ആസ്ത്മയും പാരമ്പര്യവും
Tuesday, December 6, 2016 4:56 AM IST
ശ്വാസകോശനാളിയുടെ വ്യാസം കുറഞ്ഞ് പേശികൾ മുറുകി, അണുബാധയും കഫക്കെട്ടും വരുന്ന അവസ്‌ഥയാണ് ആസ്ത്മ. ഇതുകാരണം ശ്വാസകോശനാളികളിലൂടെ വായൂസഞ്ചാരം തടസപ്പെടുന്നു. കൂടാതെ നീർക്കെട്ടുണ്ടായ ശ്വാസകോശനാളികളിൽനിന്നു ധാരാളം കഫം ഉൽപ്പാദിപ്പിക്കപ്പെടുന്നു. പുറത്തുനിന്നുള്ള അലർജനുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ശരീരത്തിലെ പ്രതികരണ സ്വഭാവം വർധിക്കുകയും ആസ്ത്മ പെട്ടെന്ന് വർധിക്കുന്നതിനും കാരണമാവുന്നു. ഉദാഹരത്തിന്, ശ്വാസംമുട്ടൽ ഉള്ള രോഗികൾ പെട്ടെന്ന് തണുത്ത വെള്ളമോ മറ്റ് പദാർഥങ്ങളോ കഴിച്ചാൽ ഈ പ്രതിപ്രവർത്തനം പെട്ടെന്ന് വർധിക്കുകയും ശ്വാസകോശം വീണ്ടും ചുരുങ്ങുകയും ചെയ്യും. ഇത് ആസ്ത്മയ്ക്ക് കാരണമാവുന്നു.

സാധാരണ ലക്ഷണങ്ങൾ

– തുടരെത്തുടരെയുള്ള അലർജികൾ, തുമ്മൽ, കഫക്കെട്ട്, തൊണ്ടചൊറിച്ചിൽ, തൊണ്ടവേദന, ശ്വാസതടസം
– അലർജി കൂടുതൽ ഉള്ള രോഗികൾ തുമ്മലോ ജലദോഷമോ വന്ന് 24 മുതൽ 48 മണിക്കൂറിനുള്ളിൽ ശ്വാസതടസത്തിലേക്ക് പോകുന്നതായി കാണാം.
– ഇടയ്ക്കിടയ്ക്ക് നീണ്ടുനിൽക്കുന്ന ചുമ, കഫക്കെട്ട്, മൂക്കടപ്പ്, തലവേദന എന്നിവയൊക്കെ ആസ്ത്മയിലേക്ക് നയിക്കാം
– ചെറിയ കുട്ടികളിലെ നെഞ്ചിലെ കുറുകൽ, പേപ്പർ ഉരയ്ക്കുന്നപോലുള്ള ശബ്ദം എന്നിവയൊക്കെ ശ്രദ്ധിക്കണം.

ചില രോഗികൾ ശ്വാസതടസം പറയാറില്ല. അവർക്ക് നെഞ്ചിൽ ഒരു കനംവച്ച പോലെ അനുഭവപ്പെടാറുണ്ട്. ഇത് പലപ്പോഴും ആസ്തമയുടെ തുടക്കം ആവാം. മറ്റ് ഹൃദയസംബന്ധമായതോ വയറിലെ ഗ്യാസ് പ്രശ്നങ്ങളോ അല്ല എന്നും ഉറപ്പ് വരുത്തണം. ഈ ഘട്ടങ്ങളിൽ അതിനായി ഒരു വിദഗ്ധനായ ഡോക്ടറുടെ സഹായം തേടാം. ഓർക്കുക, അലർജിക്കും ആസ്ത്മയ്ക്കും ഒരു പാരമ്പര്യ സ്വഭാവം ഉണ്ട്. നിങ്ങളുടെ വീട്ടിൽ രക്‌തബന്ധമുള്ള ആർക്കെങ്കിലും അലർജിയോ ചൊറിച്ചിലോ ത്വക്ക് രോഗങ്ങളോ ഉണ്ടെങ്കിൽ തന്നെ അലർജിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. അത് മുഖത്തും മടക്കുകളിലും കാണുന്ന കരപ്പനിൽ തുടങ്ങാം. ചില കുട്ടികൾ ജനിച്ച് കുറച്ച് ദിവസങ്ങൾകൊണ്ട് തുമ്മൽ, ശ്വാസംമുട്ടൽ അനുഭവപ്പെടാറുണ്ട്. കുട്ടികളിലെ അലർജിമൂലം കാണുന്ന ഒരു പ്രധാന അസുഖമാണ് അഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കം. കൂടാതെ ടോൻസിലൈറ്റിസ്, കൃത്യമായി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന മരുന്നുകൾ കഴിച്ചാൽ ഇത്തരം രോഗികളെ പൂർണമായും രോഗവിമുക്‌തനാക്കാൻ കഴിയും.


കുട്ടികൾക്ക് ശ്വാസതടസം വരുമ്പോൾ അവർക്ക് താഴെപ്പറയുന്ന മറ്റ് അസുഖങ്ങൾ അല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
1. ജന്മനാലുള്ള ഹൃദ്രോഗങ്ങൾ മുതലായവ
2. അണുബാധ
3. ബാല ടി.ബി

രോഗിയുടെ മനസിലും ശരീരത്തിനും ആശ്വാസം നൽകി, ആന്തരികമായ രോഗപ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന ഇമ്യൂനോതെറാപ്പികൾ ഇന്ന് ഹോമിയോപ്പതിയിൽ ലഭ്യമാണ്. കൃത്യമായ മരുന്നുകൾ കഴിക്കുക, പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക.

ഡോ. സജിൻ എംഡി
ഹോമിയോപ്പതി സ്കിൻ * അലർജി വിഭാഗം ചെയർമാൻ *
മാനേജിംഗ് ഡയറക്ടർ, വി. കെയർ മൾട്ടി സ്പെഷാലിറ്റി ഹോമിയോപ്പതി
കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്.
9048624204.