കാൻസർ സാധ്യത കുറയ്ക്കുന്നതിന് ആപ്പിൾ
Tuesday, October 4, 2016 3:43 AM IST
ആപ്പിളിൽ ആന്റിഓക്സിഡന്റുകൾ ധാരാളം. ഇവ കോശങ്ങളിൽ ഫ്രീ റാഡിക്കലുകൾ രൂപപ്പെടുന്നതു തടയുന്നതിലൂടെ കാൻസർ സാധ്യത കുറയ്ക്കുന്നു.

കാൻസർ മുഴകളുടെ വളർച്ച തടയുന്നു. കാൻസർകോശങ്ങളുടെ നാശം ത്വരിതപ്പെടുത്തുന്നു. കുടൽ. സ്തനം, കരൾ, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന തരം കാൻസറുകൾക്കുളള സാധ്യത ആപ്പിൾ ശീലമാക്കിയാൽ കുറയുമെന്നു പഠനങ്ങൾ പറയുന്നു.

ആപ്പിളിൽ ധാരാളമായുളള വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുതന്നെ. രോഗപ്രതിരോധശക്‌തി കൂട്ടുന്നതിനു വിറ്റാമിൻ സി സഹായകം. ശ്വാസകോശങ്ങൾക്ക് ആരോഗ്യവും കരുത്തും നല്കുന്നു.
ശ്വാസനാളത്തിലെ നീർവീക്കം കുറച്ച് ശ്വസനം സുഗമമാക്കുന്നതിനു വിറ്റാമിൻ സി സഹായകം. പതിവായി ആപ്പിൾ കഴിക്കുന്നതിലൂടെ ആസ്്ത്്മ സാധ്യത കുറയ്ക്കാമെന്ന് ബ്രിട്ടനിൽ നടന്ന ഒരു പഠനം പറയുന്നു. ആപ്പിളിലുളള ഫ്ളേവനോയിഡുകളും ഫീനോളിക് ആഡിഡുകളും ശ്വാസനാളത്തിലെ നീർവീക്കം (inflammation) കുറച്ച് ശ്വസനം സുഗമമാക്കുന്നു.

പ്രായമായവരുടെ ആരോഗ്യജീവിതത്തിനും ആപ്പിൾ ഗുണപ്രദം. പ്രായമായവരിൽ എല്ലുകൾക്കു ബലക്ഷയം സംഭവിച്ചു പൊട്ടാനും ഒടിയാനുമുളള സാധ്യത ഏറെയാണ്; പ്രത്യേകിച്ചും 50 വയസിനു മുകളിൽ പ്രായമുളള സ്ത്രീകളിൽ. എല്ലുകളുടെ കരുത്തുകൂട്ടുന്നതിന് അവശ്യം വേണ്ട പോഷകമാണു കാൽസ്യം.


ആപ്പിളിൽ കാൽസ്യം ധാരാളം. കൂടാതെ അതിലുളള ആന്റി ഓക്സിഡന്റുകൾ ബോൺ ഡെൻസിറ്റി കൂട്ടുന്നു. ആപ്പിളിലുളള ബോറോൺ എല്ലുകളെ കരുത്തുറ്റതാക്കി പൊട്ടലുകൾ തടയുന്നു. ആപ്പിളിലുളള phloridzin എന്ന ഫ്ളേവനോയിഡ് എല്ലുകൾ കട്ടികുറഞ്ഞു പൊടിയുന്ന ഓസ്റ്റിയോപൊറോസ് എന്ന എല്ലുരോഗത്തിനുളള സാധ്യത കുറയ്ക്കുന്നു

ആപ്പിളിൽ ധാരാളമുളള കാൽസ്യം പല്ലുകളുടെ ആരോഗ്യത്തിനും ഗുണകരം. അറിയാമല്ലോ. കൂടാതെ പതിവായി ആപ്പിൾ നന്നായി ചവച്ചരച്ചു കഴിക്കുന്നത് പല്ലുകളുടെ മഞ്ഞക്കറ അകറ്റി തിളക്കം കൂട്ടുന്നതിനു സഹായകം. (തുടരും).

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്