ഹോംവർക്കും കുട്ടികളും– ഭാഗം 1
Monday, September 26, 2016 2:24 AM IST
ശിക്ഷയാകരുത് ഹോംവർക്ക്

പഠനം തുടർച്ചായി നടന്നുകൊണ്ടിരിക്കുന്നതാണ്. സ്കൂളിൽ അധ്യാപകരുടെ മേൽനോട്ടത്തിലും നിർദേശങ്ങളിലും ചിട്ടയോടെ നടക്കുന്ന പഠനപ്രവർത്തനങ്ങൾ വീട്ടിലെത്തിയാലും തുടരണം. അതിനാണു ഹോംവർക്ക് കൊടുക്കുന്നത്. സ്കൂളിൽ ഇന്നു പഠിപ്പിച്ചത് ഇന്നു തന്നെ വായിക്കണമെന്നു സ്വയം തോന്നുക, എഴുതിപ്പഠിക്കുക... തുടങ്ങിയ നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കുക, സ്വയംപഠനത്തിനു പ്രാപ്തിനേടുക എന്നിവയൊക്കെയാണു ഹോംവർക്കിനു പിന്നിലുള്ള ലക്ഷ്യങ്ങൾ.

പഠിക്കുന്നതിനു വേണ്ടി അറിയാം

രണ്ടാം ക്ലാസ് വരെയുള്ള പഠനം അറിവിനു വേണ്ടിയല്ല. പഠിക്കുന്നതിനു വേണ്ടി അറിയുകയാണ്. എന്തു പഠിക്കണം, എങ്ങനെ പഠിക്കണം, എങ്ങനെയാണു വായിക്കേണ്ടത്, എഴുതേണ്ടത്... എന്നിങ്ങനെയുള്ള കാര്യങ്ങൾ. അതിനുശേഷമാണ് അറിവിനു വേണ്ടിയുള്ള പഠനം. ഉച്ചത്തിൽ എന്തെങ്കിലും വായിക്കുന്നതു കേൾക്കുക, ഉച്ചത്തിൽ വായിക്കുക, അക്ഷരങ്ങളും സംഖ്യകളും പരിചയപ്പെടുക, ക്രമേണ പദങ്ങൾ എഴുതിത്തുടങ്ങുക, അക്ഷരങ്ങളോടും ഭാഷയോടും അടിസ്‌ഥാനഗണിതത്തോടും ഒരടുപ്പം ഉണ്ടാവുക എന്നിങ്ങനെ താത്പര്യം ജനിപ്പിക്കുക എന്നതു മാത്രമാണ് നാലാം ക്ലാസ് വരെയുള്ള കുട്ടിയിൽ പഠനം കൊണ്ടു ലക്ഷ്യമാക്കുന്നത്.

ആ താത്പര്യം അവിടെവച്ചു നഷ്‌ടപ്പെടുന്ന കുട്ടികളിലാണു തുടർന്നുള്ള ക്ലാസുകളിൽ പഠിക്കാനുള്ള താത്പര്യം നഷ്‌ടപ്പെടുന്നത്. ശ്രദ്ധിക്കാനും വായിക്കാനും കേൾക്കാനും പറയാനും താത്പര്യം ജനിപ്പിക്കുന്നതിനു സഹായകമായ ഹോംവർക്കാണ് ആ ക്ലാസുകളിലെ കുട്ടികൾക്കു നല്കുന്നത്. പഠനവുമായി ബന്ധപ്പെട്ടതും സ്വയംപഠനത്തിനു സഹായിക്കുന്നതുമായ തുടർപ്രവർത്തനങ്ങളാണു തുടർന്നുള്ള ക്ലാസുകളിലെ കുട്ടികൾക്കു ഹോംവർക്കായി നല്കുന്നത്. ചിത്രങ്ങൾ ശേഖരിക്കൽ, റിപ്പോർട്ട് തയാറാക്കൽ.. തുടങ്ങിയവ. ഇന്നു പഠിച്ചതു നോക്കാനും നാളെ പഠിക്കുന്നതിനുള്ള മുന്നൊരുക്കത്തിനും അതു സഹായകം

ഉണർന്നിരിക്കുന്ന സമയത്തു പഠനം

സ്കൂളിൽ നിന്നു വന്നാലുടൻ ഹോംവർക്ക് ചെയ്യണമെന്നു നിർബന്ധിക്കാനാവില്ല. അല്പനേരം ടിവി കാണട്ടെ, കളിക്കട്ടെ. സ്കൂളിലെ പഠനസമയവും വീട്ടിലെ പഠനസമയവും തമ്മിൽ ഇടവേള അത്യാവശ്യം.
നാലാം ക്ലാസിനു താഴെയുള്ള കുട്ടികളെ ഹോംവർക്ക് ചെയ്യിപ്പിക്കാൻ രാത്രി ഇരുത്തേണ്ടതില്ല. ഉറക്കം വരുന്നു എന്നു പറഞ്ഞാൽ കിടക്കാൻ അനുവദിക്കണം. ഉറക്കംതൂങ്ങിയിരുന്നു പഠിക്കാൻ അനുവദിക്കരുത്. ഉണർന്നിരിക്കുന്ന സമയത്തു പഠിപ്പിക്കുക എന്നതാണു പ്രധാനം. അതിരാവിലെ വിളിച്ചുണർത്തേണ്ടതുമില്ല.





ഏകാഗ്രത പ്രധാനം

പ്രീപ്രൈമറി ക്ലാസുകളിലുള്ള കുട്ടികൾക്കു തുടർച്ചയായി ഒരു മണിക്കൂറിലധികം പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാനുള്ള കഴിവില്ല. ഏകാഗ്രത കിട്ടില്ല. അതിനപ്പുറവും പഠിക്കാനുണ്ടെങ്കിൽ ചെറിയ ഇടവേള നല്കണം. അല്പനേരം കളിക്കട്ടെ. അതിനുശേഷമേ വീണ്ടും പഠിപ്പിക്കാൻ ഇരുത്താവൂ.

എട്ടാം ക്ലാസ് കഴിയുന്നതോടെ വേണമെങ്കിൽ 9.30 – 10 വരെ ഇരുന്നു പഠിക്കാം. 10 – 12 ക്ലാസുകളിൽ 10–11 മണിവരെ പഠിക്കുകയും അതിരാവിലെ പഠിക്കാൻ താത്പര്യമുള്ളവരാണെങ്കിൽ ആ സമയത്തു വിളിച്ചുണർത്തുന്നതിലും തെറ്റില്ല. ഏതാണോ ഒരു കുട്ടിയെ സംബന്ധിച്ച് ഏകാഗ്രത കിട്ടുന്ന സമയം, ഇടം അതു പ്രോത്സാഹിപ്പിക്കുക.

മുറി അടച്ചിട്ടു പഠിക്കേണ്ട


മുറി അടച്ചിട്ടു പഠിക്കുന്ന രീതി ഒരിക്കലും അനുവദിക്കരുത്. വലിയ കുട്ടികൾ കതകു വേണമെങ്കിൽ ചാരിയിടുന്നതിൽ തെറ്റില്ല. പക്ഷേ, കൊച്ചു കുട്ടികളെ അതിന് അനുവദിക്കരുത്. എല്ലാവരും കാണുന്ന ഇടത്തായിരിക്കണം പഠനസ്‌ഥലം. പക്ഷേ, ആ സമയം മുതിർന്നവർ ടിവി ഓഫാക്കാൻ ശ്രദ്ധിക്കണം

ടിവിക്കു മുന്നിൽ വേണ്ട


തനിക്കു ടിവിയും കാണാം മക്കളെയും പഠിപ്പിക്കാം എന്നു കരുതി ടിവിക്കു മുന്നിലിരുത്തി മക്കളെ ഗൃഹപാഠം ചെയ്യിപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. അതു ശരിയായ രീതിയല്ല. പഠിപ്പിക്കുന്ന സമയത്ത് ടിവിയും ഫോണുമൊക്കെ അകറ്റിനിർത്തുന്നതാണ് ഉചിതം. വീട്ടിൽ മറ്റാരെങ്കിലും ടിവി കാണുന്നുണ്ടെങ്കിൽ പോലും ആ ശബ്ദം കേൾക്കാത്തവിധം മാറ്റിയിരുത്തി വേണം പഠിപ്പിക്കാൻ. അല്ലെങ്കിൽ കുട്ടിക്ക് പൂർണമായും പഠനത്തിൽ ശ്രദ്ധിക്കാനാവില്ല.

അനുയോജ്യമായ പഠനമേശ, കസേര

കൊച്ചുകുട്ടികളുടെ വലുപ്പത്തിന് അനുയോജ്യമായ കസേരയും പഠനമേശയുമൊക്കെ വീട്ടിലും ഒരുക്കണം. മുതിർന്നവരുടെ കസേരയും മേശയുമൊക്കെ നല്കി പഠിക്കാനിരുത്തിയാൽ 10–15 മിനിട്ടു കഴിയുമ്പോൾത്തന്നെ കുട്ടികൾ ക്ഷീണത്തോടെ എഴുത്തു നിർത്തും.

കൂട്ടു വേണം നാലാം ക്ലാസ് വരെ

പ്രീപ്രൈമറി കുട്ടികൾക്ക് ഹോംവർക്ക് സംബന്ധിച്ചു കൃത്യമായ നിർദേശങ്ങൾ ഡയറിയിൽ എഴുതികൊടുത്തുവിടാറുണ്ട്. അതു കുട്ടിക്കു വായിക്കാനാകാത്തതിനാലാണ് അമ്മയോ മുതിർന്നവരോ സഹായത്തിനെത്തുന്നത്. നാലാം ക്ലാസിനു താഴെയുള്ള കുട്ടിയാണെങ്കിൽ പഠനത്തിനു രക്ഷാകർത്താവിന്റെ സഹായം വേണം. എന്താണ്, എവിടെയാണ്, എങ്ങനെയാണ് എഴുതേണ്ടത്.. ഇത്തരം കാര്യങ്ങളാണു ഗൃഹപാഠത്തിൽ പറഞ്ഞുകൊടുക്കേണ്ടത്. ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരായ അമ്മമാർ ട്യൂഷൻ ഏർപ്പെടുത്തുന്നതിലും തെറ്റില്ല.






കൃത്യമായ ഉച്ചാരണം പഠിപ്പിക്കാം

അമ്മയായാവട്ടെ, ട്യൂഷൻ ടീച്ചറാവട്ടെ നിർദേശങ്ങൾ കുട്ടിക്കു കൃത്യമായി പറഞ്ഞുകൊടുക്കുക എന്നതാണു പ്രധാനം. ഉച്ചത്തിൽ വായിക്കുന്നതു കേട്ടാണ് കൊച്ചുകുട്ടികൾ പഠനം തുടങ്ങുന്നത്. പഠിപ്പിക്കുന്ന ടീച്ചറിന്റെയോ അമ്മയുടെയോ ഉച്ചാരണം മോശമാണെങ്കിൽ കുട്ടിക്ക് അതുതന്നെ കിട്ടും. കൂടാതെ, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പറഞ്ഞുകൊടുക്കുന്ന വാക്കുകളുടെ ഉച്ചാരണവും വീട്ടിൽ അമ്മമാർ പറഞ്ഞുകൊടുക്കുന്നതും തമ്മിൽ പലപ്പോഴും വ്യത്യാസം വരാറുണ്ട്. വാക്കുകളുടെ ഫൊണറ്റിക്സാണു സ്കൂളുകളിൽ പഠിപ്പിക്കുന്നത്.

സ്കൂളിൽ ഒരു തരത്തിൽ കേൾക്കുകയും വീട്ടിൽ അമ്മ മറ്റൊരു തരത്തിൽ പറഞ്ഞുകൊടുക്കുകയും ചെയ്യുമ്പോൾ കുട്ടിക്കു കൺഫ്യൂഷൻ സ്വാഭാവികം. ഇന്റർനെറ്റിലൊക്കെ ഇംഗ്ലീഷ് വാക്കുകളുടെ കൃത്യമായ ഉച്ചാരണത്തിന്റെ ഓഡിയോ കിട്ടും. അതു ശ്രദ്ധിച്ചു വാക്കുകളുടെ കൃത്യമായ ഉച്ചാരണം മനസിലാക്കിയശേഷമേ കുട്ടിക്കു പറഞ്ഞുകൊടുക്കാവൂ. അല്ലെങ്കിൽ അവരുടെ ഭാഷ നഷ്‌ടമാകും.

ഉച്ചത്തിൽ വായിപ്പിക്കാം

എട്ടാം ക്ലാസ് വരെ കുട്ടിയെക്കൊണ്ട് ഉച്ചത്തിൽ വായിപ്പിക്കണം. പ്രായം കൂടും തോറും ശബ്ദം കുറയ്ക്കാവുന്നതാണ്. എത്ര സങ്കീർണമായ പദവും ശുദ്ധമായി വായിക്കണമെങ്കിൽ ഉച്ചത്തിൽ വായിച്ചു ശീലിക്കണം.

തനിയെ എഴുതട്ടെ

കൈയക്ഷരം മോശമായ അമ്മ കൈപിടിച്ച് എഴുതിപ്പിക്കുമ്പോൾ കുട്ടിയുടെ കൈയക്ഷരത്തിലും അതേ വളവുകളും വ്യതിയാനങ്ങളും സ്വാഭാവികം. അതിനാൽ അക്ഷരങ്ങൾ കാണിച്ചുകൊടുത്തശേഷം അതു കണ്ട് എഴുതാൻ ആവശ്യപ്പെടണം. അല്ലെങ്കിൽ വർക്ക്് ബുക്കുകളിലെ ഡോട്ട് മാർക്കിലൂടെ വരയ്ക്കാൻ ആവശ്യപ്പെടാം. ട്യൂഷൻ ടീച്ചറാണെങ്കിൽ ജോലി പെട്ടെന്നു തീർക്കാൻ വേണ്ടി കുട്ടിയുടെ കൈയിൽ പിടിച്ചു മൊത്തം എഴുതിക്കൊടുക്കും. അത്രയും വർക്ക് ചെയ്യിപ്പിച്ചല്ലോ എന്നു രക്ഷാകർത്താവും സന്തോഷിക്കും!

കുട്ടി വർക്ക് ചെയ്യാതെ വന്നാൽ ടീച്ചർമാരുടെ ഭാഗത്തുനിന്നുള്ള കുറ്റപ്പെടുത്തൽ ഒഴിവാക്കാൻ പലപ്പോഴും അമ്മമാർ ചെയ്തുകൊടുക്കാറുണ്ട്. സ്വയം എഴുതാൻ പറ്റുന്ന കാര്യങ്ങൾ കുട്ടി തനിയെ എഴുതട്ടെ. എഴുതിക്കൊടുക്കാൻ പോയാൽ ജീവിതത്തിൽ ഒരിക്കലും കുട്ടി എഴുതാൻ പഠിക്കില്ല. ഞാൻ പകുതി എഴുതിയാൽ മതി ബാക്കി അമ്മ എഴുതിത്തരും എന്നു കുട്ടി വിചാരിക്കും.

പഠനവൈകല്യങ്ങൾ തിരിച്ചറിയാം

1–2 ക്ലാസ് ആകുമ്പോഴേക്കും സാധാരണ കുട്ടി 10 വാക്ക് എഴുതുമ്പോൾ കുട്ടിക്കു 2 വാക്ക് പോലും എഴുതാനാകുന്നില്ലെങ്കിൽ കുട്ടിയുടെ ഫിസിക്കൽ ഫിറ്റ്നെസ് പരിശോധിക്കണം. മസിൽ കോർഡിനേഷനിൽ തകരാറുകൾ ഉണ്ടോ എന്നു പരിശോധിക്കണം. എഴുതാനും വായിക്കാനും പിന്നിലേക്കു പോകുമ്പോൾ കാഴ്ചയ്ക്കോ കേൾവിക്കോ തകരാറുണ്ടോ എന്നു പരിശോധന നടത്തണം. 2–3 ക്ലാസ് കഴിയുമ്പോഴേക്കും ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്യങ്ങളുണ്ടോ എന്നു തിരിച്ചറിയാം.

6 നു പകരം 9, ഡിയ്ക്കു പകരം ബി എന്നിങ്ങനെ എഴുതുകയോ വായിക്കുകയോ ചെയ്താൽ അക്ഷരങ്ങളോടും അക്കങ്ങളോടും ബുദ്ധിമുട്ടുണ്ടെന്നു തിരിച്ചറിയാനാവും. അത്തരം കുട്ടികൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കണം. നാലു വാക്ക് എഴുതാൻ പറഞ്ഞപ്പോൾ 3 വാക്ക് എഴുതിയാൽത്തന്നെ വെരി ഗുഡ് എന്നു പറഞ്ഞ് അപ്പോൾത്തന്നെ അഭിനന്ദിക്കണം. കുട്ടികൾ ചെയ്യുന്ന ചെറിയ കാര്യങ്ങളെ വരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

ക്ഷമയോടെ കേൾക്കാം

ടിവി കാണാതെയും ഫോൺ മാറ്റി വച്ചും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്ത് കുട്ടികൾക്കൊപ്പം ദിവസവും സമയം ചെലവഴിക്കാൻ രക്ഷാകർത്താക്കൾ ശ്രമിക്കണം. ഹോംവർക്ക് എന്നാൽ പഠനം മാത്രമല്ല അല്പസമയം കുട്ടികൾക്കൊപ്പം ചെലവഴിക്കാനും സംസാരിക്കാനുമുള്ള ഗുണപരമായ സമയം. നല്ല ആശയവിനിമയത്തിനുള്ള അവസരമാക്കി മാറ്റുക. അതു പീഡനത്തിനുള്ള അവസരമായി മാറ്റരുത്. ശിക്ഷയാക്കി മാറ്റരുത്. സൗഹൃദപരമായ ഇടപെടലിനുള്ള അവസരമാക്കി മാറ്റാവുന്നതാണ്. ആ സമയത്തു കുട്ടി സ്കൂളിലെ കഥകളൊക്കെ പറയും. അതു ക്ഷമയോടെ കേൾക്കാം. വേണമെങ്കിൽ വേണ്ട നിർദേശങ്ങൾ കൊടുക്കാം.

പഠിക്കുമ്പോൾ വർത്തമാനം പറയരുതെന്നു വിലക്കാൻ ഇതു സ്കൂളല്ല. പരമാവധി സംസാരിക്കാൻ അനുവദിക്കണം. വേണ്ട പ്രോത്സാഹനം കൊടുത്താൽ ഏറ്റവും നല്ല സൗഹൃദം വളർത്തിയെടുക്കാനും അതിലൂടെ കുട്ടിയെ വളർത്താനും പറ്റുന്ന സമയമായി ഹോംവർക്ക് സമയം മാറ്റിയെടുക്കാവുന്നതാണ്.




വിവരങ്ങൾ:

ഡോ. റോസമ്മ ഫിലിപ്പ്
കരിക്കുലം എക്സ്പേർട്ട്.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്