സ്തനാർബുദം – റിസ്ക് ഘടകങ്ങൾ
Monday, November 7, 2016 7:07 AM IST
സ്തനാർബുദ കാരണങ്ങൾ ഇതേവരെ പൂർണമായും വ്യക്‌തമല്ല. പക്ഷേ, സ്തനാർബുദ സാധ്യത കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ചില ഘടകങ്ങളെക്കുറിച്ചു ഗവേഷകർ സൂചന നല്കുന്നുണ്ട്. ഇവയാണ് റിസ്ക് ഘടകങ്ങൾ എന്നറിയപ്പെടുന്നത്. നാം ശ്രദ്ധിച്ചാൽ ചില റിസ്ക് ഘടകങ്ങളുടെ തീവ്രത കുറയ്ക്കാം (ഉദാ. വ്യായാമമക്കുറവ് മനസുവച്ചാൽ പരിഹരിക്കാം). എന്നാൽ പ്രായം പോലെയുളള ഘടകങ്ങളുടെ കാര്യം നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. റിസക് ഘടകങ്ങളുടെ പട്ടിക ഇന്നും അപൂർണം.

1. സ്ത്രീ ആയിരിക്കുക എന്നത്. പുരുഷനെ അപേക്ഷിച്ചു സ്ത്രീയുടെ സ്തനാർബുദസാധ്യത കൂടുതലാണ്.
2. പ്രായമാകുന്ന അവസഥ (പ്രായം കൂടുംതോറും സ്തനാർബുദസാധ്യതയും കൂടുന്നു. (സ്തനങ്ങളുമായി ബന്ധപ്പെട്ട തടിപ്പ്, മുഴ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുളള 16 ശതമാനം സ്ത്രീകളും 40നും 60 നും ഇടയിൽ പ്രായമുളളവരാണ്. ഇവയിൽ മിക്ക കേസുകളിലും ബ്രസ്റ്റ് ലിംബുകൾ സ്തനാർബുദസാധ്യത വർധിപ്പിക്കുന്നതായി ഗവേഷണങ്ങൾ.)
3. BRCA1, BRCA2 ജീനുകളിൽ പാരമ്പര്യമായി സംഭവിച്ച വ്യതിയാനം.
4. ലോബുലാർ കാർസിനോമ ഇൻ സിറ്റു (LCIS)
5. നേരത്തേ ഓവേറിയൻ കാൻസർ, സ്തനാർബുദം, ഡക്റ്റൽ കാർസിനോമ ഇൻ സിറ്റു ബാധിച്ചവർ
6. കുടുംബത്തിൽ സ്തനാർബുദം, ഓവേറിയൻ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുടെ
ചരിത്രമുളളവർ
7. മാമോഗ്രാം പരിശോധനയിൽ ഉയർന്ന ബ്രസ്റ്റ് ഡെൻസിറ്റിയുളളവർ

8. ബയോപ്സി പരിശോധനയിൽ അറ്റിപ്പിക്കൽ ഹൈപ്പർപ്ലാസിയ ഉളളവർ
9. വൈകിയുളള ആർത്തവവിരാമം. 55 വയസിനുശേഷം ആർത്തവവിരാമം സംഭവിച്ചവർ
10. കുട്ടികളില്ലാത്തവർ
11. 35 വയസിനുശേഷം ആദ്യകുഞ്ഞിനു ജന്മംനല്കിയവർ (30 വയസിനുശേഷം ആദ്യകുഞ്ഞിനു ജന്മംനല്കിയവർക്കു സാധ്യത നോർമൽ റിസ്കിന്റെ ഇരട്ടിയോളം)
12.ചെറുപ്പത്തിൽ റേഡിയേഷനു നിരന്തരം വിധേയമാകുന്ന അവസ്‌ഥ
13. ഉയർന്ന ബോൺ ഡെൻസിറ്റി
14. ആർത്തവവിരാമത്തിനുശേഷം
അമിതഭാരം
15. പോസ്റ്റ് മെനോപോസൽ ഹോർമോൺ ഉപയോഗം, ഈസ്ട്രജനും പ്രൊജെസ്റ്റിനുമടങ്ങിയ മെനോപോസൽ ഹോർമോൺ ഉപയോഗം
16. നേരത്തേയുളള ആർത്തവം. 12 വയസിനു മുമ്പുളള ആദ്യ ആർത്തവം
17. മദ്യപാനം, പുകവലി
18. ഗർഭനിരോധന ഗുളികയുടെ നിരന്തരമോ ഇടവിട്ടുളളതോ ആയ ഉപയോഗം
19. വ്യായാമക്കുറവ്
20. മുലയൂട്ടുന്നതിൽ ചില സ്ത്രീകൾക്കുള്ള വിമുഖത.

(തുടരും)

ഡോ.തോമസ് വർഗീസ് MS FICS(Oncology)FACS സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ് Renai Medicity, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി. ഫോൺ: 9447173088.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്