പ്രമേഹബാധിതർ ഓട്സ് കഴിക്കുമ്പോൾ
Monday, January 2, 2017 7:01 AM IST
പ്രമേഹബാധിതർക്ക് ഓട്സ് ഗുണപ്രദം. ഓട്സ് കഴിച്ച് പ്രമേഹം കൂട്ടുന്നവരും കുറയ്ക്കുന്നവരുമുണ്ട്. വെന്തുകുഴഞ്ഞ ഓട്സ് പ്രമേഹബാധിതർക്കു ഗുണകരമല്ല. വെന്തു കുഴഞ്ഞ ഓട്്സ് കഴിച്ചാൽ എളുപ്പത്തിൽ ദഹിക്കും. രക്‌തത്തിലെ ഗ്ലൂക്കോസിന്റെ തോതു കൂടും. പ്രമേഹബാധിതർക്കു വളരെ സാവധാനം ദഹിക്കുന്ന ഭക്ഷണമാണ് വേണ്ടത്. അതിനാൽ തിളച്ച വെള്ളത്തിലേക്ക് ഓട്സ് ഇട്ട് അധികം വെന്ത് നാരുകൾ നഷ്‌ടമാകും മുമ്പ് അടുപ്പത്തുനിന്ന് വാങ്ങി പാത്രത്തിലേക്കു പകരുക. പാലിൽ ഓട്സ് കലർത്തി തിളപ്പിച്ചു കഴിക്കരുത്. ചൂടുവെളളത്തിൽ ഓട്സ് വേവിച്ചശേഷം വേണമെങ്കിൽ കുറച്ചുപാലൊഴിച്ച് ഉപയോഗിക്കാം. ഓട്സ് കുറുക്കുമ്പോൾ വേണമെങ്കിൽ പച്ചക്കറികൾ അരിഞ്ഞുചേർക്കാം. അരിഞ്ഞ പച്ചക്കറികളും മസാലയും ചേർത്ത് മസാല ഓട്സ് എന്ന പേരിൽ സൂപ്പു പോലെ തയാറാക്കാവുന്ന ഓട്സും ഇപ്പോൾ വിപണിയിലുണ്ട്.

അരിയും ഗോതമ്പും ഒന്നുപോലെപ്രമേഹബാധിതർ അരി പൂർണമായും ഒഴിവാക്കി പകരം ഗോതമ്പ് കഴിക്കണമെന്നു പറയുന്നതിൽ വലിയ കാര്യമില്ല. പ്രമേഹബാധിതർക്ക് അരിയും ഗോതമ്പും തമ്മിൽ വലിയ വ്യത്യാസമില്ല. ഗോതമ്പ് കൂടുതൽ കഴിച്ചാലും അരി കഴിച്ച അതേ ഫലം തന്നെയാണ്.

ലഘുഭക്ഷണം

കുതിർത്ത കടല വേവിച്ച് തേങ്ങ ചേർത്ത് കടു വറുത്ത് തയാറാക്കുന്ന വിഭവം കഴിക്കാം. പയറു മുളപ്പിച്ചതു കടുകു വറുത്തു കഴിക്കാം. അവലു കൊണ്ടു തയാറാക്കിയ ഉപ്പുമാവ് കഴിക്കാം. ഗോതമ്പ് കൊണ്ടു തയാറാക്കിയ ബ്രഡും മല്ലി ചട്ണിയും കഴിക്കാം.


ചോറ് ഒന്നര കപ്പിൽ കൂടരുത്

മലയാളിക്കു സാധാരണയായി ഉച്ചഭക്ഷണം ചോറാണ്. ഒരു പ്ലേറ്റിന്റെ പകുതിയും ചോറാണ് എടുക്കുന്നത്. അതിനു പകരം പ്ലേറ്റിന്റെ പകുതി സ്‌ഥലത്ത് രണ്ടു തരം പച്ചക്കറി കൊണ്ടുളള കറിയും തൈരു ചേർക്കാത്ത പച്ചക്കറി സാലഡും. കാൽ ഭാഗം ചോറ്. ബാക്കി കാൽ ഭാഗം മീൻകറിയോ വെജിറ്റേറിയൻ ആണെങ്കിൽ പരിപ്പു കറിയോ വിളമ്പാം. ചോറ് മാക്സിമം ഒന്നര കപ്പു(200 ാഹ കപ്പ്) വരെ എടുക്കാം.

രാത്രിഭക്ഷണം ചപ്പാത്തി

രാത്രിഭക്ഷണത്തിന് ചപ്പാത്തി തന്നെയാണ് ഉത്തമം. പക്ഷേ ഓരോ ദിവസവും ഓരോ കറി മാറി കഴിക്കണം. ജലാംശം കൂടുതലുളള പച്ചക്കറികൾ ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങൾ കൂടുതലായി ഉപയോഗിക്കണം.

വിവരങ്ങൾ: ഡോ. അനിതാമോഹൻ, കൺസൾട്ടന്റ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ്