കിംസിൽ ‘മിനിമലി ഇൻവേസീവ്’ ശസ്ത്രക്രിയയിലൂടെ യുവതിയുടെ ജീവൻ രക്ഷിച്ചു
Wednesday, February 15, 2017 12:56 AM IST
തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം നേരിട്ട 28 കാരിയുടെ ജീവൻ നൂതന ശസ്ത്രക്രിയയിലൂടെ രക്ഷപെടുത്തി. കിംസിൽ നടന്ന മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ മുഖാന്തരമാണ് യുവതിയെ രക്ഷപെടുത്തിയത്. ജീവനു ഭീഷണിയാകുന്ന തരത്തിലുള്ള രക്തസ്രാവുമായിട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഗർഭപാത്രം നീക്കം ചെയ്ത് രക്തസ്രാവം നിർത്താൻ അവരെ ചികിത്സിച്ച പ്രാദേശിക ആശുപത്രിയിലെ ഡോക്ടർമാർ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ശസ്ത്രക്രിയയ്ക്ക് ശേഷവും ആന്തരിക രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാത്തതിനെ തുടർന്നാണ് യുവതിയെ കിംസിലെത്തിച്ചത്. പ്രത്യേകമായ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ വഴി രക്തസ്രാവം നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഡോ. മനീഷ് കുമാർ യാദവ്, ഡോ. മാധവൻ ഉണ്ണി തുടങ്ങിയവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. തുറന്ന ശസ്ത്രക്രിയക്ക് പകരമായി എൻഡോവാസ്ക്യുലർ എംബോളൈസേഷൻ എന്ന രീതിയാണ് ഡോക്ടർമാർ ഉപയോഗിച്ചത്. ഇതിൽ രക്തക്കുഴലുകളെ അടച്ച് രോഗബാധിത പ്രദേശത്തെ രക്തപ്രവാഹം നിറുത്തുകയാണ് ചെയ്യുന്നത്. കിംസിലെ പരിചയ സമ്പന്നരായ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റുകളുടെ ഒരു സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയതും രോഗിയുടെ ജീവൻ രക്ഷിച്ചതും.


ഗർഭപാത്രത്തിലെ ഫൈബ്രോയിഡുകൾ പോലുള്ള ചില സങ്കീർണതകൾക്കും എൻഡോവാസ്ക്യുലർ എംബോളൈസേഷൻ വളരെ ഫലപ്രദമാണ്. ശസ്ത്രക്രിയയും ഗർഭപാത്രം നീക്കം ചെയ്യുന്നതും ഒഴിവാക്കി രോഗിയെ ഇതിലൂടെ രക്ഷിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.