മദ്യപാനം ഉപേക്ഷിക്കാം; കരളിനു കാവലാകാം
Wednesday, February 1, 2017 1:01 AM IST
അമിതമദ്യപാനം കാലക്രമത്തിൽ കരളിൻറെ ആരോഗ്യം തകർക്കുന്നു. ആൽക്കഹോളിക് ലിവർ ഡിസീസ് എന്നറിയപ്പെടുന്ന ഒരു കൂട്ടം കരൾരോഗങ്ങൾ മദ്യപാനിയെ തേടിയെത്തുന്നു. ഫാറ്റി ലിവർ, അക്യൂട്ട് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയവ അക്കൂത്തിൽപ്പെടും.

അമിതമദ്യപാനികളിൽ ഫാറ്റി ലിവർ സാധാരണം. കരളിലെ കോശങ്ങൾക്കിടയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ. കുടി നിർത്തിയാൽ ഈ അവസ്‌ഥയിൽ നിന്നു മോചനം
നേടാം. പക്ഷേ, ഫാറ്റിലിവർ ഉളള ചെറിയൊരു ശതമാനം ആളുകളിൽ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ്, ലിവർ കാൻസർ എന്നിവയ്ക്കുളള സാധ്യതയുണ്ട്.

അമിതമദ്യപാനികളിൽ 10 മുതൽ 35 ശതമാനം പേരെ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നു. കരളിനു സംഭവിക്കുന്ന ഗുരുതരമായ മുറിവാണ് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്. ശാരീരിക സുഖക്കുറവ്, ക്ഷീണം, മഞ്ഞപ്പിത്തം(ചർമവും കണ്ണിൻറെ വെളളയും മഞ്ഞയാകുന്ന അവസ്‌ഥ), വയർ വീർത്തു വലുതാകുന്ന അവസ്‌ഥ, കരൾ ബലഹീനമാകുന്ന അവസ്‌ഥ എന്നിവയാണ് ഇതിൻറെ ലക്ഷണങ്ങൾ.

അമിതമദ്യപാനികളിൽ 5 മുതൽ 15 ശതമാനം പേരെ ലിവർ സിറോസിസ് ബാധിക്കുന്നു. കരളിൽ ഭേദമാകാത്തവിധത്തിലുളള കോടുപാടുകൾ ഉണ്ടാകുന്ന അവസ്‌ഥയാണിത്. കരളിലെ കോശങ്ങൾക്കു പകരം സ്കാർ കോശങ്ങൾ (ഫൈബ്രോസിസ്)ആ സ്‌ഥാനം കൈയടക്കുന്നു. സ്കാർ കോശങ്ങൾ കരളിൻറെ സാധാരണ ഘടനയെയും കരളിലെ കോശങ്ങളുടെ വളർച്ചയെയും ദോഷകരമായി ബാധിക്കുന്നു. ക്രമേണ കരളിൻറെ കോശങ്ങൾ കേടുസംഭവിച്ചു നശിക്കുന്നു. സ്കാർ കോശങ്ങളുടെ ആധിപത്യം പൂർണമാകുന്നു. സ്കാർ കോശങ്ങൾ കരളിലൂടെയുളള രക്‌തസഞ്ചാരം തടസപ്പെടുത്തുന്നു. അതോടെ കരളിന് അതിെൻറ ധർമങ്ങൾ കാര്യക്ഷമമായി നിർവഹിക്കാനാകാതെയാകുന്നു.


ശരീരത്തിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്ന ജോലി (ഡിടോക്സിഫിക്കേഷൻ), പ്രോട്ടീനുകളുടെ നിർമാണം, വിറ്റാമിനുകളുടെയും പഞ്ചസാരയുടെയും സംഭരണം, ദഹനത്തിനു സഹായകമായ കെമിക്കലുകളുടെ നിർമാണം തുടങ്ങിയ കരളിൻറെ പ്രവർത്തനങ്ങൾ അങ്ങനെ മുടങ്ങുന്നു. ഇതു കരളിൻറെ പ്രവർത്തനം നിലയ്ക്കുന്നതിനും ചിലപ്പോൾ മരണത്തിനു വരെയും കാരണമാകുന്നു. സിറോസിസ് തീവ്രമായാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ജീവൻരക്ഷിക്കാനുളള ഏകമാർഗം.

കുടിമൂലം കരളിനുണ്ടായ പ്രശ്നങ്ങൾക്കുളള ആദ്യപരിഹാരം കുടി നിർത്തുക എന്നതു തന്നെ. മരുന്നുകൾക്കു പിന്നേയുളളൂ എന്തെങ്കിലും സ്‌ഥാനം. മദ്യാസക്‌തി കരളിനെ ക്ഷീണിപ്പിക്കുന്നു. ചിലപ്പോൾ പ്രവർത്തനക്ഷമത കുറയ്ക്കുന്നു. കോശങ്ങളുടെ നാശത്തിനു കാരണമാകുന്നു. അതിനുമപ്പുറം ചിലപ്പോൾ അതു കരളിൽ കാൻസറിനുവരെ ഇടയാക്കുന്നു. മദ്യാസക്‌തിമൂലമുണ്ടാകുന്ന കരൾരോഗങ്ങൾക്ക് ചികിത്സ പരിമിതം. കരളിലെ കാൻസർ തിരിച്ചറിയുന്പോഴേയ്ക്കും അതു മറ്റ് അവയവങ്ങളിലേക്കും പടർന്നു ഗുരുതരമായിരിക്കും.