സ്തനാർബുദം പലതരം
Saturday, November 5, 2016 4:59 AM IST
സ്തനാർബുദം മുഖ്യമായും രണ്ടുതരം

വിഭജനം 1

വിഭജനത്തിന്റെ അടിസ്‌ഥാനം – സ്തനത്തിന്റെ ഏതു ഭാഗത്ത് ഉണ്ടാകുന്നു എന്നത്

1 എ. ഡക്റ്റൽ കാർസിനോമ – മിൽക്ക് ഡക്റ്റുകളിൽ ഉണ്ടാകുന്നു

1. ബി. ലോബുലാർ കാർസിനോമ – പാൽ ചുരത്തുന്ന ബ്രസ്റ്റ് ലോബ്യൂളുകളിൽ ഉണ്ടാകുന്നു

വിഭജനം 2

വിഭജനത്തിന്റെ അടിസ്‌ഥാനം– കാൻസർ കോശങ്ങൾ രൂപപ്പെട്ട ഇടത്തു തന്നെ തുടരുന്നുവോ അതോ സമീപകോശങ്ങളിലേക്കു വ്യാപിക്കുന്നുവോ എന്നത്

2. എ. ഇൻവേസിവ് ബ്രസ്റ്റ് കാൻസർ

മിൽക്ക് ഡക്്റ്റിലും ലോബ്യൂളുകളിലുമുള്ള കാൻസർ കോശങ്ങൾ അവയിൽ നിന്നു പുറത്തുകടന്നു സമീപമുളള സ്തനകലകളിലേക്കു കടക്കുന്നു. ഈ വിഭാഗത്തിൽപ്പെട്ട സ്തനാർബുദമാണ് ഇൻവേസിവ് ബ്രസ്റ്റ് കാൻസർ. ഇൻഫിൽട്രേറ്റിംഗ് ഡക്റ്റ് കാൻസർ എന്നും ഇത് അറിയപ്പെടുന്നു. രക്‌തത്തിലൂടെയും ലിഫ് ദ്രവത്തിലൂടെയും കാൻസർ കോശങ്ങൾക്കു ശരീരമാകമാനം സഞ്ചരിക്കാനാവും. കാൻസർ കോശങ്ങളുടെ സഞ്ചാരം ചിലപ്പോൾ നേരത്തേയാവാം (ട്യൂമറിന്റെ വലുപ്പം കുറവായിരിക്കുമ്പോൾ) മറ്റുചിലപ്പോൾ വൈകിയും ആവാം (ട്യൂമറിന്റെ വലുപ്പം കൂടുമ്പോൾ). അതായത് അതു ട്യൂമർ ഡബിളിംഗ് ടൈമിനെ ആശ്രയിച്ചിരിക്കുന്നു.

കക്ഷത്തിലെ ലിംഫ് നോഡുകളിലേക്കാണ്(ആക്സിലറി ലിംഫ് നോഡുകൾ) സ്തനാർബുദം ആദ്യം വ്യാപിക്കുന്നത്. എന്നാൽ അടുത്ത ഘട്ടങ്ങളിൽ കരൾ, ശ്വാസകോശം, എല്ല്, തലച്ചോറ് തുടങ്ങിയ അവയവങ്ങളിലേക്കു വ്യാപിക്കാനുളള സാധ്യതയുണ്ട്. മെറ്റാസ്റ്റാസിസ് എന്നാണ് ഇത്

അറിയപ്പെടുന്നത്.

2. ബി. ഇൻ സിറ്റു ബ്രസ്റ്റ് കാൻസർ (നോൺ ഇൻവേസിവ് ബ്രസ്റ്റ് കാൻസർ)

സ്തനങ്ങളിലെ മിൽക്ക് ഡക്റ്റിൽ വളരുന്ന കാൻസർ കോശങ്ങൾ അതിനുപുറത്തു കടന്ന് സമീപകോശങ്ങളിലേക്കോ മറ്റ് അവയവങ്ങളിലേക്കോ വ്യാപിക്കുന്നില്ല. അവ രൂപപ്പെട്ട ഇടത്തിനു പുറത്തേക്കു കടന്ന് സമീപ സ്തനകോശങ്ങളെ ആക്രമിക്കുന്നുമില്ല. ഈ പ്രത്യേകതകൾ ഉളള തരം സ്തനാർബുദമാണ് ഇൻ സിറ്റു ബ്രസ്റ്റ് കാൻസർ. preinvasive breast carcinoma എന്നും നോൺ ഇൻഫിൽട്രേറ്റിംഗ് ഡക്റ്റ് കാൻസർ എന്നും ഇത് അറിയപ്പെടുന്നു. എംആർഐ മാമോഗ്രാം, അൾട്രാസൗണ്ട് സ്കാനിംഗ് തുടങ്ങിയ ആധുനിക മാർഗങ്ങളിലൂടെ ഇത്തരം കാൻസർ മുൻകൂട്ടി കണ്ടെത്താം. ഇതിനെ early detection” എന്നു പറയുന്നു. ഇതാണ് കാൻസർ ചികിത്സയിലെ ഏറ്റവും അഭികാമ്യമായ നടപടി.
(തുടരും)

ഡോ.തോമസ് വർഗീസ് MS FICS(Oncology)FACS സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ: 9447173088.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്