തി ധാരാളം തെറ്റിദ്ധാരണകൾ പ്രചാരത്തിലുണ്ട്. അടുത്തിരുന്നതുകൊണ്ടോ ഒന്നിച്ചു ഭക്ഷണം കഴിച്ചതുകൊണ്ടോ ശാരീരികബന്ധം പുലർത്തിയതുകൊണ്ടോ രോഗം പകരില്ല. പലപ്പോഴും രോഗികൾ സമൂഹത്തിൽ അവർ നേരിടുന്ന അവഗണനയെപ്പറ്റി വിഷമത്തോടെ വിവരിക്കാറുണ്ട്. ഇത് അവർക്കെന്നപോലെ ഡോക്ടർമാർക്കും വിഷമമുണ്ടാക്കാറുണ്ട്. അവർ അനുഭവിക്കുന്ന ഈ മാനസികസമ്മർദമൊന്നുകൊണ്ടു മാത്രം മരുന്നുകൾ ഗുണംചെയ്യാത്ത അവസ്‌ഥ സൃഷ്ടിക്കാം.

രോഗലക്ഷണങ്ങൾ

ശരീരത്തിൽ മുഴുവൻ ഭാഗങ്ങളിലും ഒരുപോലെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നില്ല. ചില പ്രത്യേക ഭാഗത്തിൽ (കാൽമുട്ട്, കൈമുട്ട്, ഇടുപ്പ്, വിരലുകളിലെ സന്ധികൾ) ചുവന്ന നിറത്തിലുള്ള തടിപ്പുകളും അതിനു മുകളിലായി പ്രത്യേക നിറത്തിലുള്ള ചെതുമ്പലുകളുമാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. വിയർക്കുമ്പോൾ ചൊറിച്ചിലിന്റെ കാഠിന്യം വർധിക്കുകയും ചെയ്യാം.

ചിലപ്പോൾ രോഗലക്ഷണം തലയോട്ടിൽ മാത്രമായി കാണാം. കട്ടികൂടിയ ചെതുമ്പലുകൾ പല സ്‌ഥലങ്ങളിലായി പ്രത്യക്ഷപ്പെടാം. ചെതുമ്പലുകൾ രോമാവൃമായ ഭാഗം കടന്ന് നെറ്റിയിലേക്കും കഴുത്തിലേക്കും അൽപം വ്യാപിച്ചിരിക്കാം. ഇതിനെ താരനായി തെറ്റിദ്ധരിക്കാം. മറ്റു ചില അവസരങ്ങളിൽ നഖങ്ങളിൽ മാത്രമായി സോറിയാസിസ് കാണപ്പെടാം. തുടക്കത്തിൽ ചെറിയ കുഴികളായും പിന്നീട് നഖങ്ങൾ പൂർണമായും നശിക്കുന്ന അവസ്‌ഥയിലേക്കു എത്താം.

ചില വ്യക്‌തികളിൽ കക്ഷങ്ങൾ, തുടയിടുക്കുകൾ എന്നിവിടങ്ങളിൽ ചൊറിച്ചിലോടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. പലപ്പോഴും ഇത് വട്ടച്ചൊറി മൂലമാണോ എന്ന് സംശയിച്ച് പലതരം മരുന്നുകൾ പരീക്ഷിക്കാറുണ്ട്. അസുഖം ഭേദമാകില്ലെന്നു മാത്രമല്ല, പിന്നീട് രോഗം വർധിക്കാനും ഇതു കാരണമായേക്കാം.

പാമോഫ്ളാന്റാർ സോറിയാസിസ്


കാൽവെള്ളയിലും കൈവെള്ളയിലും മാത്രമായി ബാധിക്കുന്ന മറ്റൊരു വിഭാഗം സോറിയാസിസുമുണ്ട്. പാമോഫ്ളാന്റാർ സോറിയാസിസ് എന്നാണിതിനെ വിളിക്കുന്നത്. അവിടത്തെ ചർമം കട്ടികൂടി വിണ്ടുകീറലോടെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. അതിശക്‌തമായ വേദന നിമിത്തം രോഗിക്ക് ജോലി ചെയ്യാനോ നടക്കാനോ കഴിയാതെവന്നേക്കാം.

അക്രോഡെർമറ്റൈറ്റിസ്

കൈവിരലുകളുടെയും കാൽവിരലുകളുടെയും അഗ്രഭാഗത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന പ്രത്യേകതരം സോറിയാസിസുണ്ട്. അക്രോഡെർമറ്റൈറ്റിസ് എന്നാണ് ഇതിന്റെ പേര്. വിരലുകളുടെ അഗ്രഭാഗത്ത് ചെതുമ്പലുകളും പഴുപ്പ് നിറഞ്ഞ കുമിളകളുമാണ് ഇതിന്റെ ലക്ഷണം. നേരത്തേ സൂചിപ്പിച്ചതുപോലെ നഖത്തിലും ഇതിനോടനുബന്ധിച്ച ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

പസ്റ്റുലാർ സോറിയാസിസ്

സോറിയാസിസിന്റെ തടിപ്പും ചെതുമ്പുലകളും നിറഞ്ഞ പാടുകളിൽ ചിലയവസരങ്ങളിൽ പഴുപ്പ് നിറഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെടാറുണ്ട്. ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തോ അല്ലെങ്കിൽ ശരീരം മുഴുവനായോ ഇത് പ്രത്യക്ഷപ്പെടാം. പസ്റ്റുലാർ സോറിയാസിസ് എന്ന് വിളിക്കപ്പെടുന്ന ഈ രോഗാവസ്‌ഥയ്ക്ക് പലപ്പോഴും ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ വേണ്ടിവരും. ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ മരണം ഉറപ്പാണ്.

എറിത്രോ ഡെർമാക് സോറിയാസിസ്

ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സോറിയാസിസ് ചിലപ്പോൾ ബാധിച്ചേക്കാം. തുടർന്നു ചർമോപരിതലം മുഴുവനായി ശരീരത്തിൽനിന്നു വേർപെട്ടുപോകുന്ന ഗുരുതരാവസ്‌ഥയ്ക്ക് ഇതു വഴിതെളിച്ചേക്കാം. എറിത്രോ ഡെർമാക് സോറിയാസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്. നമ്മുടെ ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമായ ചർമത്തിന് അതിന്റെ ധർമങ്ങളൊന്നും നിർവഹിക്കാൻ കഴിയാതെ നിസഹായമായി നിൽക്കുന്ന അവസ്‌ഥ. തത്ഫലമായി ശരീരത്തിൽനിന്നു ജലവും ലവണവും ക്രമാതീതമായി നഷ്ടപ്പെടുകയും ശരീരത്തിലെ മാംസ്യം കാൽസ്യം എന്നിവയുടെ സംതുലനത്തെ ബാധിക്കുകവഴി ഗുരുതരമായ അവസ്‌ഥയ്ക്കും വഴിവച്ചേക്കാം. (തുടരും).

ഡോ.പി.ജയേഷ്
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ