മൈദവിഭവങ്ങൾ ഒഴിവാക്കാം
Saturday, December 3, 2016 4:35 AM IST
പ്രമേഹരോഗിയുടെ ഭക്ഷണക്രമം എന്നു കേൾക്കുമ്പോൾത്തന്നെ മിക്കവർക്കും ആശങ്കയേറും. എന്തു കഴിക്കാം, എന്തു കഴിക്കാൻ പാടില്ല... എന്നതിൽ സംശയം തുടങ്ങും. പ്രഭാതഭക്ഷണത്തിൽ മൈദ പോലെ സംസ്കരിച്ച ധാന്യപ്പൊടി കൊണ്ടു തയാറാക്കിയ വിഭവങ്ങൾ ഒഴിവാക്കണം. റവ, മൈദ എന്നിവ കുറയ്ക്കുക. ദോശ, ഇഡ്ഡലി എന്നിവയ്ക്കൊപ്പം സാമ്പാർ ഉപയോഗിക്കുക. തേങ്ങാച്ചമ്മന്തി ഒഴിവാക്കുക. പുട്ടിനൊപ്പം പയറോ കടലയോ കഴിക്കാം.

ചോറ് ഒന്നര കപ്പിൽ കൂടരുത്

മലയാളിക്കു സാധാരണയായി ഉച്ചഭക്ഷണം ചോറാണ്. ഒരു പ്ലേറ്റിന്റെ പകുതിയും ചോറാണ് എടുക്കുന്നത്. അതിനു പകരം പ്ലേറ്റിന്റെ പകുതി സ്‌ഥലത്ത് രണ്ടു തരം പച്ചക്കറി കൊണ്ടുളള കറിയും തൈരു ചേർക്കാത്ത പച്ചക്കറി സാലഡും. കാൽ ഭാഗം ചോറ്. ബാക്കി കാൽ ഭാഗം മീൻകറിയോ വെജിറ്റേറിയൻ ആണെങ്കിൽ പരിപ്പു കറിയോ വിളമ്പാം. ചോറ് മാക്സിമം ഒന്നര കപ്പ്(200 എംഎൽ കപ്പ്) വരെ എടുക്കാം.

ലഘുഭക്ഷണമായി എന്തു കഴിക്കാം

കുതിർത്ത കടല വേവിച്ച് തേങ്ങ ചേർത്ത് കടുക് വറുത്ത് തയാറാക്കുന്ന വിഭവം കഴിക്കാം. പയറു മുളപ്പിച്ചതു കടുക് വറുത്തു കഴിക്കാം. അവലു കൊണ്ടു തയാറാക്കിയ ഉപ്പുമാവ് കഴിക്കാം. ഗോതമ്പ് കൊണ്ടു തയാറാക്കിയ ബ്രഡും മല്ലി ചട്ണിയും കഴിക്കാം.

രാത്രിഭക്ഷണം ചപ്പാത്തി

രാത്രിഭക്ഷണത്തിന് ചപ്പാത്തി തന്നെയാണ് ഉത്തമം. പക്ഷേ, ഓരോ ദിവസവും ഓരോ കറി മാറി കഴിക്കണം. വെളളം കൂടുതലുളള പച്ചക്കറികൾ ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങൾ കൂടുതലായി ഉപയോഗിക്കണം.


എണ്ണയും തേങ്ങയും കുറച്ചുമാത്രം

കഴിക്കുന്ന ആഹാരത്തിന്റെ തോതും കുത്തിവയ്ക്കുന്ന ഇൻസുലിന്റെ ഡോസും പൊരുത്തമുളളതാവണം. ചില ആഹാരം എത്ര വേണമെങ്കിലും വയറു നിറയുംവരെ കഴിക്കാം. ചുരയ്ക്ക, കുമ്പളങ്ങ, വെളളരിക്ക, തക്കാളി, ഉളളി, പീച്ചിങ്ങ തുടങ്ങിയവ ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങൾ വയറു നിറച്ചു കഴിക്കാം. പക്ഷേ, എണ്ണയും തേങ്ങയും അളവു കുറച്ചു മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

നാരുകൾ കൂടുതലുള്ള ഭക്ഷണം

നാരുകൾ കൂടുതലുളള ഭക്ഷണം പഞ്ചസാരയുടെ തോതു നിയന്ത്രിക്കാൻ സഹായകം. തവിടു നീക്കം ചെയ്യാത്ത ധാന്യങ്ങൾ, ഉലുവ, പാവയ്ക്ക, വീട്ടിൽ വളർത്തുന്ന വാഴയുടെ പിണ്ടി, കൂമ്പ് എന്നിവ ഉപയോഗിക്കാം.

അധികം പഴുക്കാത്ത ഫലങ്ങൾ കഴിക്കാം

അധികം പഴുക്കാത്ത ഫലങ്ങൾ കഴിക്കാം. ചക്കപ്പഴം, മാമ്പഴം, സപ്പോട്ട എന്നിവയിൽ കലോറി അധികമാണ്. പഴം ഏതു തന്നെയായാലും അധികം പഴുക്കാത്തത് ആണെങ്കിൽ കഴിക്കാം. അധികം പഴുക്കാത്ത പപ്പായ, പേരയ്ക്ക, സബർജല്ലി, കട്ടിയുളള ആപ്പിൾ എന്നിവ ഉത്തമം. ഓറഞ്ചും ആപ്പിളും ഇടത്തരം വലുപ്പമുളളതും അധികം പഴുക്കാത്തതും ആയത് ഒരെണ്ണം കഴിക്കാം.

ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്* ഡയറ്റ് കൺസൾട്ടന്റ്

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്