ഡിപ്രഷൻ കുറയ്ക്കാൻ എള്ള്
Monday, October 31, 2016 2:27 AM IST
എളളിലടങ്ങിയ മഗ്നീഷ്യം ശ്വസനവ്യവസ്‌ഥയുടെ ആരോഗ്യത്തിനു ഗുണപ്രദം. കുഞ്ഞുങ്ങളെ ശരീരം മസാജ് ചെയ്യുന്നതിനും എളെളണ്ണ ഉപയോഗിക്കാം. ഡയപ്പർ ഉപയോഗിക്കുമ്പോൾ ചർമത്തിലുണ്ടാകുന്ന പാടുകൾ, ചർമത്തിന്റെ വരണ്ട സ്വഭാവം എന്നിവ മാറ്റുന്നതിനും സഹായകം.

കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനും എളള് ഗുണപ്രദം. ആന്റിബയോട്ടിക്കുകളുടെ പാർശ്വഫലമായി വൃക്കകൾക്കുണ്ടാകുന്ന തകരാറുകൾ തടയുന്നതിനും എളെളണ്ണ സഹായകമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. എളെളണ്ണയിലെ sesamol എന്ന
ആന്റിഓക്സിഡന്റ് ഗാമാ റേഡിയേഷൻ മൂലം ഡിഎൻഎയ്ക്കു കേടുപാടു സംഭവിക്കുന്നതു തടയുന്നതായി ഗവേഷകർ വ്യക്‌തമാക്കുന്നു.

എളളിൽ നാരുകൾ ധാരാളം. മലബന്ധം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും നാരുകൾ സഹായിക്കുന്നു. പല്ലുകൾ, മോണ എന്നിവയുടെ ആരോഗ്യത്തിനും എളള് സഹായകം. പല്ലിൽ പ്ലേക് രൂപപ്പെടുന്നതു കുറയ്ക്കുന്നു.

അമിതമായ ഉത്കണ്ഠയും ഡിപ്രഷനും കുറയ്ക്കുന്നതിന് എളളിലുളള sesamol ഉൾപ്പെടെയുളള പോഷകങ്ങൾ സഹായിക്കുന്നതായി ഗവേഷണങ്ങൾ വ്യക്‌തമാക്കുന്നു. മാനസികപിരിമുറുക്കം കുറയ്ക്കുന്നതിന് എളളിലടങ്ങിയ മഗ്നീഷ്യവും കാൽസ്യവും സഹായിക്കുന്നു. എളളിലടങ്ങിയ thiamin, tryptophan എന്നീ വിറ്റാമിനുകൾ മാനസികനില, ഗാഢനിദ്ര, വേദന കുറയ്ക്കൽ എന്നിവയ്ക്കു സഹായകമായ സെറോടോണിൻ ഉത്പാദിപ്പിക്കുന്നതിനു സഹായകം.


എളളിലടങ്ങിയ ഫൈറ്റോ സ്റ്റീറോൾസ്, മഗ്നീഷ്യം, ഫൈറ്റിക് ആസിഡ് തുടങ്ങിയ ആന്റി കാൻസർ സംയുക്‌തങ്ങൾ കാൻസർപ്രതിരോധം മെച്ചപ്പെടുത്തുന്നു. എളളിലെ sesamol എന്ന ആന്റിഓക്സിഡന്റ് വിവിധതരം കാൻസറുകൾ തടയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ ശരീരത്തിന്റെ സൗന്ദര്യവും കരുത്തും പ്രതിരോധശേഷിയും കൂട്ടുന്ന ധാന്യമാണ് എളള്.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്