അടുക്കളയിൽ നിന്നു തുടങ്ങാം കാൻസർ പ്രതിരോധം
Wednesday, October 5, 2016 3:00 AM IST
എണ്ണ ആവർത്തിച്ചുചൂടാക്കി ഉപയോഗിക്കരുത്
പാകം ചെയ്യുമ്പോൾ ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. വീടുകളിലും മറ്റും പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കാറുണ്ട്. അടുത്ത തവണ പാചകത്തിന് ആ എണ്ണ കുറച്ചെടുത്തു പുതിയ എണ്ണയുമായി ചേർത്ത് ഉപയോഗിക്കും. അത്തരം അടുക്കളരീതികൾ ആരോഗ്യകരമല്ല. ഒരിക്കൽ ഉപയോഗിച്ച എണ്ണ ദോശ ചുടുമ്പോൾ കല്ലിൽ പുരട്ടാനോ അല്ലെങ്കിൽ കടുകു പൊട്ടിക്കാനോ എടുത്തു വേഗം തീർക്കണം. വീണ്ടും പൂരിയും മറ്റും ഉണ്ടാക്കാൻ ആ എണ്ണയും പുതിയ എണ്ണയും ചേർത്ത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. അങ്ങനെ ചെയ്താൽ അതിലെ ഫാറ്റി ആസിഡ് ഘടന മൊത്തത്തിൽ മാറും.

ഗ്രില്ലിംഗ് ഒഴിവാക്കണം
ഗ്രില്ലിംഗിലൂടെ തയാർ ചെയ്ത ഭക്ഷണവും ഒഴിവാക്കണം. എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. കനലിൽ വേവിക്കുമ്പോൾ (Grilling) ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്‌ഥയിലായിരിക്കും. അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാർബൺ (polycyclic hydrocarbon) കാൻസറിനിടയാക്കുന്നു. ആവർത്തിച്ചു ചൂടാക്കുമ്പോൽ ഉണ്ടാകുന്ന അക്രിലിനും കാൻസറിനിടയാക്കും.


വിനിഗർ, പുളിവെള്ളം, വെജിവാഷ്
വിഷാംശമുള്ള പച്ചക്കറികളുടെ ഉപയോഗമാണ് കാൻസർനിരക്കു കൂട്ടുന്നതെന്നു പഠനങ്ങൾ.മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികളിലെ വിഷാംശം നീക്കുന്നതിന് വിനിഗറിലോ പുളിവെള്ളത്തിലോ മുക്കിവയ്ക്കുന്നതു സഹായകം. കടകളിൽ നിന്നു വാങ്ങുമ്പോൾ ഏറ്റവും വലുതും ഭംഗിയുള്ളതും നോക്കി വാങ്ങരുത്. സാധാരണ പച്ചക്കറികൾ എത്രത്തോളം വളരും എന്നു നമുക്ക് ഒരു ധാരണയുണ്ടല്ലോ. അതിനപ്പുറം വലുപ്പമുള്ളതും ഭംഗിയേറിയതുമായ പച്ചക്കറികൾ വാങ്ങരുത്. രാസവളങ്ങളിലും രാസകീടനാശിനികളിലും വിളഞ്ഞവയാണ് അവയെന്നു നിശ്ചയം. കാർഷികസർവകലാശാല വികസിപ്പിച്ചെടുത്ത വെജി വാഷും പച്ചക്കറികളിലെ വിഷാംശം നീക്കുന്നതിനു സഹായകമെന്നു വിദഗ്ധർ. (തുടരും)

ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്