മൊബൈലുകളുടെ കുതിച്ചുചാട്ടം
മൊബൈലുകളുടെ കുതിച്ചുചാട്ടം
മുൻകാലങ്ങളിൽ ഒരു തലമുറ കഴിയുമ്പോഴാണ് ജീവിത രീതികളിൽ മാറ്റങ്ങൾ സംഭവിക്കുന്നതെങ്കിൽ ഇന്ന് അഞ്ചുവർഷത്തിനുള്ളിൽതന്നെ സാങ്കേതികതയുടെയും അതുവഴി ജീവിതരീതിയുടെയും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. 90 കളിൽ ജനിച്ചുവളർന്ന കുട്ടികളും 2000 ത്തിൽ ജനിച്ച് 2016 ൽ കൗമാരം ആഘോഷിക്കുന്നവരും തമ്മിൽ തന്നെ വൻ വ്യത്യാസം ഉണ്ട്! 90 ൽ ജനിച്ച ഇരുപത്തിയാറുകാരന്റെ വാക്കുകൾ കേട്ടാൽ മുൻതലമുറ അത്ഭുതപ്പെട്ടുപോകും. ഞങ്ങളൊക്കെ രണ്ടോ മൂന്നോ എംപിയുള്ള വീഡിയോകളാണ് ബ്ലൂ ടൂത്ത് വഴി പരസ്പരം അയച്ചിരുന്നത് (സാധാരണ വീഡിയോസ് ഉൾപ്പെടെ). അതുതന്നെ ഡൗൺലോഡ് ആയിവരാൻ എത്രസമയം കാത്തുനിൽക്കണം. ബ്ലൂടൂത്തിനുതന്നെ എന്തൊക്കെ പരിമിതികൾ ഉണ്ടായിരുന്നു. ദൂരെ നിന്നാൽ സെൻഡ് ആകില്ല. എന്ത് കഷ്ടപ്പാടായിരുന്നു... ഇപ്പോഴത്തെ പിള്ളേർക്ക് എന്തു സുഖമാണ്. ഏത് വീഡിയോയും വൺ ജിബിയിൽ വരെ കിട്ടും (അതായത് 1000 എംപി) അതും രണ്ടോ മൂന്നോ മിനിറ്റുകൊണ്ട്! ഏതു സിനിമയും ഇങ്ങനെ മിനിറ്റുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാം. അതും എന്ത് വലിയ സ്ക്രീനിൽ... ഷെയർ ഇറ്റ് എന്ന ആപ് ഞങ്ങളുടെ ഒന്നും സ്കൂൾ കാലത്ത് കിട്ടിയില്ലല്ലോ? വലിയ നഷ്ടമായിപ്പോയി. പിന്നെ അന്ന് ഞങ്ങൾക്ക് ചെറിയ ഫയലുകളെ അയയ്ക്കുവാൻ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എന്തുമാത്രം വലിയ ഫയലുകളാണ് പിള്ളേർക്ക് സെൻഡ് ചെയ്യുന്നത്. എന്ത് ഭാഗ്യം. എത്ര ക്ലാരിറ്റിയോടെ കിട്ടും എല്ലാം എന്നറിയാമോ? ഈ ഷെയർ ഇറ്റ് ആപ് ഏറ്റവും പുതിയ തലമുറയുടെ സ്വാവം അറിഞ്ഞ് (എല്ലാം വേഗത്തിലും വ്യക്‌തതയിലും വേണം) വൻ കമ്പനികൾ ഉണ്ടാക്കുന്നതാണ്. കമ്പനികൾ തമ്മിൽ മത്സരിച്ച് ദിവസം കഴിയുന്തോറും ഏറ്റവും പുതിയ ആപ്ലിക്കേഷനുകൾ ഇറക്കുമ്പോൾ കുട്ടികൾ മൊബൈൽ ലോകത്തിലേക്ക് വീണ്ടും വീണ്ടും ചുരുങ്ങുകയാണ്.

സിനിമകൾ മാത്രമല്ല, ഷെയർ ഇറ്റിലൂടെയും മറ്റും ഹോട്ട് വീഡിയോസും ഡൗൺലോഡ് ചെയ്യപ്പെടുന്നതും വർധിച്ചുവരുന്നു. വലിയ ഫയലുകൾ (ചൂടൻ വീഡിയോകളുംപെടും) ഉൾക്കൊള്ളുവാൻ പാകത്തിലുള്ള സ്പേസ് പുതിയ മൊബൈലുകളിൽ ലഭ്യമാണ്. എത്ര ജിബി വീഡിയോകളും ലോഡ് ചെയ്യും. കുട്ടികൾക്കൊപ്പം മുതിർന്നവരും ഈ സ്പേസ് പ്രയോജനപ്പെടുത്തുകയാണ്. ഡീറ്റെലിംഗും ഷാർപ്നസും സാധാരണ മൊബൈൽ കാഴ്ചകൾ അതീവ സൂക്ഷ്മമാക്കുന്നത് നല്ലതുതന്നെ. എന്നാൽ ഇക്കാലത്ത് വളരെയേറെ വിശദാംശങ്ങളോടെ കിടപ്പറ ദൃശ്യങ്ങളും മൊബൈലിൽ നിന്നും മൊബൈലിലേക്ക് പറക്കുകയാണ്. ഹൈസ്കൂൾ തലത്തിൽവച്ചുതന്നെ ആധുനിക മൊബൈൽ ഫോണുകൾ സ്വന്തമാക്കുന്ന കുട്ടികൾ ഇത്തരത്തിലെ വിശദവും സൂക്ഷ്മവുമായ ദൃശ്യങ്ങൾ കണ്ടുവളരുന്നത് എത്രത്തോളം ദോഷകരമാണെന്ന് ചിന്തിക്കണം.

ഇന്റർനെറ്റ്, കാമറ സംവിധാനം ഇല്ലാത്ത മൊബൈൽ ഫോൺ മാത്രം കുട്ടികൾക്കു നൽകണം എന്ന് വിദഗ്ധർ ഉപദേശിക്കാറുണ്ടെങ്കിലും ബഹുഭൂരിഭാഗം കുട്ടികളും വീട്ടിൽ ബഹളമുണ്ടാക്കി സ്മാർട്ട് ഫോണും ടാബുമെല്ലാം പിടിച്ചെടുക്കുന്നു. ഇല്ലെങ്കിൽ ഫ്രണ്ട്സിന്റെ മുന്നിൽ നാണം കെടും എന്നാണ് ഒരുവിഭാഗം പറയുന്നത്.


‘‘ഞങ്ങളുടെ പ്ലസ്വൺ കാലത്ത് ഒരു സിനിമ കാണണമെങ്കിൽ കംപ്യൂട്ടറിലും ലാപ്പിലും കുത്തി എന്തു പണി ചെയ്യണമായിരുന്നു. വീഡിയോകളും ഇങ്ങനെ എത്ര പ്രയാസപ്പെട്ടാണ് കണ്ടിരുന്നത്. ഇപ്പോ വെറുതേ കട്ടിലിൽ തന്നെ മൊബൈലും വച്ച് സിനിമകൾ കണ്ടുകണ്ട് ഉറങ്ങാം. ഞാനും ഇപ്പോ മൊബൈലിൽ തന്നെയാണ് സിനിമകൾ കാണുന്നത്.’’–രണ്ടായിരത്തിന്റെ ആദ്യപകുതിയിൽ കൗമാരകാലം പിന്നിട്ട ഒരു യുവാവ് നഷ്ടബോധത്തോടെ പറയുന്നു

ശരീരശാസ്ത്രപരമായി തന്നെ സെക്സിനെക്കുറിച്ച് അറിയുവാനുള്ള കൗതുകം ഉടലെടുക്കുന്ന കൗമാരകാലത്ത് ആരും അറിയാതെ കിടപ്പറയിൽ തന്നെ ഒരു വലിയ നീലദൃശ്യലോകം ലഭിക്കുന്നത് പക്വതയില്ലാത്ത മനസുകളിൽ എത്രമാത്രം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചിന്തിക്കണം. കൗമാരകാലത്തുതന്നെ ഇത്തരം കാഴ്ചകൾ നിരന്തരം കാണുന്ന ഒരുവിഭാഗം പിൽക്കാലത്ത് ഭർത്താവായി മാറുമ്പോൾ ഭാര്യയെ ഉപഭോഗവസ്തുവായിമാത്രം കാണുന്ന ഒരു അവസ്‌ഥ വരും.

എല്ലാ ലൈംഗിക പരീക്ഷണങ്ങളും നടത്തുവാനുള്ള ലാബാണ് ഭാര്യ എന്ന ഏറ്റവും ക്രൂരവും വികൃതവുമായ പുതിയ ചിന്തകളും ഇതിന്റെ അനന്തരഫലമാണ്. ഞെട്ടിക്കുന്നതും എന്നാൽ വളരെ രസകരവുമായ കഥകളും ഇതിനിടയിൽ അരങ്ങേറുന്നു. ഒറ്റമകനെ വളരെ നല്ലകുട്ടിയായി (ഏതാണ്ട് പുരാണത്തിലെ ഋശ്യശൃംഗൻ മാതൃകയിൽ) അച്ചടക്കത്തോടെ വളർത്തുവാൻ ശ്രമിച്ച അമ്മതന്നെ പങ്കുവച്ച അനുഭവമാണ്. പത്താംക്ലാസ് വരെ അച്ഛന്റെയും അമ്മയുടെയും നിഴലായാണ് കുട്ടി നടന്നിരുന്നതും അമ്മ ചോറുരുട്ടി കൊടുക്കണം, അച്ഛൻ ബാഗും തൂക്കി സ്കൂളിൽ കൊണ്ടുപോയി വിടണം. ഒടുവിൽ പ്ലസ് വണ്ണിന് കുറച്ചുദൂരെയുള്ള സ്കൂളിൽ അഡ്മിഷൻ ലഭിച്ചപ്പോൾ അമ്മ നിലവിളിയായി. മറ്റു കുട്ടികൾക്കൊപ്പം ചേർന്ന് തന്റെ ഓമനമകൻ വഴിതെറ്റുമോ എന്നുപേടിച്ച് ക്ഷേത്രങ്ങളിൽ കൊണ്ടുപോയി ഹൃദയമുരുകി പ്രാർഥിച്ചു. 24 മണിക്കൂറും മൊബൈൽ ഫോണിലും ഇന്റർനെറ്റിലും പതിയിരിക്കുന്ന അപകടങ്ങൾ വിശദീകരിച്ചു. ഒടുവിൽ ക്ഷമ നശിച്ച മകൻ പറഞ്ഞുവത്രെ. അമ്മ പേടിക്കേണ്ട. ആ പ്രായമൊക്കെ എനിക്ക് എന്നേ കഴിഞ്ഞു. എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളെയാണ് ശ്രദ്ധിക്കേണ്ടത്. എനിക്ക് ഇപ്പോ മൊബൈൽ വീഡിയോസിലൊന്നും ഒരു താൽപര്യവുമില്ല. എല്ലാം മടുത്തു.

ആകെ ഞെട്ടിവിറച്ചുപോയ അമ്മ ചോദിക്കുന്നത് ചിറകിനുള്ളിൽവച്ച് താൻ വളർത്തിയ കുഞ്ഞ് എപ്പോഴാണ് വഴിമാറിയത് എന്നാണ്!

സ്കൂൾ, സുഹൃത്തുക്കൾ, പിന്നെ ഇഷ്ടം പോലെ അവസരങ്ങളും. തന്റെ മകൻ അല്ലെങ്കിൽ മകൾ ഒരിക്കലും മൊബൈൽ – നെറ്റ് കാഴ്ചകൾ കാണില്ല എന്നുറച്ചുവിശ്വസിക്കുന്നവർ മാറിയകാലത്തിനുനേരേ കണ്ണടയ്ക്കുന്നവരാണ്.

മൊബൈൽ – ഇന്റർനെറ്റ് ലഭിക്കാത്ത കൗമാരക്കാരെയും വളരെ ചെറിയൊരു ശതമാനക്കാരെയും മാറ്റിനിർത്തിയാൽ ഈ ബ്ലൂ തരംഗം അറിയുന്നവരും ആസ്വദിക്കുന്നവരുമാണ് ഏറിയപങ്കും.

<യ> ഊരാക്കുടുക്കായി സൈബർ ഇടങ്ങൾ–3 /എസ്.മഞ്ജുളാദേവി