ഹൃദയാരോഗ്യത്തിനു സീതപ്പഴം
Monday, October 3, 2016 3:46 AM IST
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തിൽ സോഡിയവും പൊട്ടാസ്യവും സംതുലിതം. അത് രക്‌തസമ്മർദ വ്യതിയാനങ്ങൾ നിയന്ത്രിതമാകുന്നതിനു സഹായകം. സീതപ്പഴത്തിൽ ഉയർന്ന തോതിൽ അടങ്ങിയ മഗ്നീഷ്യം ഹൃദയപേശികളുടെ ആരോഗ്യത്തിനു ഗുണപ്രദം. ഹൃദയാഘാതം, സ്ട്രോക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

സീതപ്പഴത്തിലുളള നാരുകളും നിയാസിൻ എന്ന ആന്റിഓക്സിഡന്റും ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ)കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ(എച്ച്ഡിഎൽ) കൂട്ടുന്നതിനും സഹായകം. കുടലിൽ നിന്നു കൊളസ്ട്രോൾ ശരീരത്തിലേക്കു വലിച്ചെടുക്കപ്പെടുന്നതു തടയുന്നതിനും സഹായകം. ശരീരത്തിലേക്കു ഷുഗർ വലിച്ചെടുക്കപ്പെടുന്നതിന്റെ വേഗം കുറയ്ക്കുന്നതിനു സീതപ്പഴത്തിലെ നാരുകൾ ഗുണപ്രദം. ഇതു ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിനു സഹായകം. എന്നാൽ മധുരം ഏറെയായതിനാൽ പ്രമേഹബാധിതർ സീതപ്പഴ”ം മിതമായി മാത്രം കഴിക്കുക. ഇക്കാര്യത്തിൽ കുടുംബ ഡോക്ടർ. ഡയറ്റീഷൻ എന്നിവരുടെ നിർദേശം സ്വീകരിക്കാവുന്നതാണ്.

പ്രായമായവരുടെ ആരോഗ്യത്തിനു സീതപ്പഴം സഹായകം.സീതപ്പഴത്തിൽ ഉയർന്ന തോതിൽ അടങ്ങിയിട്ടുളള മഗ്നീഷ്യം ശരീരത്തിലെ ജലാംശം സംതുലനം ചെയ്യുന്നു, സന്ധികളിൽ നിന്ന് ആസിഡിനെ നീക്കുന്നു. റുമാറ്റിസം, സന്ധിവാതം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു. പേശികളുടെ തളർച്ച കുറയ്ക്കുന്നതിനു സഹായകം. സീതപ്പഴത്തിലുളള കാൽസ്യവും എല്ലുകളുടെ ആരോഗ്യത്തിനു സഹായകം.


ദഹനക്കേടു മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കു പ്രതിവിധിയായും സീതപ്പഴം ഗുണപ്രദം. കുടലിൽ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു സഹായകം. ആമാശയവുമായി ബന്ധമുളള ആരോഗ്യപ്രശ്നങ്ങളായ നെഞ്ചെരിച്ചിൽ, അൾസർ, അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ഇടത്തരം വലുപ്പമുളള ഒരു സീതപ്പഴത്തിൽ ആറു ഗ്രാം ഡയറ്ററി നാരുകളുണ്ട്. ഇത് ശരീരത്തിന് ഒരു ദിവസം ആവശ്യമായതിന്റെ 90 ശതമാനം വരും. മലബന്ധം അകറ്റുന്നതിനും നാരുകൾ സഹായകം. ബി കോപ്ലക്സ് വിറ്റാമിനുകൾ സീതപ്പഴത്തിൽ ധാരാളം. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെ ഇവ നിയന്ത്രിക്കുന്നുണ്ട്. അതിനാൽ സ്ട്രസ്, ടെൻഷൻ, ഡിപ്രഷൻ തുടങ്ങിയ മാനസിക വിഷമതകൾ കുറയ്ക്കുന്നതിനു സഹായകം. പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം.
(തുടരും)

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്