സ്തനാർബുദം തുടക്കത്തിൽ കണ്ടെത്തിയാൽ അതിജീവനസാധ്യത കൂടും
Tuesday, October 25, 2016 3:57 AM IST
ഫലപ്രദമായ ചികിത്സയ്ക്കു വിധേയമായ 90 ശതമാനം സ്തനാർബുദബാധിതരിലും സാധാരണയായി ചുരുങ്ങിയത് അഞ്ചു വർഷം വരെ രോഗം വീണ്ടെടുക്കാറില്ല.ചിലരിൽ ജീവിതകാലയളവിൽ പിന്നീടൊരിക്കലും രോഗം മടങ്ങിവരില്ല.

ഡേക്ടർനിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കണം. ഒപ്പം തുടർ പരിശോധനകൾക്കു വരാൻ നിർദേശിക്കുന്ന ദിവസംതന്നെ ആശുപത്രിയിലെത്തി വിദഗ്ധ ഡോക്ടറുടെ മേൽനോട്ടത്തിൽ അതിനു വിധേയമാകണം. ശാസ്ത്രീയത ഇല്ലാത്ത മരുന്നുകൾക്കും ചികിത്സാരീതികൾക്കും പിന്നാലെ പോകരുത്.

സ്തനാർബുദം തുടക്കത്തിൽത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ സ്വീകരിച്ചവരിലാണ് അതിജീവന സാധ്യത കൂടുന്നത്. സ്തനാർബുദം മറ്റ് അവയവങ്ങളിലേക്കു ബാധിക്കാത്തവരിലും അതിജീവനസാധ്യതയേറും. എത്രയും നേരത്തേ കണ്ടെത്തുക, ഫലപ്രദമായ ചികിത്സ സ്വീകരിക്കുക...ഇതാണ് അതിജീവനത്തിലേക്കുളള വഴികൾ.

എത്രയും നേരത്തേ(തുടക്കത്തിൽ തന്നെ) രോഗം കണ്ടെത്തുക. രോഗാവസ്‌ഥ ആദ്യഘട്ടത്തിൽത്തന്നെ തിരിച്ചറിയുക. കാൻസർ ചികിത്സാകേന്ദ്രങ്ങളിലെത്തി ആധുനികവും ഫലപ്രദവുമായ വിദഗ്ധചികിത്സ ഓങ്കോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ സ്വീകരിക്കുക. ആത്മവിശ്വാസം കൈവെടിയാതെ രോഗകാലം അതിജീവിക്കുക. പുതുജീവിതം സാധ്യമാകും.

സ്തനാർബുദസാധ്യത കുറയ്ക്കാം


1. ശരീരത്തിന്റെ തൂക്കം ആരോഗ്യകരമായ തോതിൽ നിലനിർത്തുക. ആർത്തവവിരാമത്തിനുശേഷം തൂക്കം കൂടുന്നത് സ്തനാർബുദസാധ്യത കൂട്ടും.
2. വ്യായാമം ശീലമാക്കുക
3. മദ്യപാനം ഉപേക്ഷിക്കുക.
4. പോസ്റ്റ് മെനോപോസൽ ഹോർമോൺ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.
5. കഴിയുന്നിടത്തോളം മുലയൂട്ടൽ തുടരുക
6. ധ്യാനം, പ്രാർഥന തുടങ്ങിയവ ശീലമാക്കുക., ടെൻഷൻ കുറയ്ക്കുക.
7. കൊഴുപ്പു കുറഞ്ഞ ഭക്ഷണക്രമം ശീലമാക്കുക
9. അനാവശ്യമായി ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കരുത്. സ്വയംചികിത്സ പാടില്ല.
10. കീടനാശിനികളുടെ സാന്നിധ്യമില്ലാത്ത ജൈവപച്ചക്കറികൾ ശീലമാക്കുക. വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷിചെയ്യുക.
(തുടരും)

ഡോ.തോമസ് വർഗീസ് MS FICS(Oncology)FACS സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ: 9447173088.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്