ഹൃദയാഘാത സാധ്യത ഒഴിവാക്കാം
Wednesday, September 28, 2016 3:00 AM IST
ഒരിക്കൽ ഹൃദയാഘാതം വന്നവരിൽ വീണ്ടും അതിനുളള സാധ്യതയുണ്ട്്. അതൊഴിവാക്കാൻ ചില നിർദ്ദേശങ്ങൾ.

* ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കുക. യാത്രകളിൽ മരുന്നുകൾ കരുതുക. മരുന്നുകൾ മുടക്കരുത്. ഡോക്ടറുടെ നിർദേശം കൂടാതെ ഡോസിൽ മാറ്റം വരുത്തരുത്, മരുന്നു നിർത്തരുത്.

* ജീവിതശൈലിയിൽ ആരോഗ്യപരമായ മാറ്റം വരുത്തുക. പോഷകസമൃദ്ധമായ ആഹാരം ശീലമാക്കുക. ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവയടങ്ങിയ ആഹാരം ഡയറ്റിന്റെ ഭാഗമാക്കുക.

* കൃത്യമായ ഇടവേളകളിൽ വിദഗ്ധ ചികിത്സകന്റെ മേൽനോട്ടത്തിൽ വൈദ്യപരിശോധനയ്ക്കു വിധേയനാവുക.

* പുകവലി, മദ്യപാനം, ലഹരി ഉപയോഗം എന്നിവ ഉപേക്ഷിക്കുക.

* പ്രമേഹവും രക്‌തസമ്മർദവും കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു
നിയന്ത്രണവിധേയമെന്ന് ഉറപ്പുവരുത്തണം.

* അമിതഭാരം, അമിതവണ്ണംഎന്നിവ കുറയ്ക്കുക.

* മാനസികസമ്മർദം കുറയ്ക്കാനുളളമാർഗങ്ങൾ സ്വീകരിക്കുക. ഏതെങ്കിലുമൊരു ഹോബി വളർത്തിയെടുക്കുക.

* ദന്താരോഗ്യം സംരക്ഷിക്കുക. ദന്താരോഗ്യവും ഹൃദയരോഗങ്ങളുമായി ബന്ധമുണ്ടെന്നു പഠനങ്ങൾ വ്യക്‌തമാക്കുന്നു.

* പ്രകൃതിയുമായി ഇണങ്ങുന്ന ജീവിതശൈലി സ്വീകരിക്കുക, ഭക്ഷണക്രമവും.

* ലഹരിപദാർഥങ്ങൾ ഉപേക്ഷിക്കുക.

* നിയന്ത്രിത ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹം, കൊളസ്ട്രോൾ, ബിപി എന്നിവ നിയന്ത്രണവിധേയമാക്കുക.

* ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ആരോഗ്യപ്രശ്നങ്ങളുളളവർ ഡോക്്ടറുടെ നിർദേശാനുസരണം മാത്രമേ വ്യായാമം പാടുളളൂ. നടത്തം ശീലമാക്കാം. ജിമ്മിൽ പോയി ചെയ്യുന്നതു മാത്രമല്ല വ്യായാമം; സൈക്കിൾ സവാരി, നടത്തം, കുട്ടികളുമായി ചേർന്നുളള കളികൾ, പൂന്തോട്ട പരിപാലനം, പച്ചക്കറിത്തോട്ടനിർമാണം എന്നിവയെല്ലാം വ്യായാമത്തിനുളള ഉപാധികൾ തന്നെ.

* കെട്ടിടങ്ങളുടെ ഉയർന്ന നിലകളിൽ കയറേണ്ടി വരുമ്പോൾ ആരോഗ്യപ്രശ്നങ്ങളില്ലാത്തവർ പടികൾ തന്നെ തെരഞ്ഞെടുക്കുക; ലിഫ്റ്റ് ഒഴിവാക്കുക. പടികൾ പതിയെ നടന്നു കയറുന്നത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യത്തിനു ഗുണകരം. വളരെയധികം നിലകളുളള കെട്ടിടങ്ങളിൽ കയറേണ്ടി വരുമ്പോൾ ഓരോ നിലയിലെത്തുമ്പോഴും അല്പസമയം വിശ്രമിക്കുക. എന്നാൽ ആരോഗ്യപ്രശ്നങ്ങളുളളവർ ഡോക്ടർമാരുടെ നിർദേശം കൃത്യമായി അനുസരിക്കണം. അബദ്ധം കാട്ടരുത്.


* ആരോഗ്യഭക്ഷണം ശീലമാക്കുക. പഴങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ, ചെറു മത്സ്യങ്ങൾ(ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല തുടങ്ങിയവ) എന്നിവ ആഹാരത്തിന്റെ ഭാഗമാക്കുക. കൊഴുപ്പു കുറഞ്ഞ ആഹാരം ശീലമാക്കുക. പാൽ പാട നീക്കി ഉപയോഗിക്കുക.

* പഞ്ചസാര, ഉപ്പ്, എണ്ണ, സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ, മൃഗക്കൊഴുപ്പുകൾ, വനസ്പതിയിൽ തയാറാക്കിയ ബേക്കറി വിഭവങ്ങൾ, വറുത്ത വിഭവങ്ങൾ, അച്ചാറുകൾ, വെണ്ണ, മുട്ട, ക്രീം എന്നിവയുടെ ഉപയോഗം മിതപ്പെടുത്തുക. പാക്കറ്റ് ഫുഡ്സ് ലേബൽ ശ്രദ്ധിച്ചു വാങ്ങുക. സാച്ചുറേറ്റഡ് ഫാറ്റ്, partially hydrogenated, hydrogenated fats എന്നിങ്ങനെ ലേബലിൽ എഴുതിയിരിക്കുന്ന പാക്കറ്റ് ഫുഡ്സ് ഒഴിവാക്കുക. ഇവയിൽ ആരോഗ്യത്തിനു ദോഷകരമായ നിരവധി കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.

* വേദനസംഹാരികൾ ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ കഴിക്കാവൂ. സ്വയം ചികിത്സ പാടില്ല. കൺസൾട്ടിംഗ് ഡോക്ടറുടെ നിർദേശം അനുസരിക്കുക. മരുന്നുകളുടെ അളവിലും ഉപയോഗക്രമത്തിലും തന്നിഷ്‌ടപ്രകാരം മാറ്റം വരുത്തരുത്.

* മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ വിവരം കൺസൾട്ടിംഗ് ഡോക്ടറെ അറിയിക്കുക. ഏറെ നാളുകളായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ വിപണിയിൽ നിരോധിക്കുന്ന സാഹചര്യങ്ങളിൽ കൺസൾട്ടിംഗ് ഡോക്ടറുടെ നിർദേശപ്രകാരം ഗുണനിലവാരമുളള മരുന്നു സ്വീകരിക്കുക.