സിസ്റ്റുകൾ
Saturday, November 12, 2016 7:12 AM IST
ദ്രവരൂപത്തിലുളള വസ്തു നിറഞ്ഞ അറകളാണ് സിസ്റ്റുകൾ. സാധാരണ കണ്ടുവരുന്ന ബിനൈൻ ബ്രസ്റ്റ് കണ്ടീഷൻ. premenopausal ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിൽ ഇതു സാധാരണം. ആർത്തവവിരാമത്തിനുശേഷം സിസ്റ്റുകൾ വിരളമായേ കാണാറുളളൂ. സിസ്റ്റുകൾ സാധാരണയായി സ്തനാർബുദസാധ്യത വർധിപ്പിക്കാറില്ല.

മിക്ക സിസ്റ്റുകളും തീരെ ചെറുതായിരിക്കും. എന്നാൽ, ചിലതരം സിസ്റ്റുകൾക്കു വലുപ്പം കൂടുതലായിരിക്കും. അവ സ്തനത്തിൽ തടിപ്പുകൾപോലെ അനുഭവപ്പെടും. ചിലപ്പോൾ സ്തനത്തിൽ വേദനയും അനുഭവപ്പെടുന്നു. 30 വയസിൽ താഴെ പ്രായമുള്ള സ്ത്രീകളിലെ സിസ്റ്റുകൾ അൾട്രാസൗണ്ട് പരിശോധനയിൽ കണ്ടെത്താം. 30 വയസിനു മേൽ പ്രായമുള്ളതും ഗർഭിണിയാകാത്തതുമായ സ്ത്രീകളിലെ സിസ്റ്റുകൾ കണ്ടെത്തുന്നതിനു മാമോഗ്രാം, അൾട്രാസൗണ്ട് ഇവ രണ്ടുമോ ചിലപ്പോൾ ഇവയിൽ ഏതെങ്കിലും ഒന്നോ ആവശ്യമായിവരുന്നു. ഇത്തരം കേസുകളിൽ ബയോപ്സിയുടെ ആവശ്യമില്ല.

സിസ്്റ്റുകൾക്കു സാധാരണയായി ചികിത്സ ആവശ്യമില്ല. എന്നാൽ, സിസ്റ്റുകൾ വേദനയ്ക്കിടയാക്കുകയാണെങ്കിൽ അവയിൽ നിന്നുള്ള ദ്രവം കുത്തിയെടുത്ത് പരിശോധനകൾക്കു വിധേയമാക്കുന്നു. സിസ്റ്റുകൾ വേദന ഉളവാക്കുന്നില്ലെങ്കിൽ അവ സാധാരണയായി നീക്കം ചെയ്യാറില്ല.

സിസ്റ്റുകളുടെ വളർച്ചയ്ക്കും വികാസത്തിനും പിന്നിലുളള കാരണം കൃത്യമായി വ്യക്‌തമല്ല. കാപ്പിയിലൂടെയും മറ്റും ശരീരത്തിലെത്തുന്ന കഫീൻ സിസ്റ്റുകളുടെ അപകടസാധ്യത കൂട്ടുന്നതായി ചില ഗവേഷകർ പറയുന്നു. ജീവിതശൈലി, ആഹാരക്രമം എന്നിവയ്ക്ക് സിസ്റ്റുകളുടെ വളർച്ചയുമായി ബന്ധമുണ്ടെന്ന്ു കൃത്യമായി തെളിയിക്കാനായിട്ടില്ല.


ഹൈപ്പർപ്ലാസിയ

കോശങ്ങളുടെ അമിതവളർച്ചയാണ് (proliferation) ഹൈപ്പർപ്ലാസിയ. പാൽ ഉത്പാദിപ്പിക്കപ്പെടുന്ന ലോബ്യൂളുകളിലും പാൽ പുറത്തേക്കു വഹിക്കുന്ന നാളികളിലുമാണ് സാധാരണ ഹൈപ്പർപ്ലാസിയ കണ്ടുവരുന്നത്്. ഹൈപ്പർപ്ലാസിയ രണ്ടുവിധം സാധാരണം (usual), സാധാരണയിൽ നിന്നു വ്യത്യസ്തമായത് (atypical). ഇവ രണ്ടും സ്തനാർബുദസാധ്യത വർധിപ്പിക്കുന്നു. അറ്റിപ്പിക്കൽ ഹൈപ്പർപ്ലാസിയ ഉള്ള സ്ത്രീകൾക്ക് സ്തനാർബുദസാധ്യത കുറയ്ക്കുന്നതിനു മാർഗങ്ങൾ ഉണ്ട്.തുടരും

ഡോ.തോമസ് വർഗീസ് MS FICS(Oncology)FACS സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ് Renai Medicity, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി. ഫോൺ: 9447173088.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്