ചാനൽവണ്ടികൾ ചീറിപ്പായുമ്പോൾ !
ചാനൽവണ്ടികൾ ചീറിപ്പായുമ്പോൾ !
പൊടിപറത്തി ആദ്യം കടന്നുപോയത് ഒരു പോലീസ് വണ്ടി ആയിരുന്നു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചാനൽ വണ്ടി, പിന്നാലെ മറ്റൊന്ന്.. പിന്നെയും ചാനൽ വണ്ടികൾ... കുമാരേട്ടന്റെ ചായക്കടയിൽ ലൈറ്റ് ചായയും സ്ട്രോംഗ് കടിയുമായി മുഖാമുഖം നടത്തുകയായിരുന്ന പൊന്നപ്പൻ ചാടിയെണീറ്റു. എന്നിട്ടു ചാനൽ വണ്ടികളിലേക്കു സൂക്ഷിച്ചു നോക്കി.

വഴിനീളെയുള്ള ദൃശ്യങ്ങൾ ഒപ്പിയെടുക്കാനോ ഒപ്പിച്ചെടുക്കാനോ ശ്രമിച്ചുകൊണ്ടു പാർട്ടിക്കാരുടെ കൊടിമരം പോലെ നിന്നാടുകയാണ് കാമറാമാൻമാർ. ഇരമ്പിനീങ്ങുന്ന വണ്ടിയുടെ വിൻഡോയിലൂടെ ഞെരുങ്ങി പുറത്തേക്കു ചില തലകൾ... വഴിയോരത്തുനിന്ന വെളുമ്പിപശുവിനു നേരേ മൈക്കു നീണ്ടതു കണ്ടപ്പോൾ മനസിലായി, റിപ്പോർട്ടർമാരാണ്! പൊടിപടലങ്ങൾക്കിടയിൽ വെളുമ്പിപശുവിനെ കണ്ടപ്പോൾ ഖദറിട്ട മണ്ഡലം പ്രസിഡന്റോ മറ്റോ നിൽക്കുകയാണെന്നു കരുതി പ്രതികരണം തേടിയതാ. തനിക്കുനേരേ എന്തോ നീണ്ടുവരുന്നതു കണ്ടപ്പോൾ വണ്ടിയിലാരോ വൈക്കോലുമായി വന്നെന്നാണു പാവം ഗോമദർ കരുതിയത്. അടുത്ത നിമിഷം റിപ്പോർട്ടറുടെ സ്വരമുയർന്നു: ചവിട്ടിവിട്ടോ, ആളുമാറി..!

പോലീസ്വണ്ടികൾക്കു പിന്നാലെ ചാനൽവണ്ടികൾ ചീറുന്നതു കണ്ടപ്പോൾ പൊന്നപ്പന്റെ സോളാർപാനൽ പോലെയുള്ള തലയിൽ ഒരു ബൾബ് മിന്നി. ഇത് അതുതന്നെ... അദ്ദേഹം ചാടിയെണീറ്റു. പാതി കുടിച്ചുതീർത്ത ചായയുടെ ഗ്ലാസ് സിംഗിൾ ബഞ്ചിൽനിന്നു ഡിവിഷൻ ബെഞ്ചിലേക്കു തള്ളിവച്ചു. കഥാനായകന്റെ ബഹളവും ധൃതിയും കണ്ടു സഹകുടിയൻമാർ പരസ്പരം നോക്കി. പൊന്നപ്പൻ തന്റെ തൊട്ടടുത്തിരുന്നയാളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു. അതോടെ ഘടകകക്ഷിയും ചാടിയെണീറ്റു. പിന്നെയാ രഹസ്യം ചെവിയിൽനിന്നു ചെവിയിലേക്ക്.. അവസാനം കടയുടമ കുമാരേട്ടനും കിട്ടി ചെറിയൊരു കഷണം. കേട്ടതോടെ ഭാര്യയ്ക്കു ഭരണച്ചുമതല കൈമാറിയിട്ടു പ്രൊപ്രൈറ്ററും ചാടിയിറങ്ങി.

ഇതിനകം ചിലർ സൈക്കിളിൽ ചാനൽവണ്ടികൾക്കു പിന്നാലെ വച്ചുപിടിച്ചിരുന്നു. കുമാരേട്ടനും സംഘവും അതുവഴി വന്ന ഓട്ടോയ്ക്കു കൈനീട്ടി.. പറ്റാവുന്നവരെല്ലാം അതിൽ ഇടിച്ചുകയറി. അസഹിഷ്ണുതയെക്കുറിച്ചു പ്രസംഗിക്കുന്നവർ ഈ ഓട്ടോയിലേക്കൊന്നു നോക്കുന്നതു നല്ലതായിരിക്കുമെന്നു പൊന്നപ്പനു തോന്നി. സംഗതി അതുതന്നെ ആയിരിക്കുമോ?– ശ്വാസം കഴിക്കാൻ കിട്ടിയ ഇത്തിരി അവസരം പ്രയോജനപ്പെടുത്തി കുമാരേട്ടന്റെ സംശയം. ’പിന്നെ, അതുതന്നെ. അന്നു നമ്മൾ ടിവിയിൽ കണ്ടതല്ലേ, ഇതേ യാത്രയായിരുന്നു. നമ്മൾ അങ്ങു ചെല്ലുന്നതിനു മുമ്പ് അവൻമാർ ക്ലിപ്പ് എടുത്തോണ്ടു പോകുമോയെന്ന സംശയമേയുള്ളൂ..’– തുടർന്നു പൊന്നപ്പൻ ഓട്ടോക്കാരനോടു പറഞ്ഞു: ‘എടോ.. ആ വണ്ടികൾക്കു പിറകേ കത്തിച്ചുവിട്ടോ...’


‘ഓട്ടോയാ, ഇതിൽ കൂടുതൽ കത്തിച്ചാൽ പിന്നെ എല്ലാരേംകൂടി മാവിൻമുട്ടി വച്ചു കത്തിക്കേണ്ടി വരും. ഇതെന്താ വാഹനറാലിയോ മറ്റോ ആണോ? പിറകെയും വരുന്നുണ്ടല്ലോ കുറെയെണ്ണം..’

അപ്പോഴാണ് കുമാരേട്ടൻ പിറകോട്ടു നോക്കിയത്. കവലയിൽ ഉണ്ടായിരുന്ന ഓട്ടോകളത്രയും പിന്നാലെയുണ്ട്. ഏതാണ്ടൊരു കേരളയാത്രയുടെ പകിട്ടും പ്രൗഢിയും. വാഹനവ്യൂഹം പാഞ്ഞു ചെന്നുനിന്നതു വടക്കേമുറിയിലെ ചെറിയ വീടിനു മുന്നിലാണ്. പോലീസുകാർ കൂടെകൊണ്ടുവന്നയാളുമായി വേഗം വീട്ടിനുള്ളിലേക്കു ഓടിക്കയറി. ചാനലുകാർ വീടുവളഞ്ഞു. ചിലർ കാമറയുമായി പുരപ്പുറത്തേക്കു കയറാൻ നോക്കി. ഈ നാട്ടിൽ ഇതിനുമാത്രം ജനമുണ്ടോയെന്നു പൊന്നപ്പനു തോന്നിപ്പോയി. തട്ടിപ്പോകാറായി വീട്ടിൽ കിടന്ന കാർന്നോർവരെ അതാ റബർകമ്പിൽ തൂങ്ങി ആകാംക്ഷയോടെ നിൽക്കുന്നു. കാമറയ്ക്കു മുകളിൽ കയറിനിന്നു തത്സമയം കൊടുത്തുകൊണ്ടിരുന്ന റിപ്പോർട്ടർ അലറിവിളിച്ചു: ‘ഇതാ പോലീസ് സംഘം ക്ലിപ്പ് കണ്ടെടുത്തു കഴിഞ്ഞു. ഏതാനും നിമിഷങ്ങൾക്കകം ക്ലിപ്പുമായി അവർ വീടിനു പുറത്തേക്കുവരും...’ എല്ലാ കണ്ണുകളും വാതിൽക്കലേക്ക്. അതാ പോലീസുകാർക്കു നടുവിൽ ഒരാൾ പുറത്തേക്കു വരുന്നു. ഇത് അയാളല്ലല്ലോ.. കുമാരേട്ടനും പൊന്നപ്പനും പരസ്പരം നോക്കി.

ഇതിനിടയിൽ റിപ്പോർട്ടർ: ‘തിരിച്ചറിയാതിരിക്കാൻ ബിജു രാധാകൃഷ്ണനെ പ്ലാസ്റ്റിക് സർജറി നടത്തിയാണു പോലീസ് കൊണ്ടുവന്നിരിക്കുന്നതെന്നു തോന്നുന്നു...’ കാമറയ്ക്കിടയിൽപ്പെട്ടു ജീവൻ പോകുമെന്നു തോന്നിയപ്പോൾ പോലീസിനു നടുവിൽനിന്നയാൾ വിളിച്ചു പറഞ്ഞു: ‘എന്റെ പൊന്നു സഹോദരൻമാരെ ഞാൻ ആ ബിജു രാധാകൃഷ്ണനല്ല, ഡോക്ടർ ബിജു കുമാറാണ്. ഈ വീട്ടിലെ കുഞ്ഞിന്റെ കൈയിൽ ഒരു ക്ലിപ്പ് കുടുങ്ങിയതു എടുക്കാൻ എന്നെ പോലീസ് കൂട്ടിക്കൊണ്ടു വന്നതാ...’ പോലീസ്ജീപ്പിലേക്കു കയറുമ്പോൾ ഡോക്ടർ പിറുപിറുത്തു... എവിടെങ്കിലും ക്ലിപ്പ് എന്നു കേട്ടാൽമതി എല്ലാംകൂടി കെട്ടുംപറിച്ചു പോന്നോളും..!