കേരളത്തിലെ ആദ്യത്തെ അയഡിൻ131 ഉപയോഗിച്ചുള്ള ചികിത്സ കിംസ് ആശുപത്രിയിൽ വിജയകരമായി
Tuesday, May 2, 2017 2:07 AM IST
കേരളത്തിൽ ആദ്യമായി കരളിലെ ട്യൂമറിന് അയഡിൻ 131 ലിപിയൊഡോൾ ഉപയോഗിച്ചുകൊണ്ടുള്ള ട്രാൻസ് ആർട്ടീരിയൽ എംബലൈസേഷൻ (TARE) .ചികിത്സ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ. കരളിലെ കാൻസർ ബാധിച്ച എഴുപത്തിനാലുകാരനാണ് ചികിത്സ നടത്തിയത്. ശസ്ത്രക്രിയയിലൂടെ കരളിലെ ട്യൂമറുകൾ നീക്കം ചെയ്യാൻ സാധിക്കാത്ത ലിവർ കാൻസർ രോഗികൾക്കാണ് ഈ നൂതന ചികിത്സ ചെയ്യുന്നത്. ലിവർ ട്യൂമറിനുള്ള ചികിത്സയായ ടാർഗറ്റഡ് കീമോഎംബലൈസേഷൻ എന്ന ചികിത്സയോട് രോഗിയുടെ ശരീരം ശരിയായി പ്രതികരിക്കാതെ വരുന്പോഴാണ് TARE ചികിത്സ ചെയ്യുന്നത്. ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിൽ നിന്നാണ് അയഡിൻ 131 നേരിട്ട് ആശുപത്രിക്കു ലഭിച്ചത്.

ഈ ചികിത്സയിൽ, രോഗിയുടെ ശരീരത്തിലേക്ക് ധമനിയിലൂടെ ഒരു ചെറിയ കത്തീറ്റർ കടത്തുന്നു. കത്തീറ്ററിന്‍റെ അറ്റം ലിവർ ട്യൂമറിന്‍റെ സമീപം എത്തിക്കുന്നു. ഇതിലൂടെ റേഡിയോ ആക്ടീവ് പദാർത്ഥം (അയഡിൻ131 ലിപിയോഡോൾ) നേരിട്ട് കടത്തിവിടുന്നു. ഈ റേഡിയോ ആക്ടീവ് പദാർത്ഥം ട്യൂമറിലേക്ക് റേഡിയേഷൻ പുറപ്പെടുവിക്കുകയും അതിലൂടെ ട്യൂമറിലെ അപകടകാരിയായ കോശങ്ങൾ നശിക്കുകയും ചെയ്യുന്നു. ട്യൂമർ കോശങ്ങളിലേക്ക് റേഡിയേഷൻ നേരിട്ട് കടത്തിവിടുന്നതിനാൽ ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിൽ അധികം റേഡിയേഷൻ ബാധിക്കില്ല. രോഗിക്ക് ആ ചികിത്സാരീതി താങ്ങാനാവുന്നതാണ്. കാരണം കീമോതെറാപ്യൂട്ടിക് മരുന്നുകൾ ഉപയോഗിക്കുന്പോൾ ഉണ്ടാകുന്നതുപോലെയുള്ള പാർശ്വഫലങ്ങൾ ഇതിനില്ല. മാത്രമല്ല, വികസിത രാജ്യങ്ങളിൽ ലിവർ കാൻസറിന് ഇത്തരം ചികിത്സ വ്യാപകവുമാണ്. യിട്രിയം 90 അല്ലെങ്കിൽ റീനിയം 188 പോലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചു ചെയ്യുന്നതിനേക്കാൾ എട്ടിലൊന്ന് ചെലവേ എയഡിൻ131 ഉപയോഗിച്ച് ഈ ചികിത്സ ചെയ്യുന്പോൾ ഉണ്ടാകുന്നുള്ളൂ.


വിവിധ ചികിത്സാവിദഗ്ദ്ധർ ഉൾപ്പെട്ട ടീമിൽ ഇന്‍റവെൻഷണൽ റേഡിയോളജി കണ്‍സൾട്ടന്‍റുകളായ ഡോ. മാധവൻ ഉണ്ണി, ഡോ. മനീഷ് കുമാർ യാദവ്, ന്യൂക്ലിയർ മെഡിസിൻ കണ്‍സൾട്ടന്‍റ്സായ ഡോ. എം.ആർ.പിള്ള, ഡോ. ബിന്ദു, ലിവർ ട്രാൻസ്പ്ലാന്‍റ് സർജൻസ്, ഡോ.വേണുഗോപാൽ, ഡോ. ഷബീറലി ടി.യു, ഡോ. ഷിറാസ് അഹമ്മദ് റാവുത്തർ, കാത്ത്ലാബ്, ന്യൂക്ലിയർ മെഡിസിൻ ടീംസ് എന്നിവരും ചികിത്സയിലും പരിചരണത്തിലും പങ്കുചേർന്നു. ചികിത്സയ്ക്കുശേഷം പൂർണ്ണ ആരോഗ്യവാനായി രോഗിയെ ഡിസ്ചാർജ് ചെയ്തു.