ഹോംവർക്കും രക്ഷാകർത്താക്കളും (ഭാഗം–2)
Tuesday, November 29, 2016 6:07 AM IST
കൂടെ നില്ക്കാം, ആത്മവിശ്വാസം വളർത്താം

കുട്ടികളെ വാക്കുകൾ പരിചയപ്പെടുത്തുമ്പോൾ വേണ്ടതു സമഗ്രമായ സമീപനം. അമ്മ എ ഫോർ ആപ്പിൾ എന്ന് നഴ്സറി ക്ലാസിലെ കുട്ടിയെ പഠിക്കുന്നു. a p p l e എന്നു സ്പെല്ലിംഗ് പറഞ്ഞു കൊടുത്താൽ കുട്ടി അതുമാത്രം പഠിക്കും. അങ്ങനെ പഠിക്കുന്നതിൽ ഒരർഥവുമില്ല. apple എന്നു പഠിച്ചിട്ടു കുട്ടിക്കു പ്രത്യേകമായി ഒന്നും നേടാനുമില്ല. പകരം ഒരാപ്പിൾ എടുത്തു കാണിച്ചു പറഞ്ഞാൽ അത് ആപ്പിളാണെന്നു കുട്ടിക്ക് അപ്പോൾത്തന്നെ പിടികിട്ടും. അതിന്റെ സ്പെല്ലിംഗ് ആപ്പിളിനോടു ചേർത്തു കാണിക്കുമ്പോൾ അതു രണ്ടും തമ്മിൽ കുട്ടി ബന്ധിപ്പിക്കും. തമ്മിലുള്ള ബന്ധം മനസിലാകും. അതോടൊപ്പം ധാരാളം കാര്യങ്ങൾ ചേർത്തു പറയാം.

ഈ ആപ്പിളിന്റെ നിറമെന്താണ്. അതു ചെമപ്പാണ് എന്നു കുട്ടി പറയുമ്പോൾ ഒരു നിറം പഠിക്കും. ഇതിനു ഗോളാകൃതിയാണ് എന്നു പറയുമ്പോൾ ഗോളം എന്ന ഷേപ്പ് കുട്ടി പഠിക്കും. ഇതൊരു ഫലമാണ് എന്നു പറയുമ്പോൾ ഫ്രൂട്ട്, വെജിറ്റബിൾ തുടങ്ങിയ ആശയങ്ങളിലേക്കു കുട്ടി എത്തും. നമ്മുടെ കൈയിൽ ഇപ്പോൾ ഒരാപ്പിൾ മാത്രമേയുള്ളു. എനിക്കും കഴിക്കണം, നിനക്കും കഴിക്കണം. അപ്പോൾ എന്തുചെയ്യും? അപ്പോൾ കുട്ടിതന്നെ പറയും ഇതു മുറിക്കണമെന്ന്. ഇതു രണ്ടു തുല്യ ഭാഗങ്ങളായി മുറിച്ചാൽ പകുതിയെന്നു പറയാം. രണ്ടു പേർ കൂടി വന്നാൽ ഓരോന്നും വീണ്ടും മുറിക്കും. പങ്കുവച്ച് എല്ലാവർക്കും കൊടുക്കും.



ഷെയറിംഗ്(പങ്കുവയ്ക്കൽ) എന്ന മൂല്യം അതിലൂടെ പഠിക്കും. ആപ്പിൾ ഒരു ഫലമാണെന്നും അതിൽ ധാരാളം വിറ്റാമിനുകൾ ഉള്ളതിനാൽ അതു കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നും പറയാം. ഇതാണ് പഠനത്തിലെ ഹോളിസ്റ്റിക് അപ്രോച്ച്. സമഗ്രമായ സമീപനം. ലാംഗ്വേജ് ഡിഫിക്കൽറ്റിയുള്ള ഒരു കുട്ടിയാണെങ്കിൽ സ്പെല്ലിംഗ് പഠിക്കില്ലായിരിക്കാം. പക്ഷേ, ഇത്രയും കാര്യങ്ങൾ ആ കുട്ടി മനസിലാക്കും. അതു കഴിഞ്ഞ് ആപ്പിൾ മുറിച്ചു കൊടുത്താൽ അത്രയും ഭക്ഷണവും കുട്ടിയുടെ ഉള്ളിലെത്തും. കുട്ടി ഹാപ്പിയാവും. ഇത്തരത്തിലാവണം വീട്ടിലെ വിദ്യാഭ്യാസം. പഠിക്കുന്ന കാര്യങ്ങൾക്കു ജീവിതവുമായി എന്താണു ബന്ധം എന്നതു പരമാവധി കുട്ടികളിലെത്തിക്കണം. അതാണ് അമ്മയുടെ ധർമം. അതാണു ലൈഫ് സ്കിൽ വിദ്യാഭ്യാസം.

ദേഹോപദ്രവം പാടില്ല

ഹോംവർക്ക് ചെയ്യാനുള്ള നിർദേശങ്ങൾ നല്കിയിട്ടും കുട്ടി അനുസരിച്ചില്ലെങ്കിൽ ബഹുഭൂരിപക്ഷം രക്ഷിതാക്കളും ആദ്യം ചെയ്യാറുള്ളതു ശാരീരികമായി ഉപദ്രവിക്കുക– അടിക്കുക– എന്നതാണ്. ഓർക്കുക, ശാരീരിക മർദനം എന്നതു പഠിക്കാതിരിക്കുന്നതിനു പോംവഴിയല്ല. അതുകൊണ്ടു പ്രത്യേകിച്ചു മെച്ചമൊന്നും ഉണ്ടാവില്ല. പഠിക്കുന്നില്ലെങ്കിൽ കുട്ടി യഥേഷ്‌ടം അനുഭവിച്ചുവന്ന ചില സൗകര്യങ്ങൾ തടസപ്പെടുത്താം. പഠിച്ചില്ലെങ്കിൽ അന്നേദിവസം ടിവി വച്ചു കൊടുക്കാതിരിക്കാം. ഇഷ്‌ടഭക്ഷണം പഠിച്ചു കഴിഞ്ഞേ തരൂ എന്നു പറയാം. ഇതു കൂടി പഠിച്ചാൽ അര മണിക്കൂർ കൂടി ഇന്നു ടിവി കാണിക്കാം എന്നൊക്കെ പറയാം. ഇതു പഠിച്ചാൽ ഐസ്്ക്രീം വാങ്ങിത്തരാം എന്നിങ്ങനെ ഓഫറുകൾ നല്കുന്നതിൽ തെറ്റില്ല. ചില കാര്യങ്ങൾ സ്വയം തോന്നി ചെയ്യാതിരിക്കുമ്പോൾ ബാഹ്യപ്രേരണകൾ കണ്ടു ചെയ്താലും നല്ലതു തന്നെ. വല്ലപ്പോഴും അത്തരത്തിലുള്ള വാഗ്ദാനങ്ങൾ കൊടുക്കുകയും അതു നല്ല കാര്യങ്ങൾക്കു പ്രേരണയാവുകയും ചെയ്യുന്നതിൽ തെറ്റില്ല.

പഠനത്തിൽ താരതമ്യം വേണ്ട

പഠിക്കുന്ന കാര്യത്തിൽ മറ്റൊരാളിന്റെ കാര്യം പറഞ്ഞിട്ട് അവനെ കണ്ടു പഠിക്ക് എന്ന തരത്തിലുള്ള താരതമ്യം ഒഴിവാക്കണം. കുട്ടികളുടെ ആത്മവിശ്വാസം നഷ്‌ടപ്പെടാനും അപകർഷബോധം വളരാനും അതിടയാക്കും. അതേസമയം നല്ല പെരുമാറ്റമുള്ളവരെക്കുറിച്ച് എത്ര നല്ല പെരുമാറ്റമാണ്, സ്വഭാവമാണ്, അതുപോലെ പെരുമാറാൻ പഠിക്കണം.. എന്നൊക്കെ പറയുന്നതിൽ തെറ്റില്ല. പഠനപരമായ കഴിവുകളുടെ അടിസ്‌ഥാനത്തിലുള്ള താരതമ്യം ഉചിതമല്ല.



സ്കൂളിൽ വേണ്ട അന്തിമ വിലയിരുത്തൽ

10–ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ നിലവാരമല്ല വാസ്തവത്തിൽ ഒരാളിന്റെ യോഗ്യതകൾ നിർണയിക്കുന്നത്. അതുവരെ പഠനകാര്യങ്ങളിൽ മികവു കാട്ടാത്ത എത്രയോപേർ പിന്നീടു പഠിച്ചു ജീവിതവിജയം നേടുന്നു. അതുവരെ ഉയർന്ന മാർക്ക് കിട്ടിയവർ പിന്നീടു പഠിക്കാതെ പോകുന്നു. അതുകൊണ്ട് സ്കൂൾ ക്ലാസുകളിലെ പഠിത്തത്തിന്റെ അടിസ്‌ഥാനത്തിൽ ഒരു കുട്ടിയെക്കുറിച്ച് അന്തിമ വിലയിരുത്തൽ നടത്തരുത്. ഏതു സമയത്തു വേണമെങ്കിലും കുട്ടിക്കു താത്പര്യങ്ങളുണ്ടാവാം, താത്പര്യങ്ങൾ നഷ്‌ടപ്പെടാം. കൂടെനിന്നു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതു മാത്രമാണു രക്ഷിതാക്കളുടെ ധർമം.

ആത്മവിശ്വാസം നിലനിർത്താം

മാർക്കു കിട്ടായാലുടൻ വലിയ മിടുക്കനാണെന്നും മാർക്ക് കുറഞ്ഞാൽ വിഡ്ഢിയാണെന്നുമുള്ള വിലയിരുത്തലുകൾ ഒരിക്കലും ശരിയല്ല. ഏതു സംമയത്തും കുട്ടിയുടെ ആത്മവിശ്വാസം നഷ്‌ടമാകാതെ സൂക്ഷിക്കുക എന്നതാണു രക്ഷിതാക്കൾക്കു ചെയ്യാനുള്ളത്. നല്ല മാർക്കു കിട്ടായാൽ അത് ആത്മവിശ്വാസം കൂട്ടും. പക്ഷേ മാർക്കു കുറയുന്ന ഒരാൾക്ക് അതിന്റെ പേരിൽ ആത്മവിശ്വാസം ഇല്ലാതാക്കരുത്. ഏറ്റവും പ്രധാന ഘടകം ആത്മവിശ്വാസമാണ്. അതുണ്ടെങ്കിൽ ജീവിതത്തിന്റെ ഏതു സമയത്തും നമുക്കു രക്ഷപ്പെടാം. സാരമില്ല, അടുത്ത തവണ പഠിച്ചു നമുക്കു നേടാം, നിനക്കതിനു കഴിവുണ്ട്. അതുപയോഗിക്കണം... എന്നിങ്ങനെയാവണം മാർക്കു കുറയുമ്പോൾ രക്ഷിതാവ് കുട്ടിക്ക് ആത്മവിശ്വാസം കൊടുക്കേണ്ടത്.


കൂടെയുണ്ടെന്ന ധൈര്യം

കൂടെയിരുത്തി പഠിപ്പിക്കുന്നതും ഹോം വർക്ക് ചെയ്യിപ്പിക്കുന്നതുമൊക്കെ വാസ്തവത്തിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനുവേണ്ടിയാണ്.ഹോം വർക്ക് ചെയ്യാനാകാത്തതു മൂലം കുട്ടിക്കുണ്ടാകുന്ന ടെൻഷൻ ഒഴിവാക്കി ആത്മവിസ്വാസത്തോടെ മുന്നോട്ടു പോകുന്നതിനുള്ള സഹായമാണ് രക്ഷാകർത്താക്കൾ ചെയ്യുന്നത്. കുട്ടിക്ക് മനോധൈര്യം പകരുന്നതിനും വൈകാരികമായ പിന്തുണ നല്കുന്നതിനുമാണ് കൂടെയിരിക്കുന്നത്. നമ്മുടെ സപ്പോർട്ട് കൂടെയുണ്ടെന്ന തോന്നൽ കുട്ടിക്കു കൊടുക്കാൻ വേണ്ടിയാണ് കൂടെയിരിക്കുന്നത്. പല കുഴപ്പങ്ങൾ ഉണ്ടെങ്കിൽ പോലും ഞങ്ങൾ കൂടെയുണ്ട്, വേണ്ട സഹായങ്ങൾ ചെയ്തുതന്നോളാം. മുമ്പോട്ടു പോകണം എന്ന ഒരു പ്രേരണ മാതാപിതാക്കൾ കൊടുക്കണം.



കഴിവുകൾ തിരിച്ചറിയാം, പ്രോത്സാഹിപ്പിക്കാം

കുട്ടിക്ക് അല്പം മാർക്ക് കുറഞ്ഞാൽ മതി അമ്മമാർക്കൊക്കെ വലിയ ടെൻഷനാണ്. എനിക്കോർക്കാൻ കൂടി വയ്യേ, നിന്റെ ഭാവി എന്തായിത്തീരും എന്നിങ്ങനെ കുട്ടിയുടെ അടുത്തു സദാ പറഞ്ഞുകൊണ്ടിരുന്നാൽ അതു തന്നെ അതിന്റെ ഭാവി അപകടത്തിലാക്കും. എഴാം ക്ലാസു മുതൽ എൻട്രൻസ്, സിവിൽ സർവീസസ് എന്നിവയുടൊക്കെ ഫൗണ്ടേഷൻ കോഴ്സ... പല സ്വകാര്യ സ്‌ഥാപനങ്ങളും നടത്തുന്നുണ്ട്. കുറച്ചു കുട്ടികൾ അവിടെ പോകും. പോകാതിരിക്കുന്ന കുട്ടികളുടെ അമ്മമാർ അതുകണ്ടു വെപ്രാളം പിടിക്കും. അതിന്റെയൊന്നും ആവശ്യമില്ല. ഒരേസമയം പലകാര്യങ്ങൾ ചെയ്യാൻ ബൗദ്ധികശേഷിയുള്ള കുട്ടികൾക്ക് അതു പറ്റുമായിരിക്കാം. താനേ അതു തോന്നണം. അവൻ/ അവൾ എൻജിനീയർ ആകുന്നതിനുപകരം സിനിമാ നടനോ പത്രപ്രവർത്തകനോ വക്കീലോ രാഷ്ര്‌ടീയ നേതാവോ ഒക്കെ ആയെന്നിരിക്കും. ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകളാണ് ഉള്ളതെന്നു തിരിച്ചറിയണം.

ഗാർഡ്നറുടെ മൾട്ടിപ്പിൾ ഇന്റലിജൻസ് തിയറി പ്രകാരം ബുദ്ധി എന്നതു പല ഘടകങ്ങൾ ചേർന്നതാണ്. ചില കുട്ടികൾക്കു ഭാഷയിൽ നല്ല പ്രാവീണ്യം കാണും എന്നാൽ കണക്കു പോലെ ചില വിഷയങ്ങളിൽ ബുദ്ധിമുട്ടു കാണും. ചില കുട്ടികളാവട്ടെ കണക്കിൽ മിടുക്കരായിരിക്കും, പക്ഷേ ഒന്നു രണ്ടു പാരഗ്രാഫ് എഴുതാൻ മടിയായിരിക്കും. എഴുതാനുള്ള ഭാഷ കാണില്ല. ചിലർക്ക് ഇതു രണ്ടിലും താത്പര്യം കാണില്ല. നൃത്തത്തിലും സ്പോർട്സിലുമായിരിക്കും താത്പര്യം. ചിലർക്കു പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്ന് കൃഷി, പരിസ്‌ഥിതിപ്രവർത്തനം, മണ്ണ്, വെള്ളം.. അതിനൊടൊക്കെയാവും താത്പര്യം. അവരുടെ ബൗദ്ധികശേഷിയാണ് അതു കാണിക്കുന്നത്. ഓരോ കുട്ടിയുടെയും ബൗദ്ധികശേഷികളിലുള്ള വ്യത്യസ്തതകൾ മനസിലാക്കി അവരെ ആ വഴിക്കു നയിക്കുമ്പോഴാണ് അവർക്ക് താത്പര്യത്തോടുകൂടി ആ രംഗത്തു വിജയിക്കാനാകുന്നത്.



അഭിരുചികൾ അടുത്തറിയാം

ഒരാൾ മഹദ് വ്യക്‌തിയാകുന്നത് അയാൾ എല്ലാ കാര്യങ്ങളിലും നൈപുണ്യമുള്ളതുകൊണ്ടല്ല. ഒരു പ്രത്യേക ഫീൽഡിൽ നിപുണത കാട്ടുന്ന വ്യക്‌തിയാണ് മഹാൻ. എവിടെയാണു കഴിവുള്ളത് ആ വഴിക്കാണ് കുട്ടിയെ നയിക്കേണ്ടത്. ഓരോരുത്തർക്ക് ഓരോതരത്തിലുള്ള പ്രത്യേക സിദ്ധികളാണ്. അതു നാം മനസിലാക്കി അതിനുവേണ്ട നിർദേശങ്ങളും സഹായങ്ങളും കൊടുക്കുകയാണ് അമ്മയുടെയും മറ്റും ജോലി. നമ്മുടെ കുഞ്ഞുങ്ങളെ കൂടുതലറിയാവുന്നതു നമുക്കല്ലേ. എവിടെയാണു കുഴപ്പം, എവിടെയാണു മേന്മ എന്നു തിരിച്ചറിഞ്ഞ് ആ രംഗത്തു പ്രോത്സഹനം കൊടുക്കണം. നാലഞ്ചു ക്ലാസുവരെ എല്ലാ വിഷയങ്ങളും അടുത്തിരുത്തി പഠിപ്പിക്കുന്ന ഒരമ്മയ്ക്കു തിരിച്ചറിയാനാവും ഏതു വിഷയത്തിലാണു് കുട്ടിക്ക് അഭിരുചിയുള്ളതെന്ന്. അതു മനസിലാക്കി അതിനു കൂടുതൽ പ്രോത്സാഹനം കൊടുക്കാം. 10 ാം ക്ലാസ് കഴിയുമ്പോഴേക്കും ആ രീതിയിലേക്ക് അവനെ നയിക്കാം. ഹോംവർക്ക് ചെയ്യിപ്പിക്കുമ്പോൾ അത്തരത്തിലുള്ള ശ്രദ്ധ മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം.

വിവരങ്ങൾ:


ഡോ. റോസമ്മ ഫിലിപ്പ്
കരിക്കുലം എക്സ്പർട്ട്. അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം

തയാറാക്കിയത് ടി.ജി.ബൈജുനാഥ്