ഡയബറ്റിക് റെറ്റിനോപതി: അറിയേണ്ടതെല്ലാം
പ്രമേഹം മൂലം കണ്ണിന്‍റെ നേത്രാന്തരപടലത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. ഇതുകാരണം നേത്രാന്തരപടലത്തിലെ രക്തക്കുഴലുകൾക്ക് നീരുവരാനും പുതിയ രക്തക്കുഴലുകൾ വളർന്നുവരികയും അതുപൊട്ടി കണ്ണിനുള്ളിൽ രക്തസ്രാവം ഉണ്ടാവുകയും നേത്രാന്തരപടലം ഇളകിവരാനും കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്.

നിങ്ങൾക്ക് ഡയബറ്റിക് റെറ്റിനോപതി ഉണ്ടെങ്കിൽ തുടക്കത്തിൽ അതു നിങ്ങളുടെ കാഴ്ചയെ ബാധിക്കില്ല. ഡയബറ്റിക് റെറ്റിനോപതി സാധാരണയായി രണ്ടു കണ്ണിനെയും ബാധിക്കും. മുൻകൂട്ടിയുള്ള കണ്ടെത്തലും ചികിത്സയും കൊണ്ട് കാഴ്ച നഷ്ടപ്പെടുന്നത്. ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും.

ഡയബറ്റിക് റെറ്റിനോപതിയുടെ നാലു ഘട്ടങ്ങൾ ഏതൊക്കെയാണ്?

* മൈൽഡ് നോണ്‍പ്രോലിഫെറേറ്റീവ് റെറ്റിനോപതി

ഇത് ഡയബറ്റിക് റെറ്റിനോപതിയുടെ ആദ്യ ഘട്ടമാണ്. ഈ ഘട്ടത്തിൽ രക്തക്കുഴലുകൾ വികസിച്ച് ബലൂണ്‍ പോലെയാകുന്നു. ഇതിനെ മൈക്രോ അന്യൂറിസം എന്നുവിളിക്കുന്നു. ഇതിനോടൊപ്പം ചെറിയ രക്തക്കട്ടകളും കാണുന്നു. കണ്ണിന്‍റെ ഞരന്പിന് ക്ഷതമേറ്റതിന്‍റെ പാടുകളും കാണാവുന്നതാണ്. ഈ ഘട്ടത്തിൽ എല്ലാവർക്കും കാഴ്ചമങ്ങൽ അനുഭവപ്പെടണമെന്നില്ല.

മോഡറേറ്റ് നോണ്‍പ്രോലിഫറേറ്റ് റെറ്റിനോപതി

ഇത് ഡയബറ്റിക് റെറ്റിനോപതിയുടെ രണ്ടാമത്തെ ഘട്ടമാണ്. ഈ ഘട്ടത്തിൽ മൈക്രോ അന്യൂറിസവും രക്തക്കട്ടകളും ഞരന്പിനു ക്ഷതമേറ്റ പാടുകളും കൂടുതലായി കാണപ്പെടുന്നു. ഇതുമൂലം കണ്ണിന്‍റെ ഞരന്പിന്‍റെ രക്തയോട്ടം കുറയാനും കാഴ്ച മങ്ങാനുമുള്ള സാധ്യതയുണ്ട്.

സിവിയർ നോണ്‍പ്രോലിഫറേറ്റീവ് റെറ്റിനോപതി

ഈ ഘട്ടത്തിൽ കണ്ണിന്‍റെ നേത്രാന്തര പടലത്തിൽ കൂടുതൽ ഭാഗത്ത് ഇത് ബാധിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇതുമൂലം പുതിയ രക്തക്കുഴലുകൾ ഉണ്ടാകാനുള്ള പ്രവണതയുണ്ടാകുന്നു.

പ്രോലിഫറേറ്റീവ് റെറ്റിനോപതി

ഇത് ഡയബറ്റികം റെറ്റിനോപതിയുടെ ഗുരുതരമായ അവസ്ഥയാണ്. ഈ ഘട്ടത്തിൽ പുതിയ രക്തക്കുഴലുകൾ നേത്രാന്തര പടലത്തിൽ വളരുകയും അതു കണ്ണിന്‍റെ ബാക്കിയുള്ള ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. ഇതു ചികിത്സിക്കാതെയിരുന്നാൽ കാഴ്ച കുറയുവാനും ക്രമേണ അന്ധതയ്ക്കും ഇടയാക്കിയേക്കാം.

ഡയബറ്റിക് റെറ്റിനോപതി എങ്ങനെയാണ് കണ്ണിനെ ബാധിക്കുന്നത്?

കേടുവന്ന രക്തധമനികളിൽനിന്നും പുതിയതായി വളർന്ന ദുർബലവും അസാധാരണവുമായ രക്തധമനികളിൽനിന്നും ദ്രാവകവും രക്തവും റെറ്റിനയുടെ ഉള്ളലേക്കു പോകുന്നു. റെറ്റിനയുടെ നടുവിലുള്ള മാക്കുല എന്ന ഭാഗത്തെയാണ് ഇതു കൂടുതലും ബാധിക്കുന്നത്. ഇതിനെ മാക്കുലാർ എഡിമ എന്നുവിളിക്കുന്നു. ഇതാണ് പ്രമേഹരോഗികളിൽ കാഴ്ചക്കുറവിനുള്ള പ്രധാന കാരണം. ഈ ദുർബലമായ രക്തധമനികളിൽനിന്നു രക്തസ്രാവം ഉണ്ടാവുകയും അത് വിട്രോസ് ക്യാവിറ്റിയിലേക്ക് ഒഴുകുകയും വിട്രൗസ് ഹെമറേജ് എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇങ്ങനെയും ഗുരുതരമായ കാഴ്ച നഷ്ടം ഉണ്ടാകുന്നതാണ്.

ആർക്കെല്ലാമാണു ഡയബറ്റിക് റെറ്റിനോപതി വരാനുള്ള സാധ്യതയുള്ളത്?

എല്ലാ പ്രമേഹരോഗികളും വർഷത്തിൽ ഒരു തവണയെങ്കിലും സന്പൂർണ നേത്രപരിശോധന ചെയ്യേണ്ടത് അനിവാര്യമാണ്. ദീർഘകാലമായി പ്രമേഹമുള്ളവരിൽ ഡയബറ്റിക് റെറ്റിനോപതിക്കുള്ള സാധ്യതകൾ ഏറെയാണ്.

ഡയബറ്റിക് റെറ്റിനോപതി ഒരു പരിധിവരെ ചികിത്സിക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ഡോക്ടർ നിങ്ങൾക്കു ചേർന്ന ചികിത്സാ രീതി നിർദേശിക്കുന്നതാണ്. ഒപ്പം രോഗത്തിന്‍റെ പുരോഗതി നിരീക്ഷിച്ച് നിയന്ത്രിക്കുന്നതുമാണ്.

ഗർഭിണികളിൽ പ്രമേഹം കണ്ണിനെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. കാഴ്ച സംരക്ഷിക്കുന്നതിന് എല്ലാ പ്രമേഹരോഗമുള്ള ഗർഭിണികളും ഡൈയലേറ്റഡ് ഐ എക്സാമിനേഷന് വിധേയമാകേണ്ടതാണ്.

കാഴ്ച സംരക്ഷിക്കുന്നതിനു വേണ്ടി എന്താണുചെയ്യേണ്ടത്?

ഡൈയലേറ്റഡ് ഐ എക്സാം: നിങ്ങളുടെ കണ്ണുകളിൽ തുള്ളിമരുന്ന് ഒഴിച്ച് കൃഷ്ണമണികൾ വികസിപ്പിച്ചതിനു ശേഷം ഡോക്ടർ നിങ്ങളുടെ കണ്ണന്‍റെ ഉൾഭാഗം നന്നായി പരിശോധിക്കും. കേടുപാടിന്‍റെ എന്തെങ്കിലും ലക്ഷണങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടോ എന്നറിയുന്നതിനായി വലുതായി കാണാൻ കഴിയുന്ന ഒരു ലെൻസ് ഉപയോഗിച്ച് നിങ്ങളുടെ റെറ്റിനയും കണ്ണിലെ ഞരന്പുകളും പരിശോധിക്കുന്നു.

ബ്ലഡ് ഷുഗർ കണ്‍ട്രോൾ

നിങ്ങളുടെ രക്തത്തിലെ ,ഷുഗറിന്‍റെ അളവ് കൃത്യമായി നിയന്ത്രിക്കുന്നതിലൂടെ പ്രമേഹം മൂലമുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപതിയും കിഡ്നിയുടെയും ഞരന്പിന്‍റെയും പ്രശ്നങ്ങളും നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.

ഡയബറ്റിക് റെറ്റിനോപതി ഉണ്ടോയെന്ന് എങ്ങനെ മനസിലാക്കാം?

ഡയബറ്റിക് റെറ്റിനോപതിയുടെ ആദ്യ ഘട്ടത്തിൽ ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. അതിാൽതന്നെ, സന്പൂർണ പരിശോധനയില്ലാതെ ഡയബറ്റികം റെറ്റിനോപതി തുടക്കത്തിൽ കണ്ടുപിടിക്കാനാവില്ല. രോഗം പുരോഗമിക്കുന്നതിലൂടെ കാഴ്ചയ്ക്കു മങ്ങൽ അനുഭവപ്പെടാൻ തുടങ്ങും. കണ്ണിനു മുന്നിൽ കറുത്തപടലങ്ങൾ ഉള്ളതുപോലെ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു റെറ്റിന സ്പെഷ്യലിസ്റ്റിനെ കാണേണ്ടതാണ്. നിങ്ങളുടെ കാഴ്ചയിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ കഴിവതും വേഗം നിങ്ങളുടെ നേത്ര ഡോക്ടറെ കാണേണ്ടത് വളരെ പ്രധാനമാണ്.


ഡയബറ്റിക് റെറ്റിനോപതി നിർണയിക്കുന്നതെങ്ങനെ?

ഡൈലേറ്റഡ് ഐ എക്സാമിനേഷൻ

നിങ്ങളുടെ കണ്ണുകളിൽ തുള്ളിമരുന്ന് ഒഴിച്ച് കൃഷ്ണമണികൾ വികസിപ്പിച്ചതിനു ശേഷം ഡോക്ടർ നിങ്ങളുടെ കണ്ണന്‍റെ ഉൾഭാഗം നന്നായി പരിശോധിക്കുന്നു. കേടുപാടിന്‍റെ എന്തെങ്കിലും ലക്ഷണങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടോ എന്നറിയാനായി വലുതായി കാണാൻ സാധിക്കുന്ന ഒരു ലെൻസ് ഉപയോഗിച്ച് നിങ്ങളുടെ റെറ്റിനയും കണ്ണിലെ ഞരന്പുകളും പരിശോധിക്കുന്നു.

കളർ ഫണ്ടസ് ഫോട്ടോഗ്രാഫി

ഈ ടെസ്റ്റിൽ ഒരു മൈക്രോ സ്കോപ് ഘടിപ്പിച്ചുള്ള ഒരു സ്പെഷ്യൽ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ കണ്ണിനുള്ളിലെ പ്രതലത്തിന്‍റെയും റെറ്റിനയുടെയും ഫോട്ടോ എടുക്കുന്നു.

ഫൽറസീൻ ആൻജിയോഗ്രാം

നിങ്ങളുടെ കയ്യിലെ ഞരന്പിൽ ഒരു മരുന്നു കുത്തിവയ്ക്കുകയും രക്തധമനികളിലൂടെ മരുന്നു കടന്നുപോകുന്പോൾ റെറ്റിനയിലെ രക്തധമനികളുടെ ഫോട്ടോയെടുക്കുകയും ചെയ്യുന്നു. ചോർച്ചയുള്ള രക്തധമനികളുണ്ടോയെന്നു മനസിലാക്കാൻ ഈ ടെസ്റ്റ് സഹായിക്കുന്നു.

ഒപ്റ്റിക്കൽ കോഹറൻസ് മോണോഗ്രാഫി

ഈ ടെസ്റ്റിൽ ഒരു സ്പെഷൽ കാമറ ഉപയോഗിച്ച് നിങ്ങളുടെ റെറ്റിനയുടെ ഫോട്ടോ എടുക്കുന്നു. റെറ്റിനയിലെ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഈ ടെസ്റ്റ് ഡോക്ടറെ സഹായിക്കുന്നു.

നോണ്‍ പ്രോലിഫെറെറ്റീവ് റെറ്റിനോപതി ചികിത്സിക്കുന്നത് എങ്ങനെയാണ്?

ഡയബറ്റികം റെറ്റിനോപതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിൽ സാധാരണഗതിയിൽ ചികിത്സ ആവശ്യമില്ല. പ്രമേഹവും കൊളസ്ട്രോളും രക്തസമ്മർദവും നിയന്ത്രണത്തിൽ വച്ചാൽ ഡയബറ്റിക് റെറ്റിനോപതി അടുത്ത ഘട്ടങ്ങളിലേക്കു പുരോഗമിക്കുന്നത് നമുക്ക് തടയാനാകും. പക്ഷേ, മാക്കുലർ എഡിമ ഉണ്ടെങ്കിൽ ചികിത്സിക്കേണ്ടത് അത്യവശ്യമാണ്.

എങ്ങനെയാണ് മാക്കുലർ എഡിമ ചികിത്സിക്കുന്നത്?

ലേസർ ട്രീറ്റ്മേന്‍റ്: ഈ ചികിത്സയിൽ രക്തധമനികളിൽ ചോർച്ചയുള്ള ഭാഗത്തേക്ക് ഡോക്ടർ ഹൈ എനർജി ലേസർ അടിക്കുന്നു. ഇത് ദ്രാവകത്തിന്‍റെ ചോർച്ച സാവധാനത്തിലാക്കുകയും റെറ്റിനയിലേക്കു വീഴുന്ന ദ്രാവകത്തിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യും. ലേസർ ട്രീറ്റ്മെന്‍റ് രോഗപുരോഗതി 50 ശതമാനത്തോളം കുറയ്ക്കുകയും കാഴ്ച ശക്തി കൂട്ടാനും സഹായിക്കും. രക്തധമനികളുടെ ചോർച്ച കുറയ്ക്കാനായി ഈ ചികിത്സ ഒന്നിലധികം പ്രാവശ്യം ചെയ്യേണ്ടിവരും.

ആന്‍റിവി.ഇ.ജി.എഫ് ചികിത്സ: ആന്‍റിവി.ഇ.ജി.എഫ് എന്നാൽ ആന്‍റിവാസ്കുലർ എൻഡോതീലിയൻ ഗ്രോത്ത് ഫാക്ടർ എ്ന്നാണ്. മാക്കുലയിൽ വീക്കത്തിന് ഇടയാക്കുന്ന തരത്തിൽ മാക്കുലയിലെ രക്തധമനികളുടെ വളർച്ചയ്ക്കും ചോർച്ചയ്ക്കും ഇടയാക്കുന്ന ഒരു പ്രേരകം വി.ജി.ഇ.എഫ് ആണെന്നു കരുതുന്നു. കണ്ണിൽ കുത്തിവയ്ക്കുന്ന ആന്‍റിവി.ഇ.ജി.എഫ് ഒൗഷധങ്ങൾ ഇതിനെ തടയാൻ സഹായിക്കും.

എങ്ങനെയാണ് പ്രോലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപതി ചികിത്സിക്കുന്നത്?

സ്കാൽറ്റെർ ലേസർ ട്രീറ്റ്മെന്‍റ് (പാൻ റെറ്റിനൽ ഫോട്ടോ കോഗുലേഷൻ ): ദുർബലവും അസാധാരണവുമായി വളർന്ന പുതിയ രക്തധമനികളെ ലേസർ ഉപയോഗിച്ചു അടയ്ക്കുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. ഒന്നിൽ കൂടുതൽ ലേസർ സ്പോട്സ് ഉപയോഗിച്ചു ചെയ്യുന്ന ചികിത്സയായതിനാൽ പല തവണകളായാണ് ഇതു ചെയ്യുന്നത്. നിങ്ങളുടെ കാഴ്ചയെ സംരക്ഷിക്കാൻ ഇതു സഹായിക്കും. ആന്‍റിവി.ഇ.ജി.എഫ് ഇൻജക്ഷനും ഇതോടൊപ്പം എടുക്കാവുന്നതാണ്.

വിട്രെക്ടമി

വിട്രൗസ് ക്യാവിറ്റിയിലേക്കു രക്തസ്രാവം ഉണ്ടാവുകയോ നേത്രാന്തരപടലം അടർന്നു പോവുകയോ ചെയ്താൽ വിട്രെക്ടമി സർജറി ചെയ്യേണ്ടതാണ്. ഇങ്ങനെ രക്തം കലർന്ന വിട്രൗസ് ഫൽയിഡ് നീക്കം ചെയ്യാവുന്നതാണ്. ഇതുമൂലം കാഴ്ച മെച്ചപ്പെടുന്നതാണ്. ആരോഗ്യമുള്ള ഒരു നേത്രാന്തരപടലം നമ്മുടെ കണ്ണിന് അനിവാര്യമാണ്. അതിനാൽ, ജീവിതശൈലിയിൽ മാറ്റം വരുത്തുകയും പ്രമേഹം നിയന്ത്രിക്കുകയും കൃത്യമായ കണ്ണ് പരിശോധന നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഡോ. ഹർഷാലി യാദവ്
കിംസ് ആശുപത്രി, തിരുവനന്തപുരം.