സ്വയം സ്തനപരിശോധന എന്തിന്?
Monday, October 24, 2016 3:17 AM IST
മാമോഗ്രാമിൽ കണ്ടെത്താനാവാത്ത ചിലതരം സ്തനാർബുദ സൂചനകൾ സ്വയം സ്തനപരിശോധനയിലൂടെ തിരിച്ചറിയാം. അതാണ് സ്വയം സ്തനപരിശോധനയുടെ പ്രാധാന്യം.

സ്വയം സ്തനപരിശോധന എല്ലാ മാസവും ചെയ്യണം. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം. സ്വയം സ്തനപരിശോധന ശീലമാക്കിയാൽ സ്തനത്തിലുണ്ടാകുന്ന അസാധാരണ മാറ്റം വളരെപ്പെട്ടെന്ന് അനുഭവപ്പെടും. 15 മിനിറ്റുകൊണ്ട് പരിശോധന പൂർത്തിയാക്കാം. സ്തനാർബുദ സൂചന ഏറെ നേരത്തേ കണ്ടെത്തിയാൽ വിദഗ്ധ ചികിത്സയും അതിജീവനസാധ്യതയും സാധ്യമാകും.

പീര്യേഡിനു ശേഷമാണ് സ്വയം സ്തനപരിശോധനയ്ക്കു പറ്റിയ സമയം. കൃത്യമായ ഇടവേളകളിൽ പീര്യേഡ് ഇല്ലാത്തവർ ഒരു തീയതി തെരഞ്ഞെടുക്കുക. തുടർന്നുളള മാസങ്ങളിലും അതേ ദിവസം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

സ്റ്റെപ് 1 കിടന്നുകൊണ്ട് ചെയ്യാം

മലർന്നു കിടക്കുക. വലതു തോൾ തലയിണ ഉപയോഗിച്ച് ഉയർത്തി വയ്ക്കുക
ഇടതു കൈയിലെ മധ്യത്തിലുളള മൂന്നു വിരലുകൾ കൊണ്ട് നിങ്ങളുടെ വലതു സ്തനം പരിശോധിക്കാം
സ്തനത്തിൽ വിരലുകൾ അമർത്തിക്കൊണ്ടുതന്നെ വൃത്തപാതയിൽ മുകളിലേക്കു താഴേയ്ക്കും പതിയെ പരിശോധന തുടരാം. സ്തനഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ വിരലുപയോഗിച്ചു ചെയ്യുന്ന ഈ പരിശോധനയിൽ അനുഭവപ്പെടും.
ഇതേപോലെ ഇടതു തോൾ തലയിണ ഉപയോഗിച്ച് ഉയർത്തി വയ്ക്കുക. വലതു കരതലം ഉപയോഗിച്ച് ഇടതു സ്തനം പരിശോധിക്കുക
കുളിക്കുമ്പോൾ സോപ്പു പുരട്ടിയ കൈകൊണ്ട് ഇത് ആവർത്തിക്കുക(നിന്നുകൊണ്ട് കൈകൾ മാറിമാറി ഉയർത്തി മറുകരം കൊണ്ട് പരിശോധിക്കാം)


സ്റ്റെപ് 2 കണ്ണാടിക്ക് അഭിമുഖമായി നിന്ന്

കണ്ണാടിക്ക് അഭിമുഖമായി നിന്ന് കൈകൾ പിന്നിലേക്ക് കെട്ടിയ ശേഷം നെഞ്ചിലെ പേശികൾ ബലപ്പെടുത്തുക.ശേഷം മുന്നോട്ടു വളയുക. സ്തനഘടനയിൽ അസാധാരണ മാറ്റം ദൃശ്യമാകുന്നുവെങ്കിൽ കണ്ടെത്താം.

ചുവടെ ചേർക്കുന്ന മാറ്റങ്ങൾ സ്തനങ്ങളിൽ പ്രകടമാവുകയാണെങ്കിൽ ഒരു സർജനെ സമീപിച്ച് സംശയനിവൃത്തി തേടേണ്ടതാണ്.

1. സ്തനങ്ങൾ, കക്ഷം എന്നിവിടങ്ങളിൽ മുഴ, കല്ലിപ്പ്, തടിപ്പ്
2. സ്തനങ്ങളിൽ നീര്, ചെമപ്പ്, കറുപ്പ്
3. സ്തനങ്ങളുടെ വലുപ്പത്തിലും രൂപത്തിലും സംഭവിക്കുന്ന മാറ്റം
4. സ്തനചർമത്തിലെ ചുളിവുകൾ
5. നിപ്പിളിൽ ചൊറിച്ചിൽ, വിളളൽ
6. സ്തനാഗ്രത്തിലോ സ്തനത്തിന്റെ ഇതരഭാഗങ്ങളിലോ
അനുഭവപ്പെടുന്ന വലിച്ചിൽ
7. പെട്ടെന്നു തുടങ്ങുന്ന നിപ്പിൾ ഡിസ്ചാർജ്
8. സ്തനത്തിൽ ഒരു പ്രത്യേക ഭാഗത്തു പെട്ടെന്നു വേദന അനുഭവപ്പെടുക, അതു നീണ്ടുനിൽക്കുക

(തുടരും)

ഡോ.തോമസ് വർഗീസ് MS FICS(Oncology)FACS സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ: 9447173088.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്