കൊഴുപ്പും ഉപ്പും കൂടുതൽ; ശീലമാക്കരുത്
Monday, January 9, 2017 4:47 AM IST
ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവർ പച്ചക്കറികൾ അടങ്ങിയ മറ്റു വിഭവങ്ങൾ
കഴിക്കുന്നതും കുറവാണ്.

ചുരുക്കത്തിൽ സാധാരണ ഭക്ഷണത്തിനു പകരം ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും. ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നു.

അഡിറ്റീവ്സ് സാന്നിധ്യം

പൊറോട്ട കഴിക്കുന്നവർ അതിനൊപ്പം എണ്ണ കൂടുതലുളള ചില്ലി ചിക്കൻ പോലെയുളള വിഭവങ്ങളാണ് സാധാരണ തെരഞ്ഞെടുക്കുന്നത്. പോഷകങ്ങൾ ഇല്ല എന്നു മാത്രമല്ല അതിൽ അഡിറ്റീവ്സ് എന്നറിയപ്പെടുന്ന ചില രാസപദാർഥങ്ങൾ ചേർത്തിരിക്കുന്നു. നിറത്തിനും മണത്തിനും രുചിക്കും വേണ്ടിയാണ് ഇവ ചേർക്കുന്നത്. ഇത്തരം വസ്തുക്കളും എണ്ണയുമാണ് ഫാസ്റ്റ് ഫുഡിൽ ഏറെയും. അതിൽനിന്നൊക്കെ കിട്ടുന്ന ഊർജം മാത്രമാണു ഫാസ്റ്റ് ഫുഡ് നല്കുന്നത്.

അജിനോമോട്ടോയിലും സോഡിയം

ഫാസ്റ്റ് ഫുഡിലെ മറ്റൊരു അപകടകാരി ഉപ്പാണ്. ചിലതരം ചൈനീസ് വിഭവങ്ങളിൽ രുചിക്കു വേണ്ടി സോയാസോസ് ചേർക്കാറുണ്ട്. അതിൽ ഉപ്പു കൂടുതലാണ്. ഉപ്പു കുറച്ചുപയോഗിക്കുക എന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടു വയ്ക്കുന്ന നിർദേശം. ഉപ്പ് എത്രമാത്രം കുറച്ചുപയോഗിക്കുന്നുവോ സ്ട്രോക്കും ഉയർന്ന രക്‌തസമ്മർദവും അത്രത്തോളം തടയാനാകും എന്നതാണു വാസ്തവം.
അതുപോലെ തന്നെ ചൈനീസ് വിഭവങ്ങളിൽ രുചിക്കുവേണ്ടി ചേർക്കുന്ന അജിനോമോട്ടോയിലും സോഡിയം ഉണ്ട്. അജിനോമോട്ടോ ചേർത്ത വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ പ്രേരണ ഉണ്ടാകുന്നു.


ഫാസ്റ്റ്ഫുഡ് ശീലമാക്കരുത്

രണ്ടു വയസുവരെപ്രായമുള്ള കുട്ടികൾക്ക് ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ കൊടുക്കരുതെന്നു വിദഗ്ധർ നിർദേശിക്കുന്നു. ഈ പ്രായത്തിലാണു തലച്ചോറിന്റെ വളർച്ച നടക്കുന്നത്. ആ സമയത്ത് അജിനോമോട്ടോ പോലെയുള്ള അഡിറ്റീവ്സ് ചേർത്ത വിഭവങ്ങളോ ഡ്രിംഗ്സോ കുട്ടികളെക്കൊണ്ടു കഴിപ്പിക്കരുത്. വലിയ കുട്ടികൾ ഇത്തരം അഡിറ്റീവ്സ് ചേർത്ത വിഭവങ്ങൾ അപൂർവമായി കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ ശീലമാക്കരുത്. അത് അപകടത്തിനിടയാക്കും.

നാരിന്റെ തോത് കുറവ്

സംസ്കരിച്ച ഭക്ഷ്യധാന്യങ്ങളാണു ഫാസ്റ്റ് ഫുഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്്. പച്ചക്കറികളുടെ തോതും തീരെ കുറവാണ്. അതിനാൽ ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ നാരിന്റെ അംശം തീരെ കുറവാണ്. ഇത്തരം വിഭവങ്ങൾ ഉപയോഗിക്കുന്ന ചെറുപ്പക്കാർ നേരിടുന്ന പ്രധാനം പ്രശ്നം അമിതഭാരമാണ്. പെട്ടെന്നു ഭാരം കൂടും. ചെറുപ്പക്കാരിൽ കൊളസ്ട്രോൾ ലെവലും ബിപിയും കൂടുന്നതായി റിപ്പോർട്ടുണ്ട്. പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി രക്‌തപരിശോധന നടത്തുമ്പോഴാണ് അധിക കൊളസ്ട്രോൾ ഉളളതായി തിരിച്ചറിയുന്നത്്. അരക്കെട്ടിന്റെ വണ്ണം കൂടുന്നതും ഇതിന്റെ സൂചനയാണ്. അത് അബ്ഡമൻ ഒബീസിറ്റി എന്നറിയപ്പെടുന്നു. കൂടുതൽ നടക്കുമ്പോൾ ക്ഷീണം, തലകറക്കം എന്നിവയുണ്ടാകുന്നു. ആരോഗ്യജീവിതത്തിന് അവശ്യമായ മറ്റു വിറ്റാമിനുകളുടെ കുറവും ഇവരിൽ കാണപ്പെടുന്നു.