ഇങ്ങനെ സഹകരിക്കുമെന്നു കരുതിയില്ല!
ഇങ്ങനെ സഹകരിക്കുമെന്നു കരുതിയില്ല!
വീട്ടിലെ അരിയും സാധനങ്ങളും തീർന്നെന്ന് ഇന്നലെ മുതൽ പറയാൻ തുടങ്ങിയതാ... പക്ഷേ, വീട്ടുകാരന് ഒരു കുലുക്കവുമില്ല. ടൂവീലർ പഞ്ചറായി ഇരിക്കാൻ തുടങ്ങിയിട്ടു മൂന്നു ദിവസമായി. സമയം പോക്കിന് ആകെയുണ്ടായിരുന്ന കുന്ത്രാണ്ടമായിരുന്നു ടിവി. ദേ ഇന്നലെ മുതൽ അതിലും തുടങ്ങി കണ്ണൂർ മോഡൽ വെട്ടലും പരവൂർ മോഡൽ പൊട്ടിത്തെറിയും... ഇതൊക്കെ പലവട്ടം പറഞ്ഞിട്ടും നാലുംകൂടിയ കവലയിൽ സ്‌ഥാനാർഥിയുടെ ഫ്ളെക്സ് ഇരിക്കുന്നതുപോലെ വരാന്തയിലെ തൂണും ചാരിയിരിക്കുകയാണ് പുള്ളിക്കാരൻ.

നാട്ടിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതാ മൊത്തത്തിലുള്ള ഈ അമാന്തം. സാധാരണ തെരഞ്ഞെടുപ്പെന്നു കേട്ടാൽ പാർട്ടിക്കാരന് ആവേശം കൂടുകയല്ലേ വേണ്ടത്. പക്ഷേ, രണ്ടു ദിവസമായി വർക്ക്ഷോപ്പും തുറക്കാൻ പോയിട്ടില്ല. വീട്ടുകാരി പതുക്കെ അടുത്തേക്കുചെന്നു. ‘ഇങ്ങനെ ഇരുന്നാൽ മതിയോ... ഞാൻ കഴിഞ്ഞ ആഴ്ചമുതൽ പറയുന്ന കാര്യങ്ങളൊന്നും ഇതുവരെ ശരിയാക്കിയിട്ടില്ല. രണ്ടു ദിവസമായി വർക്ക്ഷോപ്പും തുറക്കുന്നില്ല... എന്താ പറ്റിയത്?’

തല ഉയർത്തിയ ഭർത്താവ് ഭാര്യയെ ദയനീയമായൊന്നു നോക്കി. എന്നിട്ടു പറഞ്ഞു: ‘പാർട്ടിക്കാർ വന്നാൽ എല്ലാം ശരിയാക്കാമെന്നു പറഞ്ഞതാടീ കുഴപ്പമായിപ്പോയത്. വർക്ക്ഷോപ്പിലേക്കു വണ്ടി നന്നാക്കാൻ ഒരുത്തനും വരുന്നില്ല. രണ്ടു ദിവസംമുമ്പ് കേടായി കെട്ടിവലിച്ചുകൊണ്ടുവന്ന വണ്ടിയുടെ ഓണറാ ഇപ്പോൾ ഫോൺവിളിച്ചത്. തത്കാലം വണ്ടി നന്നാക്കേണ്ടെന്ന്. പാർട്ടിക്കാർ വന്നു ശരിയാക്കുമെങ്കിൽ രണ്ടോ മൂന്നോ ആഴ്ച വെയ്റ്റ് ചെയ്യാൻ അവൻ തയാറാണെന്ന്. എല്ലാം ശരിയാക്കാമെന്നു നാട്ടുകാരെ പറഞ്ഞു പഠിപ്പിച്ചപ്പോൾ അവൻമാർ ഇത്രയും സഹകരിക്കുമെന്നു തീരെ പ്രതീക്ഷിച്ചില്ല.’’
ഇതുകേട്ട ഭാര്യ പറഞ്ഞു: ‘കാര്യങ്ങളൊക്കെ ശരിയാ. ഞാനൊരു കാര്യം പറഞ്ഞേക്കാം, ഇന്നെങ്കിലും അരിയും സാധനങ്ങളുമൊക്കെ വാങ്ങിത്തന്നില്ലെങ്കിൽ പിള്ളേരു രണ്ടുംകൂടി നമ്മളെ ശരിയാക്കും. ഇന്നലെത്തന്നെ അവന്മാർ വിശക്കുന്നെന്നു പറഞ്ഞു ഘോരപ്രചാരണം നടത്തിക്കൊണ്ടിരിക്കുവാ.’’

ചർച്ച ഇങ്ങനെ പുരോഗമിക്കുന്നതിനിടയിലാണ് അയൽക്കാരി സുമതിച്ചേച്ചിയുടെ വരവ്. എന്താണു രാവിലെ അടിയന്തരമായി മുന്നണിയോഗം ചേരുന്നതെന്ന് അന്വേഷിച്ച സുമതിച്ചേച്ചിയോടു വീട്ടുകാരി തെരഞ്ഞെടുപ്പു വിശേഷങ്ങൾ പറഞ്ഞു. ഇതു കേട്ടതും ചേച്ചി മൂക്കത്തുവിരൽവച്ചു. “‘അയ്യോ, ഇക്കാര്യം പറയാനാ ഞാനും ഇങ്ങോട്ടു വന്നത്. ഭർത്താവ് മണ്ഡലം പ്രസിഡന്റ് ആണെന്നു പറഞ്ഞു ഖദറുമിട്ടു നടന്നതുകൊണ്ടു വീട്ടിലെ കാര്യങ്ങൾ നടക്കുമോ?’ അടുക്കളയിലെ ഗ്യാസ് തീരാറായെന്നു പറഞ്ഞപ്പോൾ ‘വളരട്ടെ കുറ്റി, തുടരട്ടെ ഈ ഗ്യാസ്’ എന്നു പറഞ്ഞു പുള്ളിക്കാരൻ ഒരു പോക്ക്. ആശുപത്രിയിൽ കിടക്കുന്ന വല്യമ്മയെ ഇന്നുരാവിലെ ഡിസ്ചാർജ് ചെയ്തുകൊണ്ടു വരേണ്ടതായിരുന്നു. ചോദിച്ചപ്പോൾ പറയുവാ ഇന്നു സമയമില്ല, “‘തുടരട്ടെ വല്യമ്മ, നടക്കട്ടെ മണ്ഡലം കമ്മിറ്റി’ എന്ന്. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഇങ്ങുവരട്ടെ വീട്ടിൽ തുടരണോ ഈ ഭരണമെന്ന് അപ്പോൾ ഞാൻ പറയാം..! സുമതിച്ചേച്ചി വിട്ടുകൊടുക്കാനുള്ള മട്ടില്ല.


ഇതിനിടയിൽ രണ്ടു സ്ത്രീകൾ വീട്ടിലേക്കു കയറിവന്നു. നമ്മുടെ പരിവാർ പാർട്ടി നേതാവിന്റെ വീടു തിരക്കിയാണ് വരവ്. കാര്യമെന്താണെന്നറിയേണ്ടേ.. അവരുടെ വീട്ടിലേക്കു വണ്ടി കയറുന്ന വഴിയില്ലത്രേ. വഴിമുട്ടിയവർക്കു വഴികാട്ടുമെന്ന ബോർഡ് കണ്ടു തിരക്കിവന്നതാണു പോലും. പറ്റിയാൽ വഴി ഇന്നുതന്നെ ശരിയാക്കി കൊണ്ടുപോകാനുള്ള വരവാണ്!

അങ്ങനെ മുദ്രാവാക്യങ്ങൾക്ക് ഒട്ടും കുറവില്ലാത്ത ഈ തെരഞ്ഞെടുപ്പു കഴിയുമ്പോൾ അറിയാം, ഈ പാർട്ടിക്കാർ എല്ലാവരുംകൂടി മലയാളികളെ ശരിയാക്കുമോ.. അതോ ഇങ്ങനെയൊക്കെയങ്ങു തുടരുമോ അതല്ലെങ്കിൽ വഴിയാധാരമാക്കുമോ.. എന്നൊക്കെ. എന്തായാലും രണ്ടുംകല്പിച്ചു വോട്ട് ചെയ്യുകതന്നെ!

<യ>മിസ്ഡ് കോൾ
= താൻ എംപിയായാൽ പുഴകളെ ശരിയാക്കാൻ വേണ്ടതു ചെയ്യുമെന്നു
സൂപ്പർസ്റ്റാർ സുരേഷ് ഗോപി.
–വാർത്ത
= ഈ പുഴയെങ്കിലും ഒന്നു കടന്നുകിട്ടിയാൽ മതിയായിരുന്നു!