തലച്ചോറിനെയും നാഡികളെയും അപകടത്തിലാക്കുന്ന മദ്യം
Saturday, November 12, 2016 7:13 AM IST
പഴക്കം ചെന്നതും അമിതവുമായ മദ്യപാനംമൂലം തലച്ചോറിനു നിസാരമായ തകരാറുകൾ മുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരെ സംഭവിക്കാം. ചിലപ്പോൾ നാഡികൾക്കും തലച്ചോറിലെ കോശങ്ങൾക്കും അതു കടുത്ത നാശത്തിനിടയാക്കുന്നു. വിറ്റാമിൻ ബി1 അഥവാ തയമിന്റെ കുറവാണ് അതിനിടയാക്കുന്നത്. ആമാശയത്തിൽ നിന്നുളള തയമിൻആഗിരണം ആൽക്കഹോളിന്റെ സാന്നിധ്യത്തിൽ കുറയുന്നതാണ് ഇതിനു കാരണം. പോഷകാഹാരക്കുറവും തയമിന്റെ അഭാവത്തിനു കാരണമാകുന്നുണ്ട്. (മനുഷ്യശരീരം തയമിൻ ഉത്പാദിപ്പിക്കുന്നില്ല, നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് ശരീരം തയമിൻ ആഗിരണം ചെയ്യുന്നത്. നാഡികൾ, പേശികൾ, തലച്ചോറ് എന്നിവയുടെ പ്രവർത്തനത്തിന് തയമിൻ അവശ്യം.)

തയമിന്റെ കുറവ് വെർനിക്ക്സ് എൻസഫലോപ്പതി (Wernicke’s encephalopathy) എന്ന ഗുരുതരവും ജീവനുതന്നെ ഭീഷണിയായേക്കാവുന്നതുമായ ആരോഗ്യപ്രശ്നത്തിനു കാരണമാകുന്നു. കേന്ദ്ര നാഡിവ്യവസ്‌ഥയിലെയും പെരിഫറൽ നാഡിവ്യവസ്‌ഥയിലെയും നാഡികൾക്കു കേടുപാടു സംഭവിക്കുന്നു. കണ്ണിന്റെ അസാധാരണവും അസ്വാഭാവികവുമായ ചലനങ്ങൾ, പ്രയാസപ്പെട്ടുളള നടത്തം, മനോവിഭ്രാന്തി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

തയമിന്റെ കുറവ് ഓർമനഷ്‌ടത്തിനും ഇടയാക്കുന്നു. സൈക്കോസിസ്, ഡിമെൻഷ്യ, കോർസാക്കോഫ്സ് സിൻഡ്രോം (Korsakoff’s syndrome) എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഇത് അറിയപ്പെടുന്നു. പഴയ കാര്യങ്ങളെല്ലാം മറന്നുപോകുന്ന അവസ്‌ഥയാണിത്. തയമിന്റെ കുറവു പരിഹരിക്കാനുളള ചികിത്സ നല്കിയില്ലെങ്കിൽ മേൽ സൂചിപ്പിച്ച ആരോഗ്യപ്രശ്നങ്ങൾ മാരകമാകും.

അമിതമദ്യപാനം തലച്ചോറിലെ സെറിബല്ലത്തിനു കേടുവരുത്തുന്നു. ശരീരത്തിന്റെ ബാലൻസ്(സംതുലനം) നിലനിർത്തുന്നതും വിവിധ പേശികളുടെ പ്രവർത്തനങ്ങളുടെ ഏകോപനത്തിലൂടെ ശാരീരിക ചലനങ്ങൾ സാധ്യമാക്കുന്നതും സെറിബല്ലത്തിന്റെ ജോലിയാണ്. സെറിബല്ലം തകരാറിലാകുന്നതോടെ ശരീരത്തിന്റെ ബാലൻസ് തകരാറിലാകുന്നു. അടി തെറ്റുന്നു. നടക്കുമ്പോൾ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു.


അമിതമദ്യപാനം ശരീരത്തിലെ പെരിഫെറൽ നാഡികൾക്കും കേടുവരുത്തുന്നു. വേദന, ക്ഷീണം, തരിപ്പ്, സ്പർശനശേഷി നഷ്‌ടമാകൽ തുടങ്ങിയവയാണ് ഇതിന്റെ അനന്തരഫലങ്ങൾ. അത്യപൂർവമായി ഇത് തലച്ചോറിലെ ചില പ്രത്യേക ഭാഗങ്ങൾക്കു കേടുവരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിനു ചില ജോലികൾ വേണ്ടുംവിധം ചെയ്യാനാകാതെയാകുന്നു. നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചിലപ്പോൾ കടുത്ത ഫിറ്റ്സിനു(അപസ്മാരം) വരെ ഇതു കാരണമാകുന്നു. ഉറക്കത്തിനു തടസമുണ്ടാകുന്നു.

അമിതമദ്യപാനം പലപ്പോഴും മസ്തിഷ്കാഘാതം അഥവാ സ്ട്രോക്കിന് ഇടയാക്കുന്നു. ശരീരത്തിന്റെ ഒരുവശം പെട്ടെന്നു തളർന്നുപോകുന്ന അവസ്‌ഥ, സെൻസേഷൻ (ഇന്ദ്രിയബോധം)നഷ്‌ടമാകുന്ന അവസ്‌ഥ, സംസാരശേഷി നഷ്‌ടമാകൽ എന്നിവയെല്ലാം ഇതിന്റെ അനന്തരഫലങ്ങളാണ്. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്‌തസഞ്ചാരം തടസപ്പെടുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.

തലച്ചോറിൽ ഓക്സിജനും രക്‌തവും എത്താതെയാകുന്നതോടെ തലച്ചോറിലെ കോശങ്ങൾക്കു സ്‌ഥിരമായ നാശം സംഭവിക്കുന്നു. ഇത് ബ്രയിൻ അറ്റാക് എന്നും അറിയപ്പെടുന്നു.

അമിതമദ്യപാനം ഹെമറജിക് സ്ട്രോക്കിനു കാരണമാകുന്നു. തലച്ചോറിലെ രക്‌തക്കുഴലുകൾ ദുർബലമാകുന്നതിന്റെ ഫലമായി അവ പൊട്ടി രക്‌തസ്രാവം സംഭവിക്കുന്നു. അത്തരം സ്ട്രോക്കാണ് ഹെമറജിക് സ്ട്രോക്ക.്

ഇസ്ചെമിക് സ്ട്രോക്ക് എന്ന മറ്റൊരുതരം സ്ട്രോക്കു കൂടി ഉണ്ട്. തലച്ചോറിലേക്കു രക്‌തമെത്തിക്കുന്ന കുഴലുകളിൽ രക്‌തം കട്ടപിടിച്ചു ബ്ലോക്ക് (തടസം) ഉണ്ടാകുമ്പോഴാണ് അതു സംഭവിക്കുന്നത്. എല്ലാ പരിധിയും കടക്കുന്ന മദ്യപാനം ഇസ്ചെമിക് സ്ട്രോക്കിനുമുളള സാധ്യത വർധിപ്പിക്കുന്നു.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്