രണ്ടു വയസുവരെയുളള കുട്ടികൾക്ക് എണ്ണ അത്യാവശ്യം
Saturday, December 10, 2016 4:48 AM IST
മറ്റുളള എല്ലാ പോഷകങ്ങളെയുംപോലെ എണ്ണയ്ക്കും ശാരീരികപ്രവർത്തനങ്ങളിൽ സുപ്രധാന
പങ്കുണ്ട്. എന്നാൽ, അമിതമാകരുതെന്നു മാത്രം. വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കണം എന്ന് ആരും നിർദേശിക്കാറില്ല. കൂടുതലായി ഉപയോഗിക്കരുതെന്നു ചുരുക്കം. രണ്ടു വയസുവരെ പ്രായമുളള കുട്ടികൾക്കു സാച്ചുറേറ്റഡ് ഫാറ്റ് (പൂരിതകൊഴുപ്പ്)ഏറ്റവും അത്യാവശ്യമാണ്.

ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും അവശ്യം. കുഞ്ഞുങ്ങൾക്കു ശുദ്ധമായ നാടൻ വെളിച്ചെണ്ണ ചേർത്ത് ചോറു കൊടുക്കാം. ശരീരത്തിന് എണ്ണ അവശ്യമാണ്. എന്നാൽ അമിതമാകരുതെന്നു മാത്രം. മറ്റുളള എല്ലാ പോഷകങ്ങളെയും പോലെ എണ്ണയ്ക്കും ശാരീരികപ്രവർത്തനങ്ങളിൽ സുപ്രധാനപങ്കുണ്ട്. ഫാറ്റ് സോലുബിൾ വൈറ്റമിൻസ് (കൊഴുപ്പിൽ (ഫാറ്റിൽ) മാത്രം അലിയുന്ന വിറ്റാമിനുകൾ) നേരിട്ട് ആഗിരണം ചെയ്യണമെങ്കിൽ ഫാറ്റിന്റെ സാന്നിധ്യം അത്യന്താപേക്ഷിതം.

പ്രോട്ടീനും കാർബോഹൈഡ്രേറ്റും ഫാറ്റുമാണ് ശരീരത്തിന് ഏറ്റവുമധികം വേണ്ട പോഷകങ്ങൾ. എന്നാൽ, പലപ്പോഴും നമ്മുടെ ഭക്ഷണത്തിൽ എണ്ണയുടെ അളവു മാത്രം കൂടിപ്പോകുന്നു എന്നതാണു വാസ്തവം. അത് ആരോഗ്യജീവിതത്തിനു തന്നെ ഭീഷണിയായിത്തീരുന്നു.

മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്സ്(എംസിടി) ആണ് വെളിച്ചെണ്ണയിലുളളത്. അതു വളരെ വേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. വളരെപ്പെട്ടെന്നു ദഹിക്കും. പെട്ടെന്നു തൂക്കം കൂട്ടും. തലച്ചോറിന്റെ പ്രവർത്തനത്തിന് എണ്ണ അത്യന്താപേക്ഷിതം. തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യപൂർണമായ പ്രവർത്തനത്തിനും എണ്ണ ആവശ്യമാണ്.

ആഹാരത്തിൽ എണ്ണ തീരെ കുറഞ്ഞാൽ അതു ഡിപ്രഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നു പഠനങ്ങൾ പറയുന്നു. ഡിപ്രഷനും പോഷകങ്ങളുടെ ആഗിരണവും തമ്മിലും ബന്ധമുണ്ട്. അതിനാൽ എണ്ണ തീരെ കുറയ്ക്കരുത്.

അതേസമയം എണ്ണ അധികമായി കഴിച്ചാൽ ചിലർക്കെങ്കിലും മലബന്ധവും ഡയേറിയവും ഉണ്ടാ
കാറുണ്ട്. പ്രായമുളളവരെയാണു വെളിച്ചെണ്ണയുടെ അമിതോപയോഗം കൂടുതൽ ബാധിക്കുന്നത്. വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കണം എന്ന് ആരോഗ്യവിദഗ്ധരും നിർദേശിക്കാറില്ല. കൂടുതലായി ഉപയോഗിക്കരുതെന്നു ചുരുക്കം.


രണ്ടു വയസുവരെ പൂരിതകൊഴുപ്പ് അത്യാവശ്യം

കൊച്ചുകുട്ടികൾക്കു പൂരിതകൊഴുപ്പ് അത്യാവശ്യമാണ്. 2 വയസുവരെ പ്രായമുളള കുട്ടികൾക്കു സാച്ചുറേറ്റഡ് ഫാറ്റ് ഏറ്റവും അത്യാവശ്യമാണ്. ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും അവശ്യം. കൊച്ചുകുട്ടികൾക്കു വെളിച്ചെണ്ണ ചേർത്തു ചോറു കൊടുക്കാം.

പരിപ്പും നെയ്യും ചേർത്തു കൊടുക്കാം. വെളിച്ചെണ്ണയിൽ പപ്പടം കാച്ചിക്കൊടുക്കാം. കുറുക്കു കൊടുക്കുമ്പോൾ വേണമെങ്കിൽ നെയ്യോ വെളിച്ചെണ്ണയോ ചേർത്തുകൊടുക്കാം.

എണ്ണപ്പലഹാരങ്ങൾ അമിതമായാൽ പൊണ്ണത്തടി

കുട്ടികൾ പതിവായി എണ്ണപ്പലഹാരങ്ങൾ ധാരാളം കഴിക്കുന്നു. പല മാതാപിതാക്കളും ടിഫിൻ ബോക്സുകളിൽ ബേക്കറി വിഭവങ്ങളാണു കൊടുത്തയയ്ക്കുന്നത്. ബേക്കറിവിഭവങ്ങളിൽ
നിന്നുതന്നെ കുട്ടികൾക്ക് അവരറിയാതെ അമിതതോതിൽ എണ്ണ കിട്ടുന്നുണ്ട്. അതിനാൽ അവരുടെ ശരീരഭാരം കൂടുന്നു, തടി കൂടുന്നു. ഒരു ഗ്രാം എണ്ണ 9 കാലറിയാണ്. ഏതുതരം എണ്ണയായാലും കൊഴുപ്പായാലും ഒരു ഗ്രാമിൽ 9 കലോറി എന്ന തോതിൽ ഊർജം അടങ്ങിയിരിക്കുന്നു. ഒരു ടീസ്്പൂൺ എന്നത് 45 കലോറി വരും. ശരീരത്തിന് എത്ര കൂടുതൽ കാലറി കിട്ടിയാലും അതു നമ്മൾ ചെലവാക്കിയില്ലെങ്കിൽ അതു ശരീരത്തിനു കൊഴുപ്പായി ശേഖരിച്ചു വയ്ക്കാൻ മാത്രമേ സാധിക്കുകയുളളൂ.

എണ്ണ കൂടുതലുളള ഭക്ഷണം കഴിച്ചാൽ നമ്മളറിയാതെ തന്നെ ശരീരത്തിന്റെ തൂക്കം കൂടും. കൊഴുപ്പ് അധികമായാൽ ശരീരഭാഗങ്ങളിൽ അടിഞ്ഞുകൂടും. ചിലർക്ക് വയറിലായിരിക്കും; പ്രത്യേകിച്ചു ആണുങ്ങൾക്ക്.

ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്