കുട്ടികൾക്കു കണ്ണട വാങ്ങുമ്പോൾ
Tuesday, December 6, 2016 4:58 AM IST
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണുകൾ. ശരീരത്തിൽ കണ്ണിന്റെ ഉളളിലുളള രക്‌തധമനികളും നാഡികളും മാത്രമാണ് ഒരു ഡോക്ടർക്കു നേരിട്ടു കാണാനാകുന്നത്. പുറമേനിന്നു നോക്കിയാൽ ശരീരത്തിന്റെ മറ്റൊരുഭാഗത്തും ഇവ കാണാനാവില്ല. അതിനാൽ കണ്ണു പരിശോധിച്ചാൽ രക്‌തസമ്മർദം, പ്രമേഹം, തലച്ചോറിലെ മുഴകൾ, വൃക്കസംബന്ധമായ രോഗങ്ങൾ, ചിലതരം രക്‌താർബുദങ്ങൾ എന്നിവ നിർണയിക്കാനാവും. അതിനാലാണ് ശരീരത്തിന്റെയും തലച്ചോറിന്റെയും കിളിവാതിലാണ് കണ്ണുകൾ എന്നു പറയുന്നത്.

ഇന്നുളള അതിനൂതനമായ കാമറയ്ക്കുപോലും കണ്ണിന്റെ കാര്യക്ഷമതഉണ്ടാവില്ല. ഇപ്രകാരം ശരീരത്തിലെ പ്രധാനപ്പെട്ട അവയവമായ കണ്ണുകളുടെ സംരക്ഷണത്തിലും നാം അതീവ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തണം. ശരീരത്തിലെ മറ്റവയവങ്ങൾക്കു നല്കുന്ന ശ്രദ്ധയും പരിചരണവും കണ്ണുകൾക്കും നല്കണം. കണ്ണുകളുടെ സുതാര്യമായ മുൻഭാഗത്തിനു(കോർണിയ) മുറിവുപറ്റി സുതാര്യത നഷ്‌ടമായാൽ അതു കാഴ്ചയെ ബാധിക്കും.

ദ്രവം നിറഞ്ഞ ഒരു ചെറിയ ഗോളമാണ് കണ്ണ്. ശക്‌തമായ സമ്മർദമുണ്ടായാൽ നേത്രഗോളം പൊട്ടാൻ സാധ്യതയുണ്ട്. സാധാരണയായി കണ്ണിനുനേർക്ക് ഏതെങ്കിലും ഒരു വസ്തു പാഞ്ഞുവന്നാൽ നമ്മൾ പെട്ടെന്നു കണ്ണുകളടയ്ക്കും. ഇമകൾ ഒരു പരിധിവരെ കണ്ണുകൾക്കു സംരക്ഷണം നല്കുന്നുണ്ട്. എങ്കിലും പലപ്പോഴും അപകടങ്ങളിൽ കണ്ണുകൾക്കു പരിക്കേൽക്കാറുണ്ട്.

കണ്ണുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശുദ്ധജലത്തിൽ സോപ്പുപയോഗിച്ചു മുഖം കഴുകി വൃത്തിയായി സൂക്ഷിക്കണം. കണ്ണിനെ ബാധിക്കുന്ന ചെറിയ പ്രശ്നങ്ങളും വിഷമതകളും അവഗണിക്കരുത്. കാഴ്ചക്കുറവ്, ചൊറിച്ചിൽ, ചുവപ്പ്, പീളകെട്ടൽ എന്നിവയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു നേത്രരോഗവിദഗ്ധനെ കാണിച്ച് ഉപദേശം തേടണം

കണ്ണുകളിൽ പൊടി, അശുദ്ധജലം, ലായനികൾ എന്നിവ വീഴാതെ സൂക്ഷിക്കണം. നഗ്നനേത്രങ്ങൾ കൊണ്ടു വെൽഡിംഗ്, സൂര്യഗ്രഹണം എന്നിവ കാണരുത്.

കോങ്കണ്ണ്

കുട്ടികൾക്കു കോങ്കണ്ണ് ഉണ്ടെന്നു സംശയമുണ്ടെങ്കിൽ ഒട്ടും വൈകാതെ നേത്രരോഗവിദഗ്ധനെ കാണിച്ച് പരിശോധന നടത്തണം. കോങ്കണ്ണിനു നേരത്തേ വേണ്ടത്ര ചികിത്സ കൊടുത്തി

ല്ലെങ്കിൽ കാഴ്ചമങ്ങാൻ സാധ്യതയുണ്ട്.

കുട്ടികൾക്കു കണ്ണട വാങ്ങുമ്പോൾ

കണ്ണിനു കാഴ്ചക്കുറവ് അനുഭവപ്പെടുന്നുവെങ്കിൽ ഒരു നേത്രരോഗവിദഗ്ധനെത്തന്നെ ആദ്യം കാണണം. മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലെന്നു തീർച്ച വരുത്തണം. അതിനുശേഷം ഡോക്ടർ കുറിച്ചുതരുന്ന പ്രകാരമുളള കണ്ണട കണ്ണാടിക്കടയിൽ നിന്നു തന്നെ വാങ്ങണം. ആദ്യത്തെ നേത്രപരിശോധന ഒരു ഡോക്ടർ തന്നെ ചെയ്യണം.

കണ്ണാടിയുടെ ഫ്രേയിം തെരഞ്ഞെടുക്കുമ്പോൾ മുഖത്തിനു ചേർന്ന വിധത്തിലുളളതു തെരഞ്ഞെടുക്കണം. തീരെ ചെറുതോ വലുപ്പമേറിയതോ തെരഞ്ഞെടുക്കരുത്. കൃഷ്ണമണി ഫ്രേയിമിന്റെ നടുവിൽ വരും വിധത്തിൽ വേണം കണ്ണടയുടെ സ്‌ഥാനം. നല്ല ഗുണനിലവാരമുളള ലെൻസ് തെരഞ്ഞെടുക്കണം. കളിക്കുമ്പോഴും മറ്റുമുണ്ടാകുന്ന വീഴ്ചയിൽ വീണ് ലോഹ ഫ്രെയിം ഒടിഞ്ഞു കണ്ണിൽ തറച്ച് അപകടങ്ങൾക്കു സാധ്യതയുണ്ട്. അതിനാൽ കുട്ടികൾക്കു ഫൈബറിന്റെ ഫ്രെയിം ആണ് ഉത്തമം.

തിമിരത്തിനു ചികിത്സ..

കണ്ണിന്റെ മുൻഭാഗത്തുളള കോർണിയയ്ക്കു പിന്നിൽ ഒരു ലെൻസ് ഉണ്ട്. അതു സുതാര്യമാണ്. എന്നാൽ പ്രായം ചെല്ലുംതോറും ഈ ലെൻസിന്റെ സുതാര്യത കുറയുകയും കാഴ്ച മങ്ങുകയും ചെയ്യുന്നു. സുതാര്യത കുറയുമ്പോൾ കാഴ്ച മങ്ങുന്നതോടൊപ്പം കണ്ണിന്റെ കാഴ്ച മങ്ങുന്നതോടൊപ്പം കണ്ണിനു മുമ്പിൽ ഈച്ച പറക്കുന്നതുപോലെ തോന്നുക, നിറമുളള മിന്നലുപോലെ തോന്നുക, വസ്തുക്കളെ രണ്ടായി കാണുക എന്നിവയും അനുഭവപ്പെടാം. കാഴ്ച മങ്ങുന്നതു കൂടിവന്നാൽ തിമിരത്തിനു ശസ്ത്രക്രിയ മാത്രമാണു ചികിത്സ. പ്രമേഹം, കണ്ണിലുളളിൽ ചില അസുഖങ്ങൾ എന്നിവയുളളവർക്ക് തിമിരം പെട്ടെന്നു മൂർച്ഛിക്കുന്നു.


വിവരങ്ങൾ:
ഡോ.വർഗീസ് മാത്യു
അസിസ്റ്റന്റ് പ്രഫസർ. ഒഫ്ത്താൽമോളജി വിഭാഗം, പുഷ്പഗിരി മെഡിക്കൽ കോളജ്, തിരുവല്ല ഫോൺ 9496570630