പ്രതിരൂപം കാണാത്ത പെൺകുട്ടി
പ്രതിരൂപം കാണാത്ത പെൺകുട്ടി
<യ> അയ്മനം ജോൺ

കണ്ണാടി കണ്ടുപിടിക്കപ്പെടുന്നതിന് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഒരു പെണ്കുിട്ടിക്ക് തന്റെ പൂർണ്ണാകായ പ്രതിരൂപം ഒരിക്കലെങ്കിലും ഒന്ന് കാണണമെന്ന് വലിയതായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരാൾ സ്വന്തം പ്രതിരൂപത്തെ എത്രത്തോളം കാണുന്നുവോ അയാൾക്ക് സഹജീവികളെ കാണുന്നതിനുള്ള കഴിവ് അത്രത്തോളം കുറഞ്ഞ്പോകുമല്ലോ എന്ന് ഭയന്നിരുന്നതിനാൽ, പ്രതിരൂപം കാണുന്നത് പാപമാണെന്നു വിശ്വസിച്ചിരുന്ന, ഒരു സമൂഹത്തിലാണ് അവൾ ജീവിച്ചിരുന്നത്. അതുകൊണ്ട് തന്റെ അഭിലാഷത്തെ അവൾക്ക് മറ്റാരെയും അറിയിക്കാതെ മറച്ചു വയ്ക്കേണ്ടിയും വന്നു.

ഒഴുക്ക്നിലച്ച അരുവികളിലേക്കും ഓളങ്ങളില്ലാത്ത ജലാശയങ്ങളിലേക്കും പാറപ്രദേശങ്ങളിലെ വെള്ളക്കെട്ടുകളിലേക്കുമൊക്കെ തരംകിട്ടുമ്പോഴെല്ലാം അവൾ എത്തി നോക്കിയെങ്കിലും അങ്ങനെ കണ്ട ഭാഗിക പ്രതിരൂപ ദൃശ്യങ്ങളൊന്നും അവളെ തൃപ്തയാക്കിയില്ല. കുനിഞ്ഞു കിടന്നും കഴുത്ത് നീട്ടിയുമൊക്കെക്കാണുന്ന അത്തരം തിരശ്ചീന ദൃശ്യങ്ങളായിരുന്നില്ല അവള്ക്ക് കാണേണ്ടിയിരുന്നത്. അവളെത്തന്നെ നേർക്ക് നേർ നോക്കി നിൽക്കുന്ന പ്രതിരൂപത്തെയാണ് അവൾ കാണാൻ കൊതിച്ചത്.
വെള്ളത്തെ ലംബമായി കാണാൻ കഴിയുന്ന ഒരിടം ഉണ്ടെങ്കിൽ അങ്ങനെ ഒരു പ്രതിരൂപദൃശ്യം സാധ്യമാവുമല്ലോ എന്നവൾ ആലോചിക്കാറുണ്ടായിരുന്നു. അങ്ങനെ എവിടമെങ്കിലും ഉണ്ടോ എന്ന് അടുപ്പമുള്ളവരോടെല്ലാം കൗശലപൂർവ്വം അന്വേഷിച്ചു കൊണ്ടുമിരുന്നു. എന്തിനാണെന്നുള്ളത് വെളിപ്പെടുത്താതെ.


അത്തരം ഒരിടം കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് അവളുടെ ഒരു കൂട്ടുകാരി ഒരു ദിവസം അവളെ കൂട്ടിക്കൊണ്ടു പോയി വനത്തിനുള്ളിലൂടെ ദീർഘദൂരം നടത്തി കൊണ്ടെത്തിച്ചതാകട്ടെ ഒരു വെള്ളച്ചാട്ടത്തിന്റെ മുന്നിലായിരുന്നു!

അതിനാൽ ,പിന്നീട് അവൾ അക്കാര്യത്തിനായി ആരോടും ഒന്നും അന്വേഷിക്കാൻ തുനിഞ്ഞതുമില്ല.
എങ്കിലും, അടുത്തേക്ക് ചെന്ന അപരനേത്രങ്ങളിൽ തെളിഞ്ഞ തന്റെ പ്രതിരൂപങ്ങളിലേക്ക് സൂക്ഷിച്ചുനോക്കി, കുറേക്കാലം കൂടി അവൾ ശ്രമം തുടർന്നു. പക്ഷേ അപ്രകാരം കണ്ട പ്രതിരൂപങ്ങളത്രയും അല്പ്പമാത്രമായിരുന്നുവെന്ന് തന്നെയല്ല, വികലവുമായിരുന്നു.

അങ്ങനെ, കാണാനാഗ്രഹിച്ച പ്രതിരൂപം കാണാൻ കഴിയാതെതന്നെ അവളുടെ കൗമാര യൗവന കാലങ്ങൾ കടന്നു പോയി. തുടർന്ന് ശരീരവടിവുകൾ നഷ്‌ടപ്പെട്ടു തുടങ്ങിയതോടെ അവളുടെ ഉള്ളിൽ പ്രതിരൂപം കാണണമെന്ന ആഗ്രഹം പതിയെപ്പതിയെ അണഞ്ഞു പോകുകയും ചെയ്തു.
..പിന്നെയവൾ വൃദ്ധയായി, തന്നെ ഒരിക്കൽപോലും കാണാതെ മരിച്ചുപോയി.
അവൾ അങ്ങനെ മരിച്ചുപോയെങ്കിലും, കണ്ണാടിയിൽ നോക്കുന്ന പെൺകുട്ടികൾക്ക് ഇന്നും, തങ്ങളുടെ പ്രതിരൂപങ്ങളിൽ അവളെയും കാണാൻ കഴിയേണ്ടതായിരുന്നു. എന്നാൽ സ്വന്തം പ്രതിരൂപത്തെ കണക്കറ്റ് സ്നേഹിക്കുന്നവരുടേതായ ഒരു സമൂഹത്തിൽ ജീവിക്കുന്നതുകൊണ്ട് അവർക്ക് അതിനു കഴിയുന്നില്ലെന്ന് മാത്രം.

<ശാഴ െൃര=/ളലമേൗൃല/മൊസെമൃശബ2016ലെുേ07്മ4.ഷുഴ മഹശഴി=ഹലളേ>

useful_links
story
article
poem
Book