"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
Tuesday, October 17, 2017 5:27 AM IST
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ഫോറം സംഘടിപ്പിച്ചു. സ്തനാർബുദ മാസമായി ആചരിക്കുന്ന ഒക്ടോബറിൽ ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചത്. "ഞണ്ടുകളുടെ നാട്ടിൽ- അർബുദത്തെതിരേയുള്ള യുദ്ധത്തിൽ പോരാടുക’ എന്നതായിരുന്നു ഫോറത്തിന്‍റെ പ്രതിപാദ്യവിഷയം.

അസാധാരണവും രസകരവുമായ ഈ പരിപാടിയിൽ ആസ്റ്റർ മെഡ്സിറ്റിയിലെ പ്രമുഖ ഓങ്കോളജിസ്റ്റുകളും സിനിമയുടെ ടീം അംഗങ്ങളും ചർച്ചകൾ നടത്തി. പ്രമുഖ നടി ശാന്തികൃഷ്ണ, സംവിധായകൻ അൽതാഫ്, തിരകഥാകൃത്ത് ജോർജ് കോര എന്നിവരായിരുന്നു സിനിമാ ടീം. സംവിധായകനും തിരകഥാകൃത്തും ചേർന്നു സിനിമയുടെ കഥ, കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു.

മെഡിക്കൽ ഓങ്കോളജിയിലെ ഡോ. അരുണ്‍ വാര്യർ, സർജിക്കൽ ഓങ്കോളജിയിലെ ഡോ. സലീം, റേഡിയഷൻ ഓങ്കോളജിയിലെ ഡോ. ദുർഗ, പെയിൻ ആൻഡ് പാലിയേറ്റീവലെ ഡോ. രാംകുമാർ എന്നീ സീനിയർ ഡോക്ടർമാർ ഉൾപ്പെട്ടതായിരുന്നു ഡോക്ടർമാരുടെ പാനൽ. യൗവനാവസ്ഥയിൽ സ്ത്രീകളിൽ സാധാരണമായ സ്തനാർബുദത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും പേടിയും അവർ ദുരീകരിച്ചു.


അർബുദത്തെക്കുറിച്ചു വ്യക്തമായ സമീപനമാണ് സിനിമയിലൂടെ ഡോക്ടർ നൽകിയതെന്നും ഗുരുതരമായ ഒരു പ്രശ്നം സൂക്ഷമതയോടെയാണ് കൈകാര്യം ചെയ്തതെന്നും ആസ്റ്റർ മെഡ്സിറ്റിയിലെ കണ്‍സൾട്ടന്‍റ് ഓങ്കോളജിസ്റ്റ് ഡോ. അരുണ്‍ വാര്യർ പറഞ്ഞു. നേരത്തെയുള്ള രോഗനിർണയത്തിന്‍റെ പ്രധാന്യത്തെക്കുറിച്ചും, വിജയകരമായ ചികിത്സയെക്കുറിച്ചുമുള്ള ബോധവത്കരണം നൽകാൻ വിജയകരമായ ഈ സിനിമ സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രോഗികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും അർബുദത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് മറുപടി നൽകി. കൂടുതൽ വിവരങ്ങൾക്ക്: ടി.ബി വേണുഗോപാൽ (98470 41616).