കേരളത്തിൽ ഉദര അർബുദ രോഗികൾ വർധിക്കുന്നു
Thursday, March 2, 2017 12:26 AM IST
കൊച്ചി : കേരളത്തിൽ ഉദര അർബുദ രോഗികളുടെ എണ്ണം കൂടി വരികയാണെന്ന് ആരോഗ്യ വിദഗ്ധർ. സംസ്‌ഥാനത്ത് ഇന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നതിൽ 45 ശതമാനം അർബുദ രോഗബാധയും ഉദരഭാഗങ്ങളെ ബാധിച്ചവയാണെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി (ഐഎസ്ജി) കൊച്ചിൻ ചാപ്റ്റർ അധ്യക്ഷൻ ഡോ. സുനിൽ കെ. മത്തായിയും സെക്രട്ടറി ഡോ. ബിനോയ് സെബാസ്റ്റ്യനും പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇതിനു കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും മാറിയ ജീവിത ശൈലിയുടെ തിക്‌ത ഫലങ്ങളാണിവയെന്നാണ് നിഗമനം. മാറിയ ഭക്ഷണ ശീലവും പൊതുജനാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ലിവർ സിറോസിസ് ബാധിതരുടെ എണ്ണവും കൂടി വരികയാണ്. എന്നാൽ സ്തനാർബുദം, വായിൽ വരുന്ന അർബുദം തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്.

പുകവലി, മുറുക്ക് തുടങ്ങിയ ശീലങ്ങൾ കുറഞ്ഞു വരുന്നതാണ് ഇതിനു പ്രധാന കാരണം. എന്നാൽ ഈ നേട്ടത്തെ ഇല്ലാതാക്കുന്ന തരത്തിലാണ് ഉദര ഭാഗങ്ങളിൽ ഉണ്ടാകുന്ന അർബുദത്തിൻറെ നിരക്ക് വർധിക്കുന്നത്. മദ്യപാനം നടത്താത്തവരും അർബുദത്തിൻറെ പിടിയിലാവുന്നത് ജീവിത ശൈലിയിലും ഭക്ഷണ ശീലത്തിലും വന്ന മാറ്റം കൊണ്ടാണ്.

ലിവർ സിറോസിസിനു മുന്നോടിയായി ബാധിക്കാറുള്ള രോഗമായ ഹെപ്പറ്റൈറ്റിസിൻറെ പുതിയ രൂപം ഇപ്പോൾ സംസ്‌ഥാനത്തു വ്യാപകമാണെന്നും അവർ പറഞ്ഞു. നോൺ ആൽക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് (നാഷ്) എന്നാണ് ഇതിൻറെ പേര്. മദ്യം ഉപയോഗിക്കാത്തവരിലും ജീവിത ശൈലി കൊണ്ടുണ്ടാകുന്ന മാരക രോഗമാണിത്.വിഷാംശം കലർന്ന പച്ചക്കറികൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ നാഷ് ബാധയ്ക്കും തുടർന്ന് അർബുദത്തിനും കാരണമാകുമെന്ന് അവർ പറഞ്ഞു.


ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ചാപ്റ്ററിൻറെ രജതജൂബിലി കോൺഫറൻസ് നാല്, അഞ്ച് തീയതികളിൽ കലൂർ ഐഎംഎ ഹാളിൽ സംഘടിപ്പിക്കും. കോൺഫറൻസിൽ ഉദരസംബന്ധിയായ അർബുദ രോഗത്തിൻറെ പഠനശാഖയായ ഗാസ്ട്രോ ഇൻറസ്റ്റൈനൽ ഓങ്കോളജിയെ അടിസ്‌ഥാനമാക്കി ക്ലാസുകളും സെമിനാറുകളും ഉണ്ടാകും.

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗവും കൊച്ചിൻ ഗട്ട് ക്ലബ്ബും സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടി നാലിനു വൈകുന്നേരം ആറിന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. രമേഷ് ഉദ്ഘാടനം ചെയ്യും.

ഐഎസ്ജി അധ്യക്ഷൻ ഡോ. ടി.എസ്. ചന്ദ്രശേഖർ മുഖ്യാഥിതിയായിരിക്കും. 65 വയസിനു മുകളിലുള്ള മെഡിക്കൽ കോളജ് അധ്യാപകരെ ചടങ്ങിൽ ആദരിക്കുമെന്നും ഗ്യാസ്ട്രോ എൻട്രോളജി മേഖലയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രഫ. വി. ബാലകൃഷ്ണന് പുരസ്കാരം സമ്മാനിക്കുമെന്നും അവർ പറഞ്ഞു.

നൂറിൽപ്പരം വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ക്ലാസുകൾ നയിക്കുകയും ചെയ്യും. സിൽവർ ജൂബിലി സ്മരണിക ’ സൈനർജി ’ ഐഎസ്ജി നിയുക്‌ത അധ്യക്ഷൻ ഡോ. നരേഷ് ഭട്ട് പ്രകാശനം ചെയ്യും. വിവിധ ആശുപത്രിയിൽ നിന്നായി 300 പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കും.