അടികളിൽനിന്ന് പടികയറിയ മഹാസംഗീതം
അടികളിൽനിന്ന് പടികയറിയ മഹാസംഗീതം
ഒട്ടും നിനച്ചിരിക്കാതെ സംഗീതത്തിലേക്കു വരിക... മഹാഗായികയായിത്തീരുക... ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്‌ടപ്പെട്ട് നിരാലംബയായിട്ടും പിന്നീട് എല്ലാവരാലും മാ (അമ്മ) എന്നു വിളിക്കപ്പെടുക... ലോകത്തെല്ലായിടത്തും ആരാധകരുണ്ടാവുക... സ്വന്തം മകളെയും സംഗീതത്തിന്റെ ലോകത്തേക്കു വഴിനടത്തിക്കുക... പ്രതിഭയുടെ കൈവിരൽ സ്പർശംകൊണ്ട് സമാനതകളില്ലാത്ത ഹിന്ദുസ്‌ഥാനി ഗായിക സിദ്ധേശ്വരി ദേവിക്കു കൈവന്ന സൗഭാഗ്യങ്ങളാണിതെല്ലാം. നിശബ്ദതയുടെ ലോകത്തേക്കു പറന്നകന്നിട്ടു നാലു പതിറ്റാണ്ടായെങ്കിലും തലമുറകളുടെ ഹൃദയങ്ങളിൽ ആ സ്വരക്കൂട്ടുണ്ട്.

വാരണാസിയിൽ 1908ൽ ജനിച്ച സിദ്ധേശ്വരിക്ക് ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്‌ടപ്പെട്ടു. അറിയപ്പെടുന്ന ഗായികയായിരുന്ന അമ്മായി രാജേശ്വരി ദേവിയുടെ സംരക്ഷണയിലായിരുന്നു പിന്നീടുള്ള ജീവിതം. സംഗീതത്തിന്റെ നിറസാന്നിധ്യമുള്ള വീട്ടിലാണു കഴിഞ്ഞിരുന്നതെങ്കിലും സിദ്ധേശ്വരിക്കു മുന്നിൽ നാദദേവത അവതരിച്ചത് തികച്ചും യാദൃച്ഛികമായാണ്. ആ കഥയിങ്ങനെ:

മകൾ കമലേശ്വരിയെ സംഗീതം അഭ്യസിപ്പിക്കാൻ രാജേശ്വരി ദേവി വീട്ടിൽ ഗുരുക്കന്മാരെ ഏർപ്പാടാക്കിയിരുന്നു. അന്ന് ചെറിയ ജോലികളൊക്കെ ചെയ്ത് സിദ്ധേശ്വരിയും ആ വീട്ടിലുണ്ട്. ഒരിക്കൽ പ്രശസ്ത സാരംഗി വിദ്വാൻ സിയാജി മിശ്ര കമലേശ്വരിയെ പഠിപ്പിക്കാനെത്തി. അദ്ദേഹം പറഞ്ഞുകൊടുത്തിരുന്ന ടപ്പ (ഇന്ത്യൻ സെമി–ക്ലാസിക്കൽ വോക്കൽ ആണ് ടപ്പ) കമലേശ്വരിക്ക് എത്ര ശ്രമിച്ചിട്ടും ഏറ്റുപാടാൻ ഒട്ടും കഴിയുന്നില്ല. ക്ഷമനശിച്ച രാജേശ്വരി മകളെ വടിയെടുത്ത് അടിക്കാൻ തുടങ്ങി. വലിയവായിൽ നിലവിളിക്കാനല്ലാതെ കമലയ്ക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

ബന്ധുവും ഉറ്റ സ്നേഹിതയുമായ സിദ്ധേശ്വരിയല്ലാതെ മറ്റാരും കമലയുടെ രക്ഷയ്ക്കെത്താൻ ആ വീട്ടിലില്ല. അടുക്കളയിൽ ചെറിയ ജോലികളിലായിരുന്ന സിദ്ധേശ്വരി ഓടിയെത്തി കമലയെ കെട്ടിപ്പിടിച്ചു. അമ്മായിയുടെ അടി മുഴുവൻ സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങി. കരഞ്ഞുകൊണ്ടിരുന്ന കമലേശ്വരിയോട് ഇങ്ങനെ പറയുകയും ചെയ്തു: സിയാജി മഹാരാജ് പഠിപ്പിക്കുന്നതു പാടാൻ അത്രയ്ക്കു പ്രയാസമൊന്നുമില്ലല്ലോ..
എല്ലാവരെയും വിസ്മയിപ്പിച്ച് സിദ്ധേശ്വരി ആ വരികൾ പൂർണകൃത്യതയോടെ പാടിക്കേൾപ്പിക്കുകയും ചെയ്തു.

പിറ്റേന്ന് അതിനേക്കാൾ വലിയൊരദ്ഭുതം സംഭവിച്ചു. സിയാജി മഹാരാജ് അന്ന് രാജേശ്വരി ദേവിയുടെ വീട്ടിലെത്തിയത് ഒരപേക്ഷയുമായാണ്– സിദ്ധേശ്വരിയെ ദത്തെടുക്കാൻ അനുവദിക്കണം! (സിയാജി മഹാരാജിനും പത്നിക്കും മക്കളില്ലായിരുന്നു). ആ അപേക്ഷ സ്വീകരിക്കപ്പെട്ടു. സിദ്ധേശ്വരി സിയാജിയുടെ കുടുംബത്തിൽ മകളായെത്തി. അവരുടെയെല്ലാം ജീവിതങ്ങളിൽ വലിയ മാറ്റം വരുത്തിയ, തന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച ഈ സംഭവത്തെക്കുറിച്ച് സിദ്ധേശ്വരി തന്റെ മാ എന്ന ആത്മകഥയിൽ വിശദമാക്കുന്നുണ്ട്.


സിയാജിയുടെ കുടുംബത്തിൽ എത്തിയശേഷം മധ്യപ്രദേശിലെ ദേവസിൽനിന്നുള്ള രജബ് അലി ഖാൻ, ലാഹോറിലെ ഇനായത് ഖാൻ തുടങ്ങിയവർക്കു കീഴിലും പരിശീലനം തുടർന്നെങ്കിലും സിദ്ധേശ്വരി തന്റെ ഗുരുവായി കരുതിയിരുന്നത് ബഡേ രാംദാസിനെയാണ്.

ഹിന്ദുസ്‌ഥാനിയിലെ ബനാറസ് ഘരാനയിലെ വിഖ്യാത ഗായികയായി വളർന്ന സിദ്ധേശ്വരി ഖയാൽ, ഠുംരി, ദാദ്ര, ചൈഥി, കജ്രി തുടങ്ങിയ സംഗീതവിഭാഗങ്ങളിൽ അദ്വിതീയയായി. സ്വയം മറന്നുള്ള കച്ചേരികൾ അവരുടെ പ്രത്യേകതയായിരുന്നു. രാത്രിയെന്നോ പകലെന്നോയില്ലാതെ ആ സപര്യ തുടരുമായിരുന്നു.

1966ൽ രാജ്യം സിദ്ധേശ്വരിക്ക് പത്മശ്രീ നൽകി ആദരിച്ചു. കൊൽക്കത്തയിലെ രവീന്ദ്രഭാരതി വിശ്വവിദ്യാലയയുടെ ഓണണറി ഡി.ലിറ്റ്, വിശ്വഭാരതി വിശ്വവിദ്യാലയയിൽനിന്നുള്ള ദേശികോത്തം ബിരുദങ്ങളും അവരെത്തേടിയെത്തി. അവരുടെ കലാജീവിതത്തെ ആസ്പദമാക്കി പ്രമുഖ സംവിധായകൻ മണി കൗൾ ഒരുക്കിയ സിദ്ധേശ്വരി എന്ന ഡോക്യുമെന്ററി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിരുന്നു. 1976–ൽ അന്തരിച്ച സിദ്ധേശ്വരിയുടെ മകൾ സവിതാ ദേവിയും അറിയപ്പെടുന്ന സംഗീതജ്‌ഞയാണ്.

മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റുമായ തോമസ് ജേക്കബിന്റെ കഥക്കൂട്ടിലൂടെയാണ് സിദ്ധേശ്വരി ദേവി വീണ്ടും ഓർമയുടെ പടവുകൾ കയറിയെത്തിയത്. ഷീല ധറിന്റെ പുസ്തകത്തിൽനിന്നുള്ള ഒരു സംഭവം അദ്ദേഹം എടുത്തുപറയുന്നതിങ്ങനെ:

വിദേശത്തെ ഏതോ പ്രമുഖമായ വേദിയിൽ പാടാനെത്തിയതാണ് സിദ്ധേശ്വരി. കച്ചേരി തുടങ്ങാൻ അല്പസമയം മാത്രം. സദസ്സ് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ആ വിദേശികളെ കണ്ടപ്പോൾ സിദ്ധേശ്വരി ദേവിയുടെ മനസിൽ ഒരു വിചിത്രമായ ചിന്ത കടന്നുകൂടിയത്രേ: പ്രാഥമികാവശ്യങ്ങൾക്കുശേഷം വെള്ളം ഉപയോഗിക്കാത്ത ഈ വൃത്തിഹീനർക്കുമുന്നിലാണോ ഞാൻ വിശുദ്ധസംഗീതാലാപനം നടത്തേണ്ടത്?! അധികം ആലോചിക്കാൻ സമയമില്ലായിരുന്നു. അവർ പാടാതെ വേദിവിട്ടിറങ്ങി!!. സംഗീതത്തെ എത്രമാത്രം വിശുദ്ധമായാണ് അവർ കണ്ടിരുന്നതെന്നതിന് വേറെന്തുവേണം തെളിവ്!.

<ആ>ഹരിപ്രസാദ്