മാറി ചിന്തിക്കുന്ന ഇളമുറക്കാർ
മാറി ചിന്തിക്കുന്ന ഇളമുറക്കാർ
അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും കൗമാരവും യൗവനവും ആഘോഷിക്കുന്നവർക്ക് ലഭിക്കാത്ത ‘ഭാഗ്യ’ങ്ങളാണ് തൊണ്ണൂറുകളിലെയും രണ്ടായിരത്തിലെയും യുവത്വത്തിന് ലഭിക്കുന്നത്. നീലച്ചിത്രങ്ങൾ എന്തെന്നുപോലും അറിയാത്ത കുറേ തലമുറകൾ ഇവിടെ ജീവിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. അതുകഴിഞ്ഞുവന്ന തലമുറയ്ക്ക് (അറുപതുകളിലും എഴുപതുകളിലും ജനിച്ചവർ) ഇതേക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും അവരുടെ കൗമാര – യൗവന കാലത്ത് അശ്ലീലക്കാഴ്ചകളിലേക്ക് എത്തുവാനുള്ള സാഹചര്യം കുറവായിരുന്നു. പ്രത്യേകിച്ചും സ്ത്രീകൾക്ക്. ഇത്തരം നീലക്കാഴ്ചകൾ ഇന്ന് ധാരാളമായി കാണുവാൻ അവസരങ്ങൾ ഉണ്ടെങ്കിലും അതൊരു തെറ്റായി കാണുന്ന വലിയൊരുവിഭാഗം സ്ത്രീകൾ ഇന്നുമുണ്ട്. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഹോട്ട് വീഡിയോ എന്തെന്ന് അറിയാത്തവരും പ്രവർത്തിപ്പിക്കാൻ അറിയാത്തവരും ഉണ്ടെന്ന വസ്തുതയും അവശേഷിക്കുന്നു.

എന്നാൽ പുതിയ തലമുറയിലെ കാര്യം ഇതല്ല. പൊതുവെ ഡിജിറ്റൽ സാങ്കേതികവിദ്യ വിരൽതുമ്പിൽ ആയ ഇവർ യാതൊരുവിധ സങ്കോചവുമില്ലാതെ സൈബർ സെക്സ് ലോകവും ഉപയോഗിക്കുന്നു. ആൺ–പെൺ ഭേദവും ഇതിനില്ല എന്ന വൈരുധ്യവും നിലനിൽക്കുന്നുണ്ട്. 22 വയസുള്ള ഒരു പി.ജി വിദ്യാർഥിനി പറയുന്നു – ‘‘ഞങ്ങൾ ഹോട്ട് വീഡിയോകൾ കാണുന്നതിൽ നിങ്ങൾക്ക് എന്താണു പ്രശ്നം. ആൺകുട്ടികൾ കാണാറുണ്ടല്ലോ? അതൊരു നോർമൽ അഡോളസന്റ് പാഷൻ ആയി മാത്രമേ എനിക്ക് തോന്നാറുള്ളൂ. പ്ലസ്ടുവിന് പഠിക്കുന്നകാലത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ലിങ്കിൽ ഞാൻ ക്ലിക്ക് ചെയ്തിട്ടുണ്ട്. ബ്ലൂ ചിത്രങ്ങൾ കണ്ടിട്ടുമുണ്ട്. മൊബൈലിൽ കൂടുതലും ഫോട്ടോകൾ ആണ് വരുന്നത്. ബ്ലൂ വീഡിയോസ് എന്റെ ലാപ്പിലും കണ്ടിട്ടുണ്ട്. എന്നുകരുതി ഞാൻ അതിന്റെ അഡിക്ട് ഒന്നുമല്ല. ഇപ്പോൾ കാണുവാൻ തോന്നാറില്ല. അതുകൊണ്ടു കാണുന്നില്ല. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഹോസ്റ്റലിലെ എന്റെ ഫ്രണ്ട്സ് എല്ലാവരും വീഡിയോസ് കാണാറുണ്ട്. ആരുടെയും പഠനം ഇതുകൊണ്ട് നഷ്ടപ്പെട്ടുപോയതായി അറിവില്ല. അങ്ങനെ നിരന്തരം വീഡിയോസ് കണ്ട് പഠനവും ജീവിതവും വെറുതെ കളയുന്നവരുണ്ടാകും. പക്ഷേ എനിക്ക് കുറേക്കഴിഞ്ഞപ്പോൾ ഇന്ററസ്റ്റ് പോയി’’.

ഒരു സിനിമ കാണുന്നതുപോലെ നീലച്ചിത്രം കാണുന്ന ഈ പെൺകുട്ടിക്ക് ഇതൊരു സ്വാഭാവികമായ പ്രവണത മാത്രം. യാതൊരുവിധത്തിലെയും കുറ്റബോധം വളരെ യാഥാസ്‌ഥിതിക കുടുംബപശ്ചാതലത്തിൽ വളർന്ന പെൺകുട്ടിയെ ബാധിക്കുന്നില്ലയെന്ന കാര്യവും ശ്രദ്ധേയമാണ്. ഇങ്ങനെ ഒരു കൗതുകത്തിന് കണ്ടുകളയുന്ന പെൺകുട്ടികൾ ധാരാളമുണ്ട. എന്നാൽ അല്ലാത്തവരുടെയും സ്വഭാവവും സാഹചര്യവും ഇത്ര ആരോഗ്യപരമായിരിക്കണമെന്നില്ല.

ഒരു ഉദാഹരണമിതാ...

തലസ്‌ഥാനഗരത്തിലെ ഒരു പെൺകുട്ടിയുടെ ജീവിതം പകർത്തുകയാണ്. അമ്മയും അച്ഛനും ഒരു ഇളയ സഹോദരിയും അടങ്ങുന്നതാണ് പ്ലസ് വൺ കഴിഞ്ഞുനിൽക്കുന്ന വിദ്യാർഥിനിയായ പെൺകുട്ടിയുടെ കുടുംബം. അമ്മയും അച്ഛനും കൂലിപ്പണിക്കും ഇളയ സഹോദരി സ്കൂളിലും പോയിക്കഴിഞ്ഞാൽ പെൺകുട്ടി ഫോണുമായി ഒരൊറ്റയിരിപ്പാണ്. (വീട്ടിൽ പട്ടിണി കിടന്ന് വാശിപിടിച്ച് വാങ്ങിച്ചെടുത്ത ഫോണാണ്). അടുത്ത വീട്ടിലെ ഒരു സ്ത്രീ സംശയംതോന്നി നോക്കിയപ്പോഴാണ് കണ്ടാൽ അറപ്പ് തോന്നുന്ന വൈകൃതങ്ങളുടെ നീലക്കാഴ്ചകൾ ആണ് വിടർന്ന കണ്ണുകളോടെ പെൺകുട്ടി നോക്കിയിരിക്കുന്നത്. അൽപം മുതിർന്ന പുരുഷനായ ഒരു ബന്ധു വീട്ടുകാർ ഇല്ലാത്ത സമയത്ത് ഈ പെൺകുട്ടിയുടെ വീട്ടിലെത്താറുണ്ടെന്നും അയൽക്കാരി പറയുന്നു. ഇയാളുമായി മാത്രമല്ല, അടുത്തവീട്ടിലെ ചില കൗമാരക്കാരായ ആൺകുട്ടികളുമായും പെൺകുട്ടിക്ക് ശാരീരികമായി അടുപ്പമുണ്ടെന്നും തൊട്ടടുത്ത വീട്ടുകാരി പറയുന്നു. പലപ്പോഴും പെൺകുട്ടിയുടെ അപഥസഞ്ചാരങ്ങൾ താൻ നേരിട്ടുകണ്ടിട്ടുണ്ടെന്നും ഇവർ പറയുന്നു. അമ്മയോട് ആദ്യം ഫോണിനെക്കുറിച്ച് സൂചന നൽകിയെങ്കിലും മകൾ പുതിയ കോഴ്സിന് ചേരുവാനുള്ള കാര്യങ്ങളാണ് ഫോണിലൂടെ നോക്കുന്നതെന്നാണത്രേ അമ്മയുടെ നിലപാട്! മാത്രമല്ല അയൽക്കാരിക്ക് തന്റെ മകളുടെ ഉയർച്ചയിൽ അസൂയയും. നിരക്ഷരരായ പാവപ്പെട്ട അമ്മമാരെ ഇങ്ങനെ കബളിപ്പിച്ച് മൊബൈൽ ഫോൺ വാങ്ങിയെടുത്ത് ഉല്ലസിക്കുന്ന സാധാരണക്കാരായ പെൺകുട്ടികളുടെ എണ്ണം വർധിക്കുകയാണ്.

കടംവാങ്ങിയും നട്ടെല്ല് ഉരുക്കി വെയിലത്ത് പണിയെടുത്തും മക്കളെ പഠിപ്പിച്ച് വലിയ ഉദ്യോഗസ്‌ഥരാക്കുവാൻ പണിപ്പെടുന്ന കൂലിപ്പണിക്കാരായ അച്ഛനമ്മമാർ കേരളത്തിൽ നിരവധിയുണ്ട്. വീട്ടിൽ യാതൊരുപണിയും ചെയ്യാതെ (പഠിക്കുവാനുണ്ട് എന്ന പേരിൽ) മൊബൈൽഫോണുമായി രാവിലെ ഇറങ്ങുന്ന പെൺകുട്ടികൾ മറ്റൊരു മായാലോകത്തെത്തിപ്പെടുകയാണ്. സെക്സിചിത്രങ്ങളും ചൂടേറിയ കിടപ്പറ ദൃശ്യങ്ങളും ഇവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നത് സ്വാഭാവികം. കാമുകന്മാരായി ഭാവിച്ച് അടുത്തുകൂടുന്ന യുവാക്കൾ പെൺകുട്ടികളെ ഇങ്ങനെ ഉത്തേജിപ്പിച്ച് ചൂഷണം ചെയ്യുവാൻ മിടുക്കന്മാരാണ്. നീലച്ചിത്രം കാണിച്ച് ലൈംഗികമായി ഉത്തേജിപ്പിച്ച് കൗമാരക്കാരെ പീഡിപ്പിക്കുകയും വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന കേസുകൾ എത്രയോ രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. കാമുകിമാർക്ക് ഫ്രീയായി വീഡിയോകൾ അയച്ചുകൊടുക്കുന്നവരും മൊബൈൽ ഇല്ലാത്ത കാമുകിമാർക്ക് ഫോൺതന്നെ വാങ്ങി നൽകി സ്വന്തം ഇംഗിതം സാധിക്കുന്നവരും നിരവധി.


സമ്പന്നവീട്ടിലെ അവസ്‌ഥയും വ്യത്യസ്തമല്ല. എറണാകുളത്തെ ഉദ്യോഗസ്‌ഥയായ അമ്മ കണ്ണീരോടെ പറഞ്ഞ സംഭവം കേൾക്കുക. അവർക്ക് ഒരേയൊരു മകളാണ്. പെൺകുട്ടി ഡിഗ്രി വിദ്യാർഥിനി. പഠിക്കാൻ മിടുക്കി. എല്ലാ കാര്യങ്ങളും സ്വന്തമായി നോക്കുവാൻ പ്രാപ്ത. അമ്മയ്ക്ക് മകളെക്കുറിച്ച് വളരെ അഭിമാനമാണ്. ടൂവീലറിൽ തിരക്കേറിയ എറണാകുളം ബൈപ്പാസിലൂടെ മകൾ പറന്നുപോകുന്ന കഥകളൊക്കെ ഓഫീസിൽ പോയി അമ്മ വിസ്തരിച്ച് പറയും. ഒരബദ്ധത്തിലും വീഴാതെ ജീവിക്കുവാൻ കഴിവുള്ള കുട്ടിയെ അമ്മയ്ക്ക് വലിയ വിശ്വാസവുമാണ്. ഈ അടുത്തകാലത്ത് ഏതോ ഒരു ഫോട്ടോ തെരഞ്ഞ് അമ്മ പെൺകുട്ടിയുടെ വാട്സ് അപ്പിൽ നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. സുഹൃത്തുക്കളായ ആൺകുട്ടികളോട് തങ്ങൾ ഒന്നിച്ചുകണ്ട വീഡിയോസിനെക്കുറിച്ചുള്ള വിശദാംശങ്ങളും പ്രതികരണങ്ങളും മകൾ പങ്കുവയ്ക്കുകയാണ്. ആകെ തകർന്നുപോയ അമ്മ വിശ്വസിക്കാനാകാതെ രണ്ടുമൂന്ന് ഗ്രൂപ്പിൽക്കൂടി ക്ലിക്ക് ചെയ്തു. ആൺ സുഹൃത്തുക്കൾ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ചിത്രങ്ങൾ കാണുവാനുള്ള ഉൾക്കരുത്തില്ലാതെ അവർ പിൻവാങ്ങി. മകളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ആകെ പൊട്ടിത്തെറിച്ചുവത്രെ. ക്ലാസിലെ ഫ്രണ്ട്സ് തമ്മിൽ ഇത്തരം വീഡിയോ ഷെയറിംഗ് നടത്താറുണ്ടെന്നും അമ്മ എന്തിനാണ് ഇത്ര വൃത്തികെട്ട രീതിയിൽ ചിന്തിക്കുന്നതെന്നും പറഞ്ഞ കുട്ടിയിപ്പോൾ അമ്മയോട് സംസാരിക്കുന്നതുതന്നെ അവസാനിപ്പിച്ചിരിക്കുകയാണ്.

ബംഗളൂരു തുടങ്ങിയ ഹൈടെക്ക് നഗരങ്ങളിൽ മാത്രമല്ല, കേരളത്തിലെതന്നെ വൻ നഗരങ്ങളിലെ യുവതലമുറയിൽ ഒരുവിഭാഗം വളരെ മാറിച്ചിന്തിച്ചുതുടങ്ങിയിരിക്കുന്നുവെന്നുസാരം. ബർത്ത്ഡേ പാർട്ടികൾ ഏതെങ്കിലും ഒരു സുഹൃത്തിന്റെ ഒഴിഞ്ഞ ഫ്ളാറ്റിൽ അടിപൊളിയാക്കുന്നത് സാധാരണമായിക്കഴിഞ്ഞു. രാത്രിമുഴുവൻ നീളുന്ന പാർട്ടികൾക്കിടയിൽ ഒന്നിച്ചിരുന്നു വീഡിയോകൾ ആസ്വദിക്കുന്നതും ഒരു തെറ്റായി ആരും കാണുന്നില്ല.

സെൽഫികളുടെ യുഗം

സ്വന്തം ഫോട്ടോയ്ക്കുവേണ്ടി ഫോട്ടോഗ്രഫറുടെ മുന്നിൽ നിൽക്കുവാൻ സ്ത്രീകൾ മടിച്ചിരുന്ന ഒരു കാലം, അഥവാ അവർക്ക് അനുവാദം നിഷേധിക്കപ്പെട്ടിരുന്ന ഒരുകാലം ഉണ്ടായിരുന്നു. ഇന്നത്തെ യുവതലമുറയ്ക്കൊരുപക്ഷേ വിശ്വസിക്കുവാൻ തന്നെ പ്രയാസമായ ഒരു സത്യമാണ്. ഇന്ന് സമൂഹത്തിന്റെയും സാങ്കേതികതയുടെയും അഭൂതപൂർവമായ വളർച്ചയുടെ പശ്ചാതലത്തിൽ ആർക്കും എങ്ങനെയും ഫോട്ടോയെടുക്കാം. മറ്റാരുടെയും സഹായമില്ലാതെ, സെൽഫികൾ ഇഷ്ടംപോലെ ക്ലിക്ക് ചെയ്യാം. മൊബൈൽ ഫോണിലെ ഈ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് സെലിബ്രിറ്റികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് ആഹ്ലാദിക്കാം, സ്വയം അഭിമാനിക്കാം.

എന്നാൽ വാട്സ് അപ്പിലെ ഈ കാമറ സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു വിഭാഗം സ്വന്തം നഗ്നചിത്രങ്ങളും സെക്സി ചിത്രങ്ങളും ക്ലിക്ക് ചെയ്ത് അയയ്ക്കുന്നുവെന്ന സത്യം നിഷേധിക്കാൻ കഴിയില്ല. 26 വയസുള്ള ഒരു യുവാവ് പറഞ്ഞത് തന്റെ ഗേൾഫ്രണ്ടിന്റെ പല ന്യൂഡ് പോസുകളും തന്റെ പെൻഡ്രൈവിൽ സെയ്ഫ് ആയി വച്ചിട്ടുണ്ടെന്നാണ്. പരസ്പരധാരണയും സ്നേഹവും ഉള്ളകാലത്തോളം ഈ ശേഖരം സ്വകാര്യമായിരിക്കും. എന്നാൽ എന്തെങ്കിലും കാരണത്താൽ ഇവർ വഴിപിരിഞ്ഞാലോ? കാമുകന് ബ്ലാക്ക്മെയിൽ ചെയ്യുവാൻ ഇതിൽപ്പരം തെളിവുകൾ എന്തുവേണം. അത്തരം നിരവധി സംഭവങ്ങൾ ഇന്നുനടക്കുന്നുണ്ട്. ഏറ്റവും പുതിയ ട്രെൻഡ് ഇതിലും ഒരുപടി കടക്കുന്നു. ഭാവിവധുവിന്റെ സെക്സി ചിത്രങ്ങൾ പ്രതിശ്രുതവരന്റെ ഫോണിലേക്ക് അയച്ചുകൊടുക്കുന്നു. പ്രണയസമ്മാനം എന്നപേരിലാണ് ഈ അർധനനഗ്നചിത്രങ്ങൾ ചില പ്രതിശ്രുത വധുക്കൾ അയച്ചുകൊടുക്കുന്നതത്രേ! എന്തെങ്കിലും കാരണത്താൽ വിവാഹം നടക്കാതെ വന്നാലുള്ള അവസ്‌ഥ എന്തായിരിക്കും.

സൈബർ സെക്സ് ബ്ലാക്ക് മെയിലിംഗ്

രണ്ടുവർഷത്തെ തീവ്രപ്രണയത്തിനുശേഷം കാമുകനെ തഴഞ്ഞ് കാമുകി മറ്റൊരു വിവാഹത്തിന് തയാറെടുത്തപ്പോൾ കാമുകൻ കാമുകിയുടെ ഭാവിഭർത്താവിന് അയച്ചുകൊടുത്ത സിഡി ശേഖരം കണ്ട് അയാൾ അക്ഷരാർഥത്തിൽ ഞെട്ടി. പൂർവ കാമുകനോടൊപ്പം പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും വച്ചുള്ള കാമുകിയുടെ കിടപ്പറ ദൃശ്യങ്ങളായിരുന്നു അവ. തീർന്നില്ല, രണ്ടുവർഷം ഇരുവരും നടത്തിയ മൊബൈൽ ഫോൺ ഹോട്ട് സംഭാഷണങ്ങൾ (രാതി ഉറക്കമൊഴിച്ച് ഉള്ളത് ഉൾപ്പെടെ) കാമുകൻ പ്രതിശ്രുത വരന്റെ വാട്സ് അപ്പിലേക്ക് അയച്ചുകൊടുത്തു.

ആർഭാടപൂർവം വിവാഹനിശ്ചയം വരെ കഴിഞ്ഞ ആ പെൺകുട്ടിയുടെ വിവാഹം ഇക്കാരണത്താൽ തന്നെ മുടങ്ങിയിരിക്കുകയാണ്. കാമുകിയുടെ എല്ലാ വിവാഹാലോചനകളും താൻ ഈവഴി ഉപയോഗിച്ചുതന്നെ തകർക്കുമെന്ന കാമുകന്റെ ഭീഷണിയും കാമുകിയുടെ വീട്ടുകാർക്ക് കിട്ടിക്കഴിഞ്ഞു. നാണക്കേടുകാരണം സൈബർ സെല്ലിനെയോ പോലീസിനെയോ വിവരം അറിയിക്കാൻ കഴിയാത്ത അവസ്‌ഥയിലാണ് അവർ.

<യ> ഊരാക്കുടുക്കായി സൈബർ ഇടങ്ങൾ–2/
എസ്.മഞ്ജുളാദേവി