വിളർച്ചയുളളവരുടെ രക്താണുക്കൾക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശസമൂഹങ്ങളിലേക്കും മതിയായ തോതിൽ ഓക്സിജൻ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരൾ, വൃക്കകൾ, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുന്പ്, ഫോളിക്കാസിഡ്, വിറ്റാമിൻ സി, ബി12 എന്നീ പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളർച്ചയ്ക്കു കാരണമാകുന്നത്.
സ്ത്രീകളിൽ വിളർച്ചാസാധ്യത കൂടുതൽ
സ്ത്രീകളിലും ഗർഭിണികളിലും വിളർച്ചാസാധ്യത കൂടുതലാണ്. രക്തസ്രാവം, ബോണ്മാരോയിലെ അസുഖങ്ങൾ, കാൻസർ, കുടൽ രോഗങ്ങൾ, വൃക്ക തകരാർ, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മറ്റു ഗുരുതരരോഗങ്ങൾ എന്നിവ ബാധിച്ചവർക്കു വിളർച്ചാസാധ്യതയേറും.
കാൻസർ ചികിത്സകളിൽപ്പെടുന്ന കീമോതെറാപ്പിക്കു വിധേയമാകുന്നവരിലും ഹീമോഗ്ലോബിൻ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. ഹീമോഗ്ലോബിൻ തന്മാത്രയിലുണ്ടാകുന്ന അസ്വാഭാവികത്വമാണ് അരിവാൾ രോഗത്തിന് (സിക്കിൾ സെൽ അനീമിയ) ഇടയാക്കുന്നത്. ഇതു പാരന്പര്യരോഗമാണ്.
ഹീമോഗ്ലോബിൻ കൗണ്ട് ആവശ്യമായ അളവിൽ നിന്നു കുറഞ്ഞാൽ ഇരുന്പ് ധാരാളമടങ്ങിയ ആഹാരം ശീലമാക്കണം. ഹീമോഗ്ലോബിന്റെ രൂപീകരണത്തിൽ ഇരുന്പിനു നിർണായക പങ്കുണ്ട്. പച്ചനിറമുളള ഇലക്കറികൾ, ശർക്കര, തക്കാളി, ഉലുവ, ബീറ്റ്റൂട്ട്, മാതളനാരങ്ങ, എളള്, ചീര, തവിടുകളയാത്ത ധാന്യങ്ങൾ, മഞ്ഞൾ, പാവയ്ക്ക, നെല്ലിക്ക, ഈന്തപ്പഴം, തേൻ, ഇളനീര്, മൃഗങ്ങളുടെ കരൾ, മുട്ട, ചീര, ഏത്തപ്പഴം, ശതാവരി, ചേന, ഓട്സ്, സോയാബീൻ, പയർ, തുവര, ഉരുളക്കിഴങ്ങ് തുടങ്ങിയവയിൽ ഇരുന്പ് ധാരാളം.
വിറ്റാമിൻ സിയും പ്രധാനം
വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുന്പ് അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തിൽനിന്ന് ഇരുന്പ് പൂർണമായും വലിച്ചെടുക്കാനാവില്ല. പപ്പായ, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം. എന്നാൽ വിറ്റാമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം.
ഫോളിക്കാസിഡും വിറ്റാമിൻ ബി12
ഫോളിക്കാസിഡും വിറ്റാമിൻ ബി12 ഉം ചുവന്നരക്താണുക്കളുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. അതിനാൽ ഇവയുടെ കുറവ് നിശ്ചയമായും ഹീമോഗ്ലോബിന്റെ അളവിലും കുറവുവരുത്തും. കോഴി, താറാവ് എന്നിവയുടെ ഇറച്ചി, ചീര, മീൻ, മുട്ട, പാൽ, വെണ്ണ തുടങ്ങിയവയിൽ വിറ്റാമിൻ ബി12 ധാരാളമുണ്ട്.
വിറ്റാമിൻ ബി 9 ആണ് ഫോളിക് ആസിഡ് എന്ന് അറിയപ്പെടുന്നത്. ഫോളേറ്റ് എന്നും അറിയപ്പെടുന്നു. ചുവന്നരക്താണുക്കളുടെ എണ്ണം വർധിപ്പിച്ചു വിളർച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായിക്കുന്നു. കാബേജ്, പരിപ്പുകൾ, ഇലക്കറികൾ, നാരങ്ങ, ശതാവരി, ചീര, കോളിഫ്ളവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീൻസ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്ത ധാന്യങ്ങൾ തുടങ്ങിയവയിൽ ഫോളേറ്റുകളുണ്ട്.
കോളപാനീയങ്ങൾ വേണ്ട
ഭക്ഷണത്തിൽ നിന്ന് ഇരുന്പിനെ വലിച്ചെടുക്കാനുളള ശരീരത്തിന്റെ കഴിവു കുറയ്ക്കുന്ന വിഭവങ്ങളുണ്ട്. അവ ശീലമാക്കരുത്. കാപ്പി, ചായ, കോള പാനീയങ്ങൾ, ബീയർ, വൈൻ, കാൽസ്യം ധാരാളമടങ്ങിയ പാലുത്പന്നങ്ങൾ, കാൽസ്യം സപ്ളിമെൻറ്സ് തുടങ്ങിയവ ഇരുന്പിന്റെ ആഗിരണം തടയുന്നതായി വിദഗ്ധർ പറയുന്നു. ഹീമോഗ്ലോബിൻ കൗണ്ട് തീരെ കുറവുളളവർ ഇത്തരം വിഭവങ്ങൾ എത്രത്തോളം ഉപയോഗിക്കണം എന്നതു സംബന്ധിച്ചു കണ്സൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം.
വ്യായാമം ചെയ്താൽ
വ്യായാമം ശീലമാക്കുന്നത് ആരോഗ്യജീവിതത്തിനു ഗുണപ്രദം. അതു ടെൻഷൻ കുറയ്ക്കും. ജീവിതശൈലീരോഗങ്ങളെ അകറ്റിനിർത്തും.വ്യായാമത്തിലേർപ്പെടുന്പോൾ ശരീരത്തിനു കൂടുതൽ ഓക്സിജൻ ആവശ്യമായിവരുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനു ശരീരം കൂടുതൽ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കും. യോഗ, എയ്റോബിക് വ്യായാമരീതി എന്നിവ അംഗീകൃത ട്രയിനർമാരിൽ നിന്നു പരിശീലിക്കുന്നത് അഭികാമ്യം.
ഹീമോഗ്ലോബിന്റെ കുറവു നികത്താൻ ആഹാരക്രമത്തില് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ആഹാരക്രമത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തണം. അതിൽ ഇരുന്പ്, ഫോളിക്കാസിഡ്, നാരുകൾ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ധാരാളം. ആപ്പിൾ ശീലമാക്കുന്നതും ഉചിതം. അതിലുളള ഇരുന്പും മറ്റു പോഷകങ്ങളും ഹീമോഗ്ലോബിന്റെ തോതു മെച്ചപ്പെടുത്തുന്നു.
- ടിജിബി