വായ്പുണ്ണ് കാരണങ്ങൾ പലത്, അവഗണിക്കരുത്
Thursday, November 24, 2016 4:59 AM IST
സ്ത്രീ–പുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്.

ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചില ജനവിഭാഗങ്ങളിൽ ഇതിൽ കൂടുതലായും ഈ അസുഖം ബാധിക്കുന്നുണ്ട്.

വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെന്റിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു. വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം.

വ്രണങ്ങളുണ്ടാകുമ്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുമ്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു.

കാരണങ്ങൾ

സാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇവ ഏതാണെന്നു നോക്കാം. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ശാരീരികവും മാനസികവുമായ സമ്മർദങ്ങൾ ഈ രോഗം കൂടെക്കൂടെ വരാനുള്ള കാരണമാണ്.

നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന എച്ച്ഐവി പോലുള്ള അണുബാധയുടെ ലക്ഷണമായും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ മുറിവുകളും ഇതിനു കാരണമാകാം. പശുവിൻപാലിനോടുള്ള അലർജി ചില കുട്ടികളിൽ വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്.


വെണ്ണ, ചിലതരം ധാന്യങ്ങൾ എന്നിവയുടെ അലർജി മൂലവും ഈ വ്രണങ്ങൾ ഉണ്ടാകാം. ടൂത്ത്പേസ്റ്റുകളിൽ അടങ്ങിയിട്ടുള്ള സോഡിയം ലോറൈൽ സൾഫേറ്റും വാനിലയിൽ അടങ്ങിയിട്ടുള്ള വാനിലിനും വായ്പുണ്ണിനു കാരണമാകാറുണ്ട്.

വായ്ക്കകത്തു കാണപ്പെടുന്ന ബാക്ടീരിയയായ സ്ട്രെപ്റ്റോകോക്കസ് സാംഗ്വിസ്, ഉദരത്തിൽ കാണപ്പെടുന്ന ബാക്ടീരിയയായ ഹെലിക്കോബാക്ടർ പൈലോറി എന്നീ രോഗാണുക്കൾക്കെതിരേയുള്ള ശരീരത്തിന്റെ അമതമായ പ്രതിപ്രവർത്തനം മൂലവും വ്രണങ്ങളുണ്ടാകാം.

നമ്മുടെ ശരീരത്തിൽ ന്യൂട്രോഫിലുകളുടെ കുറവിനു കാരണമാകുന്ന മരുന്നുകളായ വേദനസംഹാരികൾ, കാർബമസെപീൻ, ഫിനോതയാസിൻ, ആന്റിബയോട്ടിക്കുകൾ എന്നിവയുടെ ഉപയോഗവും ആഫ്തൻ സ്റ്റൊമറ്റൈറ്റിസ് ഉണ്ടാക്കാം.

വായ്ക്കകത്തെ രോഗപ്രതിരോധ ശേഷിക്ക് കാരണമാകുന്ന ന്യൂട്രോഫിലുകളുടെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങളും അന്നപഥത്തിൽനിന്ന് ഭക്ഷണം ആഗിരണം ചെയ്യുന്നതിലുള്ള തടസങ്ങളും (സീലിയാക് രോഗം) ഈ വ്രണങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു. (തുടരും)

ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ
ഫോൺ: 04972 727828