ശ്രദ്ധിക്കുക..,ഈ ലക്ഷണങ്ങൾ ചിലപ്പോൾ കാൻസറിന്റേതാകാം
Wednesday, September 28, 2016 12:45 AM IST
ഏറ്റവും നിശബ്ദനായ കൊലയാളിയാണ് കാൻസർ. ലോകത്ത് അടുത്ത കുറച്ചു കാലങ്ങളായി കാൻസർ രോഗികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. പലപ്പോഴും അപകടകരമായ ഘട്ടം പിന്നിട്ടു കഴിയുമ്പോഴാണ് കാൻസർ ബാധ സ്‌ഥിരീകരിക്കുന്നത്. പിന്നെയൊരു തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണ്. കാൻസർ ആദ്യഘട്ടങ്ങളിലാണ് തിരിച്ചറിയുന്നതെങ്കിൽ ചികിത്സിച്ചു മാറ്റാൻ വളരെയെളുപ്പമാണ്. പക്ഷേ, കാൻസറിന്റെ കൃത്യമായ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് കൃത്യമായി തിരിച്ചറിയാനാവില്ല. ഏതാനും ബ്രിട്ടീഷ് വൈദ്യപഠനങ്ങൾ തെളിയിക്കുന്നത് ചർമത്തിന്റെ വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് കാൻസർ ബാധ നേരത്തെ മനസിലാക്കാമെന്നാണ്. കാൻസറിന്റെ ആദ്യലക്ഷണങ്ങളായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഇവയാണ്.

1. നിലയ്ക്കാത്ത രക്‌തസ്രാവം

ലുക്കീമിയയുടെ ആദ്യലക്ഷണങ്ങളിലൊന്നാണ് നിലയ്ക്കാത്ത രക്‌തസ്രാവം. രക്‌തം കട്ടപിടിക്കാൻ സഹായിക്കുന്ന ചുവന്ന രക്‌തകോശങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതു മൂലമാണ് ഇതു സംഭവിക്കുന്നത്.

2. നഖങ്ങളിലെ വ്യത്യാസം

നമ്മുടെ നഖങ്ങൾ നോക്കിയാൽ പല രോഗങ്ങളുടെയും ലക്ഷണങ്ങൾ കണ്ടുപിടിക്കാമെന്ന് പറയാറുണ്ട്. കാൻസറിന്റെ കാര്യത്തിലും ഇതു ശരിയാണ്. കൈനഖങ്ങളുടെ അഗ്രഭാഗത്തെ വലിപ്പ വ്യത്യാസം ശ്വാസകോശ കാൻസറിന്റെ ലക്ഷണമാകാം. നഖങ്ങളുടെ താഴത്തെ ഭാഗങ്ങളിൽ ചാരനിറത്തിലോ കറുപ്പിലോ ഉള്ള പാടുകൾ കാണപ്പെട്ടാൽ അത് ത്വക്ക് കാൻസറിന്റെയും വിളറിയ നഖങ്ങൾ കരൾ കാൻസറിന്റെയും ലക്ഷണമാകാമെന്ന് പഠനങ്ങൾ പറയുന്നു.

3. മുഴകൾ

ശരീരത്തിന്റെ പല ഭാഗങ്ങളിലുമുണ്ടാകുന്ന മുഴകളും കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മുഴകൾ കണ്ട് കാൻസറാണെന്ന് ഭയന്ന് പരിശോധനകൾ നടത്തുന്നവരും നിരവധിയാണ്. മിക്ക കാൻസറുകളും ശരീരത്തിന്റെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്നതിനാലാണ് മുഴകൾ ലക്ഷണങ്ങളായി ഉണ്ടാകുന്നത്. ചില മുഴകൾ മാരകമായതും മറ്റു ചിലത് നിരുപദ്രവകാരികളുമാകാം. ഇതറിയണമെങ്കിൽ ഡോക്ടറെ സമീപിക്കുക തന്നെ വേണം.


4. മുഖത്ത് നീർവീക്കം

അലർജിയെന്നു കരുതി പലരും നിസാരമായി തള്ളിക്കളയുന്നതും എന്നാൽ കാൻസറിനു വരെ ലക്ഷണമായതുമാണ് മുഖത്തെ നീർവീക്കം. മുഖത്തും കഴുത്തിലും നീരുവന്നു വീർക്കുന്നത് ചിലപ്പോൾ ശ്വാസകോശ കാൻസറിന്റെ ലക്ഷണമാകാം. അതുകൊണ്ട് ഈ ലക്ഷണങ്ങൾ കാണപ്പെട്ടാൽ ഉടൻ തന്നെ വൈദ്യപരിശോധന നടത്തുക.

5. സ്തനങ്ങളിലെ നീർവീക്കം

സ്തനങ്ങളിൽ കാണപ്പെടുന്ന ചുവന്ന പാടുകളും ചൊറിയും നീർവീക്കവും അർബുദത്തിന്റെ ലക്ഷണങ്ങളാകാം. ഇത്തരം പാടുകളെ അവഗണിക്കരുത്.

6. മുലക്കണ്ണുകളിലെ മാറ്റം

മുലക്കണ്ണുകളിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ശ്രദ്ധിച്ചെന്നുവരില്ല. പക്ഷേ, താഴേക്കോ വശങ്ങളിലേക്കോ പരന്ന രീതിയിലോ മുലക്കണ്ണുകൾ മാറിയാൽ അവ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാകാം. സ്വയം പരിശോധന നടത്തിയ ശേഷം ആവശ്യമെങ്കിൽ ഡോക്ടറെ സമീപിക്കുക.

മുകളിൽപറഞ്ഞ ലക്ഷണങ്ങളെ തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. കാരണം, മിക്കവയും മറ്റ് അസുഖങ്ങളുടെയും ലക്ഷണങ്ങളാകാം. ചിലപ്പോൾ അവയെ കുഴപ്പമുള്ളതായി തോന്നില്ല. ചിലപ്പോൾ അലർജിയാണെന്നു കരുതി അവയെ തള്ളിക്കളയുകയും ചെയ്യും.

നമ്മുടെ ശരീരം വളരെ കഴിവുറ്റതാണ്. എന്തെങ്കിലും അസാധാരണമായത് സംഭവിച്ചാൽ അത് നമ്മെ അറിയിക്കാൻ ശരീരത്തിന് അതിന്റേതായ മാർഗങ്ങളുണ്ട്. അവയാണ് ഈ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ശ്രദ്ധാപൂർവം വീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ വൈദ്യപരിശോധന നടത്തുക. ചെറിയ ലക്ഷണങ്ങൾ പോലും ഡോക്ടറെ അറിയിക്കുക. സ്വയചികിത്സ പാടില്ല.