രോഗി കുളിക്കുമ്പോൾ അല്ല ചിക്കൻപോക്സ് പകരുന്നത്
രോഗി കുളിക്കുമ്പോൾ അല്ല ചിക്കൻപോക്സ് പകരുന്നത്
വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നിവയും അനുഭവപ്പെടുന്നു.

രോഗകാരി വേരിസെല്ല സോസ്റ്റർ

ഡിഎൻഎ വൈറസ് ആയ ’വേരിസെല്ല സോസ്റ്റർ’ ആണ് രോഗകാരി. നിശ്വാസവായു, സ്പർശനം, തുമ്മൽ, ചുമ എന്നിവയിലൂടെയൊക്കെ രോഗം പകരാം. സത്യത്തിൽ കുമിളകൾ വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പു മുതൽ രോഗം പകരാൻ സാധ്യതയുണ്ട്. ഈ കുമിളകൾ ഉണങ്ങുന്നതുവരെ രോഗം പകരാം.

രോഗാണു ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടാഴ്ച കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമാവുക. അപ്പോഴേക്കും ആദ്യത്തെയാളുടെ രോഗം മാറി കുളിക്കാൻ തുടങ്ങിയിട്ടുണ്ടാവും. അതിനാൽ ചിക്കൻപോക്സ് മാറി രോഗി കുളിക്കുമ്പോഴാണ് രോഗം പകരുക എന്നൊരു ധാരണ കേരളീയരിൽ വേരോടിയിട്ടുണ്ട്.

രോഗാരംഭത്തിലെ കുമിളകൾ കണ്ണുനീർത്തുള്ളിപോലെ സുന്ദരസുതാര്യ രൂപത്തിലായിരിക്കും. പിന്നീടതിൽ പഴുപ്പ് നിറയും. രോഗം തനിയെ മാറും. പാടുകളും തനിയെ മാഞ്ഞുപോകും. രോഗപ്രതിരോധശേഷി വളരെ കുറഞ്ഞവരിലും സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവരിലും കോംപ്ലിക്കേഷനുകൾ വരാം.

രോഗം മാറിയാലും ചിലരിൽ ശിരോനാഡിയിലും ഡോർസൽ റൂട്ട് ഗാഗ്ലിയ
എന്ന നാഡീമൂലത്തിലും ഒളിച്ചിരിക്കുന്ന രോഗാണു വ്യക്‌തിക്ക് രോഗപ്രതിരോധശക്‌തി കുറയുന്ന ഘട്ടത്തിൽ പുറത്തുവന്ന് വിസർപ്പം എന്ന വേദനയോടുകൂടിയ രോഗമുണ്ടാക്കാം. രോഗത്തിനുശേഷം ഭാഗിക പ്രതിരോധം മാത്രം കിട്ടിയവരിൽ വിസർപ്പം വരാം. എന്നാൽ പൂർണ പ്രതിരോധം കിട്ടിയാൽ പത്തുവർഷത്തേക്കെങ്കിലും രോഗം വരില്ലെന്നാണു തിയറി.

കോംപ്ലിക്കേഷൻസ്

15 ശതമാനംപേരിൽ ന്യൂമോണിയ വരാറുണ്ടെങ്കിലും പ്രശ്നമില്ലാതെ മാറുന്നു. തലച്ചോറിനു പഴുപ്പ്, നീർക്കെട്ട്, റൈസ് സിൻഡ്രോം എന്നിവ ചിലപ്പോഴെങ്കിലും രോഗികളിൽ കോംപ്ലിക്കേഷനായി വരാം എന്നതിനാൽ രോഗം ശ്രദ്ധിക്കണം. ഗർഭിണികളിൽ ആദ്യമാസങ്ങളിൽ രോഗം വന്നാൽ 9 ശതമാനം പേരിൽ കുഞ്ഞിനു ജന്മവൈകല്യം വരാം. അതിൽ 0.7 ശതമാനം മുതൽ 2 ശതമാനം പേരിൽ ’കൺജനിറ്റൽ വേരിസില്ല സിൻഡ്രോം’ എന്ന ഗുരുതരമായ ജന്മവൈകല്യം വരാം. ആയതിനാൽ ചിക്കൻപോക്സ് ബാധിതരുടെ വീട്ടിൽ ഗർഭിണികൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അവരെയോ രോഗിയെയോ ആ വീട്ടിൽനിന്നു മാറ്റേണ്ടതാണ്.

രോഗി എന്തൊക്കെ ചെയ്യാം അഥവാ ചെയ്യരുത്

കിടന്ന് വിശ്രമിക്കൂ. നാട്ടിലിറങ്ങി നടന്ന് രോഗം മറ്റുളളവരിലേക്കു പകരാൻ ഇടയാക്കരുത്. രണ്ടാഴ്ച സ്കൂളിലും ഓഫീസിലും പോകണ്ട.. രോഗിയുടെ വസ്ത്രങ്ങളും ഉപയോഗിച്ച സാധനങ്ങളും കുറച്ചുദിവസം സ്പർശിക്കണ്ട. രണ്ടാഴ്ചകൊണ്ട് രോഗം ശമിക്കുമല്ലോ. അപ്പോൾ രോഗിക്കോ പ്രതിരോധശേഷിയുള്ളവർക്കോ കഴുകി വൃത്തിയാക്കാം.


കുമിളകൾ പൊങ്ങുന്ന ആദ്യ നാലുദിവസം പഴവർഗങ്ങൾ മാത്രം കഴിച്ചാൽ രോഗാവസ്‌ഥയും ലക്ഷണങ്ങളും കുറയും. ഉപ്പും എണ്ണമയവും ഒഴിവാക്കിയാൽ കുമിളകളുടെ എണ്ണവും വണ്ണവും കുറയുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വെജിറ്റേറിയൻ ഭക്ഷണമാണ് അഭികാമ്യം. രോഗി കുളിക്കാതിരിക്കുന്നതാണു നല്ലത്. ചിലരിൽ കുളിക്കു ശേഷം കുമിളകൾ കൂടുതൽ പഴുത്ത് ആഴത്തിലുള്ള പാടുകൾ വരാം. കരപ്പൻ ഉള്ള കുട്ടികൾക്ക് രോഗം കൂടാം.

പ്രതിരോധം ചികിത്സയേക്കാൾ പ്രധാനം

രോഗിയെ മാറ്റിനിർത്തി രോഗം പടരാതെ മുൻകരുതലെടുക്കുക. രോഗി സ്പർശിക്കുന്ന വസ്തുക്കൾ ചൂടാക്കി രോഗാണുമുക്‌തമാക്കാൻ വാക്സിനുകൾ ലഭ്യമാണെങ്കിലും മുൻപ് അഞ്ചാംപനി വന്നവരിലും ഗർഭിണികളിലും കോംപ്ലിക്കേഷൻ സാധ്യതയുള്ളതിനാൽ അതിപ്രാധാന്യമുള്ള സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ.

ഹോമിയോപ്പതിയുടെ രീതി

ഹോമിയോപ്പതിയിൽ ചികിത്സയും പ്രതിരോധമരുന്നുകളും ലഭ്യമാണ്. രോഗം പടരുന്ന സാഹചര്യത്തിൽ ’ജീനസ് എപ്പിഡമിക്കസ്’ എന്ന പൊതുപേരിലറിയപ്പെടുന്ന പ്രത്യേക മരുന്ന് RAECH (റാപ്പിഡ് ആക്ഷൻ എപ്പിഡമിക് കൺട്രോൾ സെൽ ഹോമിയോപ്പതി) എന്ന പകർച്ചവ്യാധി നിയന്ത്രണ സെൽ നിർദേശിക്കും. ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള പ്രഗത്ഭരായ ഡോക്ടർമാരുടെ പാനലാണ് ഈ സംഘത്തിലുള്ളത്. ഈ മരുന്നുകൾ സർക്കാർ ഹോമിയോ ഡിസ്പൻസറികളിലും അംഗീകൃത യോഗ്യതയുള്ള ഹോമിയോ ഡോക്ടർമാരുടെ പക്കലും ലഭ്യമായിരിക്കും.

ഈ രോഗം സാധാരണഗതിയിൽ പ്രശ്നക്കാരനല്ല. രോഗം വന്നാൽ അതിനെ അതിന്റെ വഴിക്ക് പോകാനനുവദിക്കുക. രോഗം പെട്ടെന്നു നിർത്താനുള്ള കുറുക്കുവഴികൾ പലരും പറയും. അതിനൊന്നും പോകാതെ ഇത്തിരി കാത്തിരിക്കുക. ഇതുകൊണ്ടു ജീവനു ഭീഷണിയൊന്നുമില്ല. ഈ രോഗം രണ്ടാഴ്ച അവധിയെടുക്കാനും വിശ്രമിക്കാനുമുള്ള അവസരമായി കരുതുക. ആദ്യ നാലുദിവസം മാത്രമേ പ്രശ്നമുള്ളൂ. പിന്നെ താരതമ്യേന അസ്വസ്‌ഥത കുറവായിരിക്കും. വായിക്കാം ടിവി കാണാം. സുഖം, സ്വസ്‌ഥം.