കിംസിൽ അപൂർവമായ കാരോടിഡ് എന്റർടെറെക്ടമി സിഎബിജി ശസ്ത്രക്രിയ
Friday, December 30, 2016 2:49 AM IST
തിരുവനന്തപുരം : കിംസിൽ അപൂർവമായ കരോറ്റിഡ് എന്റ്ർടെറക്ടമി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഹൃദയാഘാതം മൂലം അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ തിരുവനന്തപുരം സ്വദേശിക്കാണു വളരെ ബുദ്ധിമുട്ടേറിയ ഈ ശസ്ത്രക്രിയ നടത്തിയത്. നെഞ്ചു വേദനയെ തുടർന്നു കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അറുപതുകാരനു കൊറോണറി ആൻജിയോഗ്രാം പ്രക്രിയയിൽ ഹൃദയത്തിൽ മൂന്നു ധമനികൾക്ക് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതുമൂലം ശ്വാസഗതിക്ക് അപകടകരമാം വിധം വ്യതിയാനം വരികയും മറ്റു രക്‌ത ധമനികൾക്ക് സമ്മർദ്ധമേറുകയും ചെയ്തിരുന്നു. തുടർന്നു ശസ്ത്രക്രിയക്ക് മുൻപായി നടത്തിയ വിദഗ്ധ പരിശോധനയിൽ വലത് തലച്ചോറിനെയും ഹൃദയത്തെയും ബന്ധിപ്പിക്കുന്ന ധമനികളിലൂടെയുള്ള രക്‌ത പ്രവാഹം ഏതാണ്ട് പൂർണ്ണമായും തടസ്സപെട്ടിരുന്നു എന്നും കണ്ടെത്തി. ഇത് മസ്തിഷ്ക്കാഘാതത്തിനു കാരണമായേക്കാവുന്ന തരത്തിലുള്ളതായിരുന്നു. ഇതിനെ തുടർന്നാണു അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നത്. ഏകദേശം ആറു മണിക്കുറോളം നീണ്ടു നിന്നു.


പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദനായ ഡോ. ഷാജി പാലങ്ങാടന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണു സങ്കീർണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. തലച്ചോറിനേയും ഹൃദയത്തേയും ബന്ധിപ്പിക്കുന്ന പ്രധാന ധമനികളിലുണ്ടാകുന്ന തടസം നീക്കം ചെയ്യുകയും രക്‌ത പ്രവാഹം പുന: സ്‌ഥാപിക്കുകയും ചെയ്യുന്ന വളരെ സങ്കീർണമായ പ്രക്രിയയാണു കാരോടിഡ് എന്റർടെറെക്ടമി ശസ്ത്രക്രിയ, തലച്ചോറിലെ രക്‌ത പ്രവാഹം സാധാരണ ഗതിയിലാക്കി പക്ഷാഘാതത്തിനുള്ള സാധ്യത ഈ ശസ്ത്രക്രിയയിലൂടെ ഇല്ലാതാക്കുന്നു. അപൂർവവും അതി സങ്കീർണവുമായ ഈ ശസ്ത്രക്രിയ കിംസിൽ എഴു തവണയിൽ കൂടുതൽ ചെയ്തിട്ടുണ്ട്. ഇവയിലൊന്നിൽ പോലും രോഗികൾക്ക് അമിതരക്‌തസ്രാവമുണ്ടാവുകയോ രക്‌തം മാറ്റിവെയ്ക്കേണ്ടി വരികയോ ചെയ്തിട്ടില്ല.