അതിശയകരമായ ദിവസങ്ങളുടെ സംഗീതം
അതിശയകരമായ ദിവസങ്ങളുടെ സംഗീതം
മുഹമ്മദ് റഫിയെയും കിഷോർ കുമാറിനെയും ജഗ്ജീത് സിംഗും ഗുലാം അലിയും പങ്കജ് ഉദാസും നിഷ്പ്രഭരാക്കിയ ഒരു കാലം!. ഹിന്ദി സിനിമയിൽ അങ്ങനെയൊരു പതിറ്റാണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്– 1980കൾ. നല്ല സിനിമകളും പാട്ടുകളും അപൂർവമായതോടെ സംഗീതപ്രേമികൾ ഗസലിൽ അഭയംതേടിയതുതന്നെയാണ്. 50കൾ മുതൽ 70കൾ വരെ പാട്ടിൽ നിറഞ്ഞൊഴുകിയിരുന്ന കവിത പടിയിറങ്ങിപ്പോയിരുന്നു. ചില പ്രത്യേകയിനം സംഗീതത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ആർ.ഡി. ബർമൻ, ലക്ഷ്മികാന്ത്–പ്യാരേലാൽ, കല്യാൺജി– ആനന്ദ്ജി തുടങ്ങി പ്രഗത്ഭർ ഒട്ടൊക്കെ നിശബ്ദരായിരുന്നു. ഡിസ്കോ എന്നപേരിൽ തരംതാണ സംഗീതം ഹിന്ദിയിൽ പരന്നു. നാസിർ ഹുസൈനും ദേവ് ആനന്ദും മുതൽ യഷ് ചോപ്ര വരെയുള്ള അതികായന്മാർ പതിയെ പിൻവലിഞ്ഞ പോലെയായി. ജനം ഗസലിൽ അഭയംകണ്ടെത്തി. അർഥ്, സാഥ് സാഥ്, ബസാർ പോലുള്ള സിനിമകളിൽപോലും സാധാരണ പാട്ടിന്റെ സ്‌ഥാനത്ത് ഒന്നാന്തരം ഗസലുകൾ ഇടംപിടിച്ചു.

എൺപതുകൾ അവസാനിക്കാറായപ്പോഴേക്കും ഹിന്ദി സിനിമാ സംഗീതപ്രേമികൾ കടുത്ത നിരാശയിലായി. പക്ഷേ, ഉദയത്തിനു മുമ്പാണ് കടുത്ത ഇരുട്ട് എന്നു പറയാറുള്ളപോലെ പ്രതീക്ഷയുടെ വെളിച്ചവുമായി ഒരു സിനിമ വന്നു. മ്യൂസിക്കൽ എന്റർടെയ്ൻമെന്റുകളുടെ തമ്പുരാനായ നാസിർ ഹുസൈന്റെ ചിന്തയിൽത്തന്നെയാണ് ആ സിനിമ ഉദയംകൊണ്ടത്. അദ്ദേഹത്തിന് ചില തീരുമാനങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റേത് പ്രണയകഥയായിരിക്കണം..., ആമിർ ഖാൻ എന്ന നായകനെ അവതരിപ്പിക്കണം..., യുവാക്കളെക്കുറിച്ചുള്ള സിനിമയായതിനാൽ ഒരു യുവാവായിരിക്കണം സംവിധായകൻ. ഖയാമത് സേ ഖയാമത് തക് (1988) ആയിരുന്നു ആ സിനിമ. ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ് അടിസ്‌ഥാനമാക്കി നാസിർ ഹുസൈൻ തന്നെയാണ് കഥയെഴുതിയത്. മകൻ മൻസൂർ ഖാനെ സംവിധാനച്ചുമതലയേൽപ്പിച്ചു.

അതിനേക്കാൾ വലിയ പുതുമ സംഭവിച്ചത് പാട്ടുകളുടെ വിഭാഗത്തിലാണ്. നാസിർ ഹുസൈന്റെ പതിവു സംഗീതകാരനായ സാക്ഷാൽ ആർ.ഡി. ബർമൻ ചിത്രത്തിനു പുറത്തായി. ചെറുപ്പക്കാരനായ സംവിധായകൻ ഇഷ്‌ടമുള്ളവരെക്കൊണ്ടു സംഗീതം ചെയ്യിക്കട്ടെ എന്ന ചിന്തയായിരുന്നിരിക്കണം നാസിറിന് എന്ന് സംഗീതസംവിധാകരായി എത്തിയ ആനന്ദ്–മിലിന്ദ് ദ്വയത്തിലെ മിലിന്ദ് ശ്രീവാസ്തവ പിന്നീട് ഓർമിച്ചിട്ടുണ്ട്., പഞ്ചം അങ്കിളിനൊപ്പം ജോലിചെയ്യാൻ തനിക്ക് ലജ്‌ജയായിരുന്നെന്നും കുറച്ചുകൂടി തന്റെയൊപ്പം പ്രായമുള്ള ആരെങ്കിലും സംഗീതം ചെയ്യട്ടെയെന്നായിരുന്നു തന്റെ ആഗ്രഹമെന്നും മൻസൂർ ഖാനും. അങ്ങനെ എല്ലാ ഗാനങ്ങളും സംഗീതപ്രേമികൾ ഹൃദയത്തിലേറ്റുവാങ്ങിയ സിനിമ യാഥാർഥ്യമായി.


വരികളിലും ഈണങ്ങളിലും യുവത്വം നിറഞ്ഞുനിന്നു. നിമിഷങ്ങൾക്കുള്ളിലാണ് പാപ്പാ കെഹ്തേ ഹേ എന്ന പാട്ടിന്റെ ട്യൂൺ മനസിൽ തെളിഞ്ഞതെന്ന് മിലിന്ദ് പറയുന്നു. ഒരു പ്രഭാതത്തിൽ വരാന്തയിലിരുന്ന് ഗിറ്റാർ സ്ട്രം ചെയ്യാനെടുക്കുന്ന സമയം!. സൂപ്പർ ഹിറ്റായ ഗസബ് കാ ഹെ ദിൻ പിറന്നത് ഒരു ആനന്ദും മിലിന്ദുമൊത്തുള്ള ഒരു കാർ യാത്രയിൽ!!. ഇംഗ്ലീഷ് ഫ്ളൂട്ടിന്റെ സുന്ദര പ്രയോഗങ്ങളും ഹാർമോണിക്കയുമെല്ലാം വിജു ഷാ കീബോർഡിലാണ് വായിച്ചത്. സാക്സഫോണിന്റെയും ഗിറ്റാറിന്റെയും മനോഹര സാന്നിധ്യവും പാട്ടിലുണ്ട്.

പ്രായമുള്ള ഗാനരചയിതാവ് മജ്റൂഹ് സുൽത്താൻപുരിപോലും ഈ പാട്ടിലൂടെ യുവാവായി മാറിയെന്ന് തമാശകലർത്തി പറയാറുണ്ട്. ഹിന്ദി ഗാനങ്ങളിലെ പതിവു പ്രയോഗങ്ങൾ ഒഴിവാക്കി പുതുമ നിറച്ചതിനാലാണിത്. ഉദാഹരണത്തിന് ഈ പാട്ടിലെ കസം സേ എന്ന വാക്ക്. ഖുദാ കസം, ഭഗ്വാൻ കി സൗഗന്ധ് തുടങ്ങിയ പ്രയോഗങ്ങൾക്കു പകരമായാണ് പ്രസരിപ്പുള്ള കസം സേ എന്ന വാക്ക് മജ്റൂഹ് എഴുതിയത്. പാട്ടിൽ ആ വാക്കിന് അതേ തുടിപ്പു നൽകാൻ സംഗീത സംവിധായകർ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

അകേലേ ഹേ തോ ക്യാ ഗം ഹേ, ഏ മേരേ ഹം സഫർ, കാഹേ സതായേ തുടങ്ങിയവയാണ് ചിത്രത്തിലെ മറ്റു ട്രാക്കുകൾ. ഉദിത് നാരായണും അൽക്ക യാഗ്നിക്കുമായിരുന്നു പാട്ടുകാർ. ആൽബം ഹിറ്റാകുമോ എന്ന കാര്യത്തിൽ സംവിധായകനോ സംഗീതസംവിധായകർക്കോ ഒരുറപ്പും ഉണ്ടായിരുന്നില്ല അന്ന്. തുടക്കത്തിൽ വിതരണത്തിനെടുക്കാൻപോലും ആരും തയാറായില്ല. അന്നത്തെ ഒരു പ്രധാന സംഗീതസംവിധായകൻ ഈ പാട്ടുകളെ തണുപ്പനെന്നും ഇഴഞ്ഞുനീങ്ങുന്നവയെന്നും വിമർശിക്കുകപോലും ചെയ്തു. എന്നാൽ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായി. ഹിന്ദി സിനിമയ്ക്കുതന്നെ പുതിയൊരു തുടക്കമായിരുന്നു ഖയാമത് സേ ഖയാമത് തക്. ഒരു ദുരന്തത്തിൽനിന്ന് സന്തോഷത്തിലേക്ക്!

<ആ>ഹരിപ്രസാദ്