പെരുമഴയത്തും വെള്ളച്ചാട്ടം കാണാന്‍.....
പെരുമഴയത്തും വെള്ളച്ചാട്ടം കാണാന്‍.....
ദിവസങ്ങളായി കനത്ത മഴയാണെങ്കിലും തൃപ്പരപ്പിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിന് കുറവില്ല... അതും വെള്ളച്ചാട്ടം കാണാൻ. പ​ഴ​യ തി​രു​-കൊ​ച്ചി​യി​ലും പി​ന്നെ സം​സ്ഥാ​ന വി​ഭ​ജ​ന​ത്തി​ൽ ത​മി​ഴ് നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലു​മാ​യ തൃ​പ്പ​ര​പ്പി​ന്‍റെ വ​ശ്യ​ത നു​ക​രാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. മ​ഴ മാ​റി​ നിൽക്കുന്പോൾ മ​നം കു​ളി​ർ​പ്പി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂടും. സ​ഞ്ചാ​രി​ക​ളിൽ അ​ധി​ക​വും മ​ല​യാ​ളി​ക​ളാ​ണ്. നീ​ലാ​കാ​ശ​ത്തേ​യ്ക്ക് പ​ട​ർ​ന്നു നി​ൽ​ക്കു​ന്ന ഗി​രി​ശൃം​ഗ​ങ്ങ​ളും സ്ഫ​ടി​ക തു​ല്യ​മാ​യ ജ​ലാ​ശ​യ​വും തൃ​പ്പ​ര​പ്പി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്. ചു​റ്റും നി​ബി​ഢ​മാ​യ റ​ബ​ർ മ​ര​ങ്ങ​ളും പ​ശ്ചി​മ​ഘ​ട്ട സ​ഹ്യാ​ദ്രി മേ​ടു​ക​ളും തൂ​വെ​ള​ള നി​റ​ത്തി​ലു​ള​ള ജ​ലാ​ശ​യ​ത്തെ അ​തീ​വ മ​നോ​ഹ​രി​യാ​ക്കു​ന്നു.

തൃ​പ്പ​ര​പ്പ് വെ​ള​ള​ച്ചാ​ട്ട​ത്തി​ന് 50 അ​ടി ഉ​യ​രം. തൂ​വെ​ള​ള നി​റ​ത്തി​ൽ കു​തി​ച്ചുചാ​ടു​ന്ന കാ​ട്ട​രു​വി​ക്ക് എ​ന്തെ​ന്നി​ല്ലാ​ത്ത കു​ളി​രാ​ണ്. വെ​ള​ള​ച്ചാ​ട്ട​ത്തി​ന്‍റെ അ​ടി​യി​ൽ ഇ​റ​ങ്ങി നി​ന്ന് കു​ളി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം . വി​ശ്ര​മി​ക്കാ​നു​ള​ള ക​ൽ​മ​ണ്ഡ​പ​ങ്ങ​ളി​ൽ എ​പ്പോ​ഴും ത​ണു​ത്ത കാ​റ്റി​ന്‍റെ മ​ർ​മ​രം. ഔ​ഷ​ധ​ങ്ങ​ൾ നി​റ​ഞ്ഞ അ​ഗ​സ്ത്യ​മ​ല​യി​ൽ നി​ന്നും വ​രു​ന്ന വെ​ള്ള​ത്തി​ൽ ഒ​ന്നു കു​ളി​ച്ചാ​ൽ മ​ന​സ്സും ശ​രീ​ര​വും ഒ​ന്നു ത​ണു​ക്കും. അ​സ്ത​മ​യ പ്ര​ഭ​യി​ൽ ഇ​ളം മ​ഞ്ഞും കോ​ടക്കാ​റ്റും മ​റ്റൊ​രു പ്ര​പ​ഞ്ച വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണി​വി​ടെ. പക്ഷെ, തൃ​പ്പ​ര​പ്പി​ന്‌റെ പ്ര​കൃ​തി​ലാ​ള​ന​യി​ൽ മ​തി​മ​റ​ന്നാ​ൽ അ​പ​ക​ടം നി​ശ്ച​യ​മാ​ണ്. പാ​യ​ലു നി​റ​ഞ്ഞ പാ​റ​പ്പ​ര​പ്പു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ൾ അ​പ​ക​ടം മു​ന്നി​ൽ കാ​ണ​ണം.

കോ​ത​യാ​റ​ന് പ​റ​യാ​ൻ ഒ​ട്ടേ​റെ ച​രി​ത്ര​മു​ണ്ട്. കൊ​ല്ല​വ​ർ​ഷം 300ന് ​ഇ​ട​യ്ക്ക് അ​ഗ​സ്ത്യ​മ​ല​യു​ടെ അ​പ്പു​റ​ത്ത് കോ​ത​യാ​റി​ൻ തീ​ര​ത്ത് വാ​ണ കാ​ട്ടു​രാ​ജാ​വാ​ണ് വീ​ര​മാ​ർ​ത്താ​ണ്ഡ​ന​ര​യ​ൻ. കോ​ത, പ​റ​ളി, മ​ണി​മു​ത്തി, ചെ​മ്പ​രു​ത്തി എ​ന്നീ ന​ദി​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​ത്ത് കോ​ത​യാ​ർ ആ​സ്ഥാ​ന​മാ​ക്കി​യാ​ണ് നാ​ട്ടു​രാ​ജാ​വ് ഭ​രി​ച്ചി​രു​ന്ന​ത്. അ​ന്ന​ത്തെ നാ​ടു​വാ​ഴി ആ​റ്റി​ങ്ങ​ൽ ത​മ്പു​രാ​ൻ ആ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ത​മ്പു​രാ​നാ​ണ് വീ​ര​മാ​ർ​ത്താ​ണ്ഡ​നെ അ​ര​യ​ൻ പ​ട്ടം സ്ഥാ​നം​ന​ൽ​കു​ക​യും പൊ​ന്നും പൊ​രു​ളും ക​ൽ​പ്പി​ച്ച് ന​ൽ​കു​ക​യും അ​ടി​പാ​ണ്ടി, ന​ടു​പാ​ണ്ടി, ത​ല​പാ​ണ്ടി എ​ന്നീ ദേ​ശ​ങ്ങ​ളി​ലെ ക​ര​വും മ​റ്റ് അ​വ​കാ​ശ​വും അ​ധി​കാ​ര​വും ന​ൽ​കു​ക​യും ചെ​യ്തത്. അ​ന്ന് ജ​ന​വാ​സ​മു​ണ്ടാ​യി​രു​ന്ന ഇ​വി​ടം സ​മ്പ​ൽ സ​മൃ​ദ്ധ​വു​മാ​യി​രു​ന്നു. അ​ടു​ത്തു​ള്ള പാ​ണ്ഡ്യ രാ​ജ്യ​ത്തി​ൽ നി​ന്നു​ള്ള ആ​ക്ര​മ​ണം ത​ട​യാ​നും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം ന​ട​പ്പി​ലാ​ക്കാ​നും വീ​ര​മാ​ർ​ത്താ​ണ്ഡ​ന​ര​യ​ൻ ഒ​രു കോ​ട്ട കെ​ട്ടി ഭ​രി​ച്ചി​രു​ന്നു.

അ​തി​നി​ടെ വീ​ര​മാ​ർ​ത്താ​ണ്ഡ​ന​ര​യന്‍റെ മ​ക​ൾ ക​രു​മ്പാ​ണ്ടി​ക്ക് ആ​ലു​ന്ത​ര​യി​ലു​ള്ള കൊ​ച്ചാ​തി​ച്ച​നോ​ട് പ്ര​ണ​യം. അ​വ​രു​ടെ വി​വാ​ഹ​വും നി​ശ്ച​യി​ച്ചു. വി​വാ​ഹ​ത്തി​ന് പ​ണ്ഡ്യ​രാ​ജാ​വി​നെ​യും കൂ​ട്ട​രേ​യും ക്ഷ​ണി​ച്ചു. എ​ന്നാ​ൽ ക്ഷ​ണം നി​ര​സി​ച്ച പാ​ണ്ഡ്യ​രാ​ജാ​വ് ക​രു​മ്പാ​ണ്ടി​യെ ത​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ ദാ​സ്യ​പ്പ​ണി​ക്കാ​രി​യാ​യി വി​ട്ടു​ത​ര​ണ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. അ​ധി​ക്ഷേ​പം ചൊരിഞ്ഞ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ പാ​ണ്ഡ്യ രാ​ജാ​വ് മാ​റി​നി​ന്നു. അ​ര​യ​നും കാ​ണി​ക്കാ​രും പ്ര​തി​കാ​രം തീ​ർ​ത്ത​ത് പാ​ണ്ഡ്യ​രാ​ജ്യ​ത്തെ വ​റു​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യാ​ണ്.


പാ​ണ്ഡ്യ രാ​ജ്യ​ത്ത് വെ​ള്ളം എ​ത്തു​ന്ന​ത് അ​ഗ​സ്ത്യ​മ​ല​യി​ൽ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന കോ​ത​യാ​റി​ൽ നി​ന്നാ​ണ്. കാ​ണി​ക്കാ​ർ ദി​വ​സ​ങ്ങ​ളോ​ളം പ​ണി​യെ​ടു​ത്ത് കോ​ത​യാ​റ്റി​ൽ ക​ല്ലു​ക​ൾ ചേ​ർ​ത്ത് അ​ണ​കെ​ട്ടി വെ​ള്ളം ത​ട​ഞ്ഞു നി​റു​ത്തി. ന​ദി​യു​ടെ ഗ​തി കി​ഴ​ക്കു നി​ന്ന് പ​ടി​ഞ്ഞാ​റോ​ട്ടേ​യ്ക്ക് ആ​ക്കി. പാ​ണ്ഡ്യ രാ​ജ്യ​ത്ത് വെ​ള്ളം എ​ത്താ​താ​യ​തോ​ടെ അ​വി​ടെ ജ​ന​ങ്ങ​ൾ പ്ര​ശ്ന​മു​ണ്ടാ​ക്കി. രാ​ജാ​വി​നു മു​ന്നി​ൽ പ​രാ​തി​ക​ളു​ടെ പ്ര​ള​യ​മാ​യി. വെ​ള്ളം കി​ട്ടാ​തെ ക​ർ​ഷ​ക​ർ വ​ല​ഞ്ഞു. ദാ​ഹ​ജ​ല​വും മു​ട​ങ്ങി​യ​തോ​ടെ പാ​ണ്ഡ്യ രാ​ജ്യ​ത്ത് ക​ല​ഹം മൂ​ത്തു. ഒ​ടു​വി​ൽ രാ​ജാ​വ് ക​ല്ല​ണ മാ​റ്റി ത​രാ​ൻ ക​ൽ​പ്പി​ച്ചു. എ​ന്നാ​ൽ ഇ​ത് ആ​റ്റി​ങ്ങ​ൽ രാ​ജാ​വി​ന്‍റെ വ​ക​യാ​ണെ​ന്നും പാ​ണ്ഡ്യ രാ​ജ്യ​ത്തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും പ​റ​ഞ്ഞ് അ​ര​യ​ൻ ഉ​റ​ച്ചു നി​ന്നു. അ​ങ്ങനെ കി​ഴ​ക്കോ​ട്ട് ഒ​ഴു​കി​യി​രു​ന്ന ന​ദി​യു​ടെ ഗ​തി പ​ടി​ഞ്ഞാ​റോ​ട്ടു തി​രി​ച്ചു​വി​ട്ട കാ​ണി​ക്കാ​രെ ത​റ​പ​റ്റി​ക്കാ​ൻ ഒ​ടു​വി​ൽ യു​ദ്ധ​വു​മാ​യി പാ​ണ്ഡ്യ​രാ​ജ്യം എ​ത്തി. യു​ദ്ധ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ അ​ര​യ​ൻ ക​ല്ല​ണ​യി​ൽ ത​ന്നെ ജീ​വ​നൊ​ടു​ക്കി.

ക​രു​മ്പാ​ണ്ടി പാ​ണ്ഡ്യ​രാ​ജാ​വി​ന്‍റെ അ​ടി​മ​യാ​കു​മെ​ന്ന് ക​ണ്ട​തി​നാ​ൽ മ​ക​ൾ മാ​ട​ൻ ദൈ​വ​ത്തി​ന്‍റെ മു​ന്നി​ൽ ബ​ലി അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഈ ​ദേ​ശം പാ​ണ്ഡ്യ രാ​ജ്യ​ത്തി​ന്റെ വ​ക​യാ​യി മാ​റി. ഒ​ടു​വി​ൽ ക​ല്ല​ണ മാ​റ്റി വെ​ള്ളം പാ​ണ്ഡ്യ​രാ​ജ്യ​ത്ത് എ​ത്തി​ച്ചു. പി​ന്നെ കോ​ത​യാ​റി​ൽ പേ​ച്ചി​പ്പാ​റ അ​ണ​ക്കെ​ട്ട് വ​ന്ന​ത് ഈ ​ക​ല്ല​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ്. ഇ​വി​ടെ നി​ന്നും ഒ​ഴു​കി​യെ​ത്തി പു​റം നാ​ട്ടി​ൽ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് തൃ​പ്പ​ര​പ്പ്. അ​തി​നാ​ൽ ത​ന്നെ വീ​ര സ്മ​ര​ണ ഈ ​ന​ദി​ക​ളി​ലൂ​ടെ പ്ര​വ​ഹി​ക്കു​ന്നു എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ല​ത്തി​ന്‍റെ ച​വി​ട്ട​ടി​ക​ളി​ൽ​പ്പെ​ട്ട് കേ​ര​ള​ത്തി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നുപോ​യ​പ്പോ​ൾ ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ഈ ​സ്വ​പ്ന തീ​രം​കൂ​ടീ​യാ​ണ്.
തൃപ്പ​ര​പ്പി​ന് സ​മീ​പ​ത്താ​ണ് പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​രം, മ​രു​ന്നു​കോ​ട്ട, ചി​ത​റാ​ൽ ജൈ​ന​ക്ഷേ​ത്രം, തി​രു​വ​ട്ടാ​ർ​ക്ഷേ​ത്രം, കു​ള​ച്ച​ൽ സ്മാ​ര​കം, ഉ​ദ​യ​ഗി​രി​ക്കോ​ട്ട, ചി​റ്റാ​ർ അ​ണ​ക്കെ​ട്ട്, പേ​ച്ചി​പ്പാ​റ അ​ണ​ക്കെ​ട്ട്, കോ​ത​യാ​ർ, പെ​രു​ഞ്ചാ​ണ് അ​ണ​ക്കെ​ട്ടു​ക​ൾ എ​ന്നി​വ. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും തൃപ്പ​ര​പ്പ് വെ​ള​ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ലേ​റെ​യും ക​ന്യാ​കു​മാ​രി​യി​ലും എ​ത്തി​യാ​ണ് മ​ട​ങ്ങു​ക. ഇ​വി​ടെ ആ​റ്റി​ൽ ബോ​ട്ട് സ​ർ​വീ​സും താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​വി​ലെ 7 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള സ​മ​യം. മ​നോ​ഹ​ര​മാ​യ ഉ​ദ്യാ​ന​വും ഇ​വി​ടെ​യു​ണ്ട.് ത​ല​സ്ഥാ​ന​ത്തു നി​ന്നും 48 കി​ലോമീ​റ്റ​ർ അ​ക​ലെ​യു​ള്ള വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഒ​രി​ക്ക​ൽ എ​ത്തി​യാ​ൽ പി​ന്നെ​യും മാ​ടിവി​ളി​ക്കും.​ ത​മ്പാ​നൂ​രി​ൽ നി​ന്നും ത​ക്ക​ല​യി​റ​ങ്ങി പോ​ക​ണം. അ​ല്ലെ​ങ്കി​ൽ വെ​ള്ള​റ​ട വ​ഴി കു​ല​ശേ​ഖ​രം റൂ​ട്ട് വ​ഴി ക​ളി​യി​ൽ തൃപ്പ​ര​പ്പി​ൽ എ​ത്താം. നെ​ടു​മ​ങ്ങാ​ട്ട് നി​ന്നും ഇ​വി​ടേ​യ്ക്ക് ബ​സ്സു​ണ്ട്.

റെ​യി​ൽ മാ​ർ​ഗ്ഗം ത​ല​സ്ഥാ​ന​ത്തു നി​ന്നും നാ​ഗ​ർ​കോ​വിലി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ കു​ഴി​ത്തു​റ​യി​റ​ങ്ങി ബ​സ് മാ​ർ​ഗം പോ​ക​ണം.

കോട്ടൂർ സുനിൽ