സ്ത്രീകളുടെ ആരോഗ്യത്തിനു സീതപ്പഴം
Tuesday, October 4, 2016 3:44 AM IST
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുമ്പ് വിളർച്ചയിൽ നിന്നു സംരക്ഷിക്കുന്നു. ഗർഭിണികളുടെയും ഗർഭസ്‌ഥശിശുവിന്റെയും ആരോഗ്യത്തിന് ഉത്തമം. അതിലുളള വിറ്റാമിൻ എ, സി എന്നിവ ഗർഭസ്‌ഥശിശുവിന്റെ ചർമം, കണ്ണുകൾ, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. ഗർഭിണികൾ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം. ഗർഭകാലത്തുണ്ടാകുന്ന മനംപിരട്ടൽ, ഛർദി എന്നിവ തടയുന്നതിനും ഉത്തമം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗുണപ്രദം. മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുള്ള ആന്റിഓക്സിഡന്റുകൾ അണുബാധ തടയുന്നതിനു സഹായകം.

സീതപ്പഴത്തിലുളള വിറ്റാമിൻ സി, എ, ബി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമത്തിലെ മുറിവുകൾ ഭേദപ്പെടുന്നതിനും പുതിയ പാളി ചർമകോശങ്ങൾ രൂപപ്പെടുന്നതിനും സഹായകം. സീതപ്പഴം ശീലമാക്കിയാൽ ചർമത്തിൽ ചുളിവുകൾ രൂപപ്പെടുന്നതു തടയാം.

ചർമത്തിന്റെ ഇലാസ്തിക കൂട്ടാം. അതിലുളള വിറ്റാമിൻ സി ചർമകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെട്ടു ചർമത്തിൽ പാടുകളും മറ്റും രൂപപ്പെടുന്നതു തടയുന്നു. യുവത്വം നിലനിർത്തുന്നു. സൂര്യപ്രകാശത്തിലെ ദോഷകരമായ കിരണങ്ങളിൽ നിന്നു ചർമത്തെ സംരക്ഷിക്കുന്നു. പുതിയ ചർമകോശങ്ങൾ രൂപപ്പെടുന്ന പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും അതിലെ ആന്റി ഓക്സിഡന്റുകൾ സഹായകം. അതിലുളള acetogenin സംയുക്‌തങ്ങൾ ത്വക്ക് കാൻസർ തടയുന്നു. മുഖക്കുരുവിന്റെ ആക്രമണത്തിൽ നിന്നു കൗമാരത്തെ രക്ഷിക്കുന്നതിനും സീതപ്പഴം ഗുണപ്രദം.


ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സേബത്തിന്റെ ഉത്പാദനം കുറയ്ക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. സീതപ്പഴത്തിന്റെ മാംസളഭാഗം നാരങ്ങാനീരുമായി ചേർത്തു കുഴമ്പുരൂപത്തിലാക്കി ആഴ്ചയിൽ മൂന്നുതവണ മുഖത്തു പുരട്ടുക. മുഖക്കുരുവിന്റെ ആക്രമണം കുറയും. നീരും വേദനയും കുറയ്ക്കുന്ന സീതപ്പഴത്തിന്റെ സ്വഭാവവും (antiinflammatory) ഇവിടെ പ്രയോജനപ്രദം. സീതപ്പഴത്തിലെ നാരുകളും ആന്റിഓക്സിഡന്റുകളും ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങൾ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു സഹായകം. ഇതു ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കൊളാജെൻ എന്ന പ്രോട്ടീന്റെ അളവു കൂട്ടുന്നതിനു സീതപ്പഴത്തിലെ വിറ്റാമിൻ സി സഹായകം. അതിൽ ഉയർന്ന തോതിൽ അടങ്ങിയ കോപ്പർ അകാലനര തടയുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നു. മുടികൊഴിച്ചിൽ തടയുന്നു.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്