തെറ്റിദ്ധരിക്കപ്പെടുന്ന വിഷാദം
Wednesday, October 12, 2016 3:04 AM IST
പലപ്പോഴും മടി, അഹങ്കാരം എന്നിങ്ങനെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന ഒരു അസുഖമാണ് വിഷാദരോഗം.

മിക്കപ്പോഴും ആത്മഹത്യയ്ക്കോ ആത്മഹത്യാ ശ്രമങ്ങൾക്കോ ശേഷമാണ് പലരും ഈ രോഗം തിരിച്ചറിയുന്നത്. എപ്പോഴും കിടക്കണമെന്ന തോന്നൽ, അകാരണമായ ക്ഷീണം, എന്തിന് ജീവിക്കണമെന്ന തോന്നൽ ഇവയായിരിക്കും പ്രകടമായ ലക്ഷണങ്ങൾ. ഇതുതന്നെയാണ് അഹങ്കാരമായി തെറ്റിദ്ധരിക്കാനുള്ള കാരണവും.

എന്നാൽ തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്ന ചില രാസവസ്തുക്കളുടെ പ്രവർത്തന ശേഷിയിലുണ്ടാകുന്ന വ്യത്യാസമാണ് ഈ രോഗത്തിന് ഹേതു. മരുന്നില്ലാതെ ഈ രോഗം ഭേദമാക്കുവാൻ സാധ്യതയൊട്ടുമില്ല. ചികിത്സ ലഭിക്കാത്ത വിഷാദ രോഗികൾ മിക്കവാറും ആത്മഹത്യയിലാണ് അഭയം തേടുക. ചികിത്സകൊണ്ട് നമുക്ക് അവരുടെ ജീവൻതന്നെ രക്ഷിക്കാൻ കഴിയും.

സെറട്ടോണിൻ എന്നറിയപ്പെടുന്ന ഒരു രാസവസ്തുവിന്റെ പ്രവർത്തനം ക്രമീകരിക്കുക എന്നതാണ് ചികിത്സകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

ലക്ഷണങ്ങൾ

ഭാവ വ്യതിയാനങ്ങൾ, പെട്ടെന്ന് മനസ് വ്യാകുലമാകുക, ശ്രദ്ധക്കുറവ് കാണിക്കുക, മനസിന് ക്ഷീണം തോന്നുക, പ്രതീക്ഷ നശിക്കുക, താൻതന്നെ കൊള്ളില്ലെന്ന് തോന്നുക, ആത്മാഭിമാനത്തിൽ ഇടിവുണ്ടാകുക, സഹായിക്കാൻ ആരുമില്ലെന്നു തോന്നുക, ജീവിത നൈരാശ്യം എന്നിവയായിരിക്കും പ്രധാന ലക്ഷണങ്ങൾ. ശാരീരികവും മാനസികവുമായ അസ്വസ്‌ഥത, ദേഷ്യം, കുറ്റബോധം തുടങ്ങിയതും ചിലപ്പോൾ ഉണ്ടാകും.


ഉറക്കത്തിലും വിശപ്പിലുമുള്ള വ്യതിയാനമാണ് അടുത്ത ലക്ഷണം. ഉറക്കമില്ലായ്മയോ ദീർഘമായ ഉറക്കമോ ലക്ഷണങ്ങളാകും. അതുപോലെതന്നെ അമിതമായ വിശപ്പോ വിശപ്പില്ലായ്മയോ അനുഭവപ്പെടാം.

ഊർജരാഹിത്യം, പലവിധ വേദനകൾ, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവയും ഇവരിൽ കണ്ടുവരാറുണ്ട്. ഓർമക്കുറവ് ഒരു പ്രധാന പ്രശ്നമാണ്.അതുപോലൊന്നാണ് വിരക്‌തി, അത് എന്തിനോടുമാകാം. നേരത്തെ ഇഷ്‌ടപ്പെട്ടിരുന്ന പലതിനോടും താൽപര്യമില്ലാതാകുക, ലൈംഗികതയിൽ താത്പര്യമില്ലാതാകുക തുടങ്ങിയവ വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ആത്മഹത്യാ പ്രവണതയാണ് മറ്റൊരു പ്രധാന പ്രശ്നവും ലക്ഷണവും. (തുടരും)



ഡോ. സുനീത് മാത്യു BHMS, M.Phil (Psy) FCECLDക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൗൺസലിംഗ് * പഠനവൈകല്യ പരിഹാരവിഭാഗം, വി.കെയർ മൾട്ടി സ്പെഷാലിറ്റി ഹോമിയോപ്പതി, കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്, ഫോൺ– 9048624204.