അനാവശ്യചിന്തകൾ പഠനം മുടക്കുമ്പോൾ
Friday, October 28, 2016 2:26 AM IST
കുറേ വർഷങ്ങൾക്കു മുൻപ് മരുന്നില്ലാത്ത മനഃശാസ്ത്രചികിത്സ തേടി തിരുനെൽവേലിയിൽനിന്ന് എന്നെ കാണാൻവന്ന ഒരു കുടുംബത്തിന്റെ നീറുന്ന മാനസികപ്രശ്നം പരിഹരിച്ചതിന്റെ കഥ ഞാനിവിടെ ഓർമിക്കുന്നു. പഠനത്തിൽ അതിസമർഥനും ബുദ്ധിമാനുമായ തങ്ങളുടെ ഏകമകൻ അനുഭവിക്കുന്ന അതിസങ്കീർണമായ ഒരു മാനസികപ്രശ്നത്തെക്കുറിച്ചാണ് അധ്യാപകരായ മാതാപിതാക്കൾക്ക് എന്നോടു പറയാനുണ്ടായിരുന്നത്.

ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് അവന്റെ പ്രശ്നങ്ങൾ. പഠിക്കാനിരിക്കുമ്പോൾ എന്നും അനാവശ്യചിന്തകൾ കടന്നുവന്ന് ടെൻഷൻ കയറുകയാണെന്നും അതവന്റെ പഠനത്തെ മാത്രമല്ല തങ്ങളുടെ കുടുംബജീവിതത്തെ ആകമാനം അസ്വസ്‌ഥമാക്കുകയാണെന്നും തീവ്രമായ ദുഃഖത്തോടെ അവർ എന്നോടു പറഞ്ഞു.

നിർബന്ധിതമായി കടന്നുവരുന്ന അനാവശ്യചിന്തകൾ കാരണം പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെവരുമ്പോൾ അവന്റെ നിരാശ മുഴുവൻ വീട്ടിലുള്ള തങ്ങളോടാണ് പ്രകടിപ്പിക്കുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ പെട്ടെന്നു ദേഷ്യപ്പെടുകയും കരയുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണെന്നും അവർ പറഞ്ഞു.

എന്തെങ്കിലും മാർഗം ഉപയോഗിച്ച് അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും കഠിനമായ കലഹത്തിലാണ് അവസാനിക്കാറുള്ളതെന്നും ടെൻഷൻ കൂടിക്കഴിയുമ്പോൾ വീട്ടിലെ സാധനങ്ങളെല്ലാം എറിഞ്ഞുപൊട്ടിക്കാറുണ്ടെന്നും എന്താണവനെ ശല്യം ചെയ്യുന്ന ചിന്തകളെന്നു ചോദിച്ചാൽ തങ്ങളോട് പറയില്ലെന്നും അവർ പറഞ്ഞു.

ഏറ്റവുമൊടുവിലായി അവനിൽ പ്രത്യക്ഷപ്പെട്ട ലക്ഷണം അമിതവൃത്തിയാണെന്നും കൂടുതൽ നേരം അവൻ ബാത്റൂമിലാണെന്നും അതു തടസപ്പെടുത്താൻ ചെന്നാൽ അച്ഛനോട് പൊട്ടിത്തെറിക്കുമെന്നും അവർ പറഞ്ഞു.

അതിസമർഥനായി പഠിച്ചുകൊണ്ടിരുന്ന അവൻ പഠിത്തത്തിൽ പിന്നോക്കാവസ്‌ഥയിൽ പോയപ്പോൾ ഞങ്ങൾ അവനെ ഒരു ന്യൂറോഫിസിഷ്യനെ കാണിച്ചെന്നും അദ്ദേഹത്തിന്റെ നിർദേശാനുസരണം പിന്നീട് അവനെ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ച് കുറേനാൾ മരുന്നുകൾ കഴിപ്പിച്ചെന്നും പക്ഷേ, അതുകൊണ്ടൊന്നും ഉദ്ദേശിച്ച മാറ്റങ്ങൾ ഉണ്ടായില്ലെന്നും ഗുളികകൾ കഴിക്കാൻ പറഞ്ഞാൽ എനിക്ക് ഭ്രാന്തുണ്ടോ എന്നു ചോദിച്ച് കൂടുതൽ വയലന്റാകുമെന്നും അവർ സങ്കടത്തോടെ പറഞ്ഞു.

പഠിക്കാനിരിക്കുമ്പോൾ അനാവശ്യചിന്തകൾ വരുന്നതുമൂലം ഒന്നും ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും എന്തെങ്കിലും പഠിച്ചാൽത്തന്നെ അതെല്ലാം പെട്ടെന്നു മറന്നുപോകുകയാണെന്നും അവർ കൂടെക്കൂടെ പറഞ്ഞതുകാരണം ഇനിയും എന്തെങ്കിലും തലച്ചോർ സംബന്ധമായ തകരാറാണോ എന്ന് അറിയുന്നതിന് ഞങ്ങൾ അവനെ മറ്റൊരു ന്യൂറോളജിസ്റ്റിനെക്കൂടി കാണിച്ചെന്നും അദ്ദേഹമാണ് ഞങ്ങൾക്ക് കൊഗിനിറ്റീവ് ബിഹേവിയർ തെറാപ്പി ചികിത്സയെക്കുറിച്ച് പറഞ്ഞുതന്നതെന്നും നെറ്റിൽ കയറി അവൻതന്നെയാണ് ഡോക്ടറുടെ പേര് കണ്ടുപിടിച്ചതെന്നും എന്തെങ്കിലും ചെയ്ത് അവനെ രക്ഷിക്കണമെന്നും മാതാപിതാക്കൾ ദുഃഖത്തോടെ എന്നോടു പറഞ്ഞു.


ഞാൻ ആ യുവാവിനെ വിശദമായ മനഃശാസ്ത്ര പരിശോധനയ്ക്ക് വിധേയമാക്കി. അവന്റെ മനസിനെ ശല്യംചെയ്തുകൊണ്ടിരുന്ന വിഷമതകളെല്ലാം ചോദിച്ചറിഞ്ഞപ്പോൾ മരുന്നില്ലാതെയുള്ള എല്ലാ ചികിത്സാമാർഗങ്ങളോടും പരിപൂർണമായി സഹകരിക്കാമെന്ന് അയാൾ എനിക്ക് ഉറപ്പുനൽകി. ഇത്ര ചെറുപ്പത്തിലേ ഇത്രയധികം ടെൻഷൻ സ്വായത്തമാക്കാൻ കളമൊരുക്കിയ കുട്ടിക്കാലത്തെ ജീവിതസാഹചര്യം മനഃശാസ്ത്ര പരിശോധനകളിലൂടെ കണ്ടെത്തി.

മാതാപിതാക്കളുമായുള്ള അവന്റെ ഇടപെടലുകളിൽ വന്നുചേർന്ന പെരുമാറ്റ തകരാറുകളെക്കുറിച്ചും അപഗ്രഥനാത്മകമായി പഠിച്ചു. ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്നു ക്ലിനിക്കൽ സൈക്കോളജി ഡോക്ടർമാർ വിശേഷിപ്പിക്കുന്ന ഈ മാനസികാവസ്‌ഥ ബിഹേവിയർ തെറാപ്പി ചികിത്സയിലൂടെ രോഗിയുടെ സഹകരണത്തോടെ ഫലപ്രദമായി ചികിത്സിച്ചു മാറ്റാവുന്നതാണെന്നും ബ്രെയിൻ ഡിസേബിളിംഗ് ഡ്രഗ്സ് കഴിച്ച് തലച്ചോറിന് ക്ഷതമേൽപിച്ചു ചിന്തയില്ലാതാക്കുന്ന അഭ്യാസം വേണ്ടെന്നും ഞാനവരെ പറഞ്ഞു മനസിലാക്കി.

എല്ലാദിവസവും രാവിലെയും വൈകിട്ടും മുടങ്ങാതെ ഡീപ് മസിൽ റിലാക്സേഷൻ ടെക്നിക്സ് ചെയ്ത് പാരാസിംപതറ്റിക് ആക്ടിവേഷൻ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി.

കംപ്യൂട്ടറൈസ്ഡ് ബയോഫീഡ്ബാക്ക്, സെൽപ് ഹിപ്നോസിസ് ട്രെയിനിംഗ് എന്നിവ നൽകി മാനസികാവസ്‌ഥ കൂടുതൽ വിശ്രാന്തിയുടേതാക്കി ടെൻഷൻ കുറഞ്ഞിട്ടും കള്ളിമുള്ളുപോലെ മനസിൽ ഉടക്കിക്കിടന്ന നിർബന്ധിത ചിന്തകളുടെ ആധിക്യം കുറയ്ക്കുന്നതിന് തോട്ട് സ്റ്റോപ് ടെക്നോളജി പരിശീലിപ്പിക്കുകയും അത് സ്വയം വീട്ടിൽ ചെയ്യുന്നതിന് പ്രോത്സാഹനം കൊടുക്കുകയും ചെയ്തു.

എല്ലാ ചികിത്സാരീതികളോടും ബുദ്ധിമാനായ ആ യുവാവ് അതീവ താത്പര്യത്തോടെ സഹകരിച്ചതിനാൽ കുറേ നാളുകൾകൊണ്ട് പടിപടിയായി അയാളുടെ തലച്ചോറിനെയും മനോനിലയെയും റീവയർ ചെയ്തെടുക്കുന്നതിന് സാധിച്ചു. ഇന്ന് അവൻ ആത്മവിശ്വാസത്തോടെ എൻജിനിയറിംഗ് കോളജിൽ പഠിക്കുന്നു!

ഡോ.ജോസഫ് ഐസക്
(റിട്ട. അസിസ്റ്റന്റ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു സമീപം,തെളളകം പി.ഒ.–കോട്ടയം 686 016. ഫോൺ നമ്പർ – 9847054817

സന്ദർശിക്കുക...www.drjosephisaac.com