ദുഖാനന്ദം
ദുഖാനന്ദം
പ്രഭാവർമ

നെൽച്ചെടിക്കു ജന്മം കൊടുക്കാൻ സ്വയം
നെഞ്ചുകീറി മരിക്കുന്ന നെന്മണി
ക്കുള്ളിലെന്താണു, സങ്കടം തന്നെയോ?
സങ്കടങ്ങളാറ്റുന്നൊരാനന്ദമോ?

മന്ദമന്ദമലിഞ്ഞു മഴയായി
നിന്നനിൽപ്പിലില്ലാതെയാവുന്നൊരീ
വേള, മേഘത്തിനുള്ളിലെന്തായിടും;
നീറ്റലോ, നീറ്റലാനന്ദമാക്കലോ?

ഏതു ധൂപപാത്രത്തിലോ തീക്കനൽ
മീതെ വീണുരുകും കുന്തിരിക്കത്തി
നുള്ളിലെന്താണു പൊള്ളലോ; പൊള്ളലും
നൽക്കുളിർസ്പർശമാക്കുന്ന സ്നേഹമോ?


വെട്ടുകൊണ്ടുവീഴുന്പോളുടലിലും
ഒപ്പമുള്ളിലുമേൽക്കും മുറിവിനാൽ
വേദനിക്കുമോ ചന്ദനം; നൊന്പരം
വാറ്റി സൗരഭ്യമാക്കി മാറ്റീടുമോ?

നെഞ്ചുടച്ചു പുലരിയെ സൃഷ്ടിച്ചു
ഞെട്ടിമാറുന്ന രാവിന്‍റെയുള്ളിലായ്
നീറിടുന്നതെന്താവും നിജസ്വത്വ
ഭാവനഷ്ടമോ, പൂന്പുലർവെട്ടമോ?

രാവിലേക്കൂളിയിട്ടു പോകും വൃദ്ധ
സൂര്യനുള്ളിലായ് കാക്കും വികാരമെ
ന്താവു,മെല്ലാമൊടുങ്ങുന്ന ദുഃഖമോ,
നാളെ വന്നുദിക്കാമെന്ന സ്വപ്നമോ!

useful_links
story
article
poem
Book