സൈജോ നില്ക്കുന്നു, നട്ടെല്ലു വളയ്ക്കാതെ
സൈജോ നില്ക്കുന്നു, നട്ടെല്ലു വളയ്ക്കാതെ
ഉരുക്കിനേക്കാളും കരുത്തേറിയ ആത്മവിശ്വാസവും ദൈവവിശ്വാസവും കൈമുതലായുളള സൈജോ നട്ടെല്ലിനെ ബാധിക്കുന്ന വാതരോഗമായ ആങ്കൈലോസിംഗ് സ്പോണ്ടിലൈറ്റിസ് എന്ന രോഗത്തോട് മല്ലിടുകയാണ്. പക്ഷേ, തളർന്നിരിക്കുകയല്ല. രോഗത്തെ അതിജീവിച്ച് നിരവധി നേട്ടങ്ങൾ കൈവരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. എഴുത്തും വായനയും സിനിമയും ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സൈജോ ഇപ്പോൾ കോ–ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ജോലിയും നേടിക്കഴിഞ്ഞു. പാവറട്ടി കണ്ണനായ്ക്കൽ സൈമന്റെയും ലില്ലിയുടെയും മകനാണ് മുപ്പതുകാരനായ സൈജോ.

ഫ്രാൻസിൽ നിന്നും അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 80,000 രൂപ വിലവരുന്ന ഇൻഫ്ളിക്സിമാബ് എന്ന മരുന്ന് മൂന്നു മാസം കൂടുമ്പോൾ കുത്തിവച്ചാണ് ഈ യുവാവ് രോഗത്തോട് മല്ലിടുന്നത്. കടുത്ത വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ദിവസം ആറു ഗുളിക വേറെയും വേണം. പ്ലസ്ടു കഴിഞ്ഞപ്പോഴാണു സൈജോയിൽ രോഗലക്ഷണങ്ങൾ പ്രകടമായത്. ചികിത്സിച്ചെങ്കിലും രോഗം ദിനംപ്രതി സൈജോയെ തളർത്തി. രോഗത്തെ അവഗണിച്ച് പിതാവ് സൈമണിനോടൊപ്പം കൂലിപ്പണിക്കു പോയി മിച്ചം വച്ച തുക കൊണ്ട് വിദൂര വിദ്യാഭ്യാസം വഴി ഫ്സ്റ്റ് ക്ളാസോടെ ബി.കോം പൂർത്തിയാക്കി. തുടർന്ന് എം.ബി.എയും . ഇതിനിടെ രോഗം മൂർച്ഛിച്ച് ഒന്നര വർഷത്തോളം ഒരേ കിടപ്പ്.

സൈജോ എണീറ്റുവന്നത് ഊർജമുളള പുതിയ മനുഷ്യനായി. നിരവധി പി.എസ്.സി ലിസ്റ്റുകളിൽ ഇടംപിടിച്ച സൈജോയ്ക്കു ജോലി ലഭിച്ചതു കുന്നംകുളം നഗരസഭയിൽ. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ ശാരീരികക്ഷമതയുടെ പേരിൽ ഒഴിവാക്കപ്പെട്ടു. പക്ഷേ, പിന്മാറാനാവില്ലല്ലോ. ഒടുവിൽ ജോലി കിട്ടി. ഇപ്പോൾ സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് യൂണിയന്റെ ചാവക്കാട് ഓഫീസിൽ കോ–ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ആണ്. പക്ഷേ, രോഗപീഡകളിലും വെറുമൊരു ജോലിയിലും ഒതുങ്ങുന്നില്ല സൈജോയുടെ പ്രയാണം.
ഊന്നുവടിയുടെ സഹായത്തോടെ സഞ്ചരിക്കുന്ന സൈജോ നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്റികളും പരസ്യ ചിത്രങ്ങളും നിർമിച്ചു, ദേശീയ – സംസ്‌ഥാന പുരസ്കാരങ്ങളും ഈ ചുരുങ്ങിയ കാലത്തിനുളളിൽ സൈജോയെ തേടിയെത്തി. ശാരീരികന്യൂനതയുള്ളവരുടെ ജീവകാരുണ്യ സംഘടനയുടെ പ്രസിഡന്റു കൂടിയാണു സൈജോ.

എല്ലാ ദിവസവും വേദനസംഹാരി ഗുളികകൾ കഴിച്ച് അന്നനാളം കേടായതായി സൈജോ പറയുന്നു. ആകെ ആശ്രയം മരുന്നു കുത്തിവയ്പ് മാത്രം. ചികിത്സക്കായി ലക്ഷങ്ങൾ ചെലവഴിച്ചു. 2014 ഓഗസ്റ്റിൽ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ നൽകിയ അപേക്ഷയെത്തുടർന്നു 50,000 രൂപ അനുവദിച്ചതായി സൈജോയ്ക്ക് അറിയിപ്പു ലഭിച്ചിരുന്നു. തുക കിട്ടാതിരുന്നതോടെ ഇത്തവണത്തെ ജനസമ്പർക്ക പരിപാടിയിലേക്കു സൈജോ വീണ്ടും അപേക്ഷ നൽകി. വില്ലേജ് ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് സഹിതം തുടർനടപടികൾ സ്വീകരിക്കാനായി ജില്ലാ കളക്ടർക്കു സമർപ്പിച്ചിട്ടുണ്ടെന്ന വിവരമാണു ലഭിച്ചത്.

ജീവനക്കാർക്കുളള ചികിത്സാസഹായ ഇനത്തിൽ കുന്നംകുളം നഗരസഭാ കൗൺസിൽ രണ്ടുമാസം മുൻപാണു 10,000 രൂപ അനുവദിച്ചത്. അപേക്ഷ തുടർനടപടിക്ക് അയച്ചുകൊടുത്തുവെന്നും പരിഗണിക്കാമെന്നുമുള്ള മറുപടിയാണു സൈജോയ്ക്കു ബന്ധപ്പെട്ടവരിൽനിന്നു ലഭിച്ചത്. ഇത്തരം രോഗികളെ സർക്കാരിന്റെ കാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണു സൈജോയെപ്പോലെയുളളവരുടെ ആവശ്യം. മാരകമായ രോഗത്തെക്കുറിച്ച് ഒരു കൈപ്പുസ്തകം തന്നെ സൈജോ എഴുതിയിട്ടുണ്ട്. മാത്രമല്ല ആങ്കൈലോസിംഗ് സ്പോണ്ടിലൈറ്റിസ് ഇന്ത്യൻ ഫെഡറേഷൻ (അസിഫ്) എന്ന സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റാണ് സൈജോ.ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുളള യുവതീയുവാക്കളിൽ കണ്ടു വരുന്ന ഈ രോഗം കണ്ടെത്താൻ എളുപ്പമാണെങ്കിലും ചികിത്സ വളരെ ചെലവേറിയതാണ്.

രോഗ പ്രതിരോധത്തിന് ആവശ്യമായ മരുന്നിന് അമ്പതിനായിരം രൂപയാണ് ചെലവ്. മറ്റു രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുന്നതിനാലാണ് ഈ മരുന്നുകൾക്ക് ഇത്രയും വിലവരുന്നത്. ഇന്ത്യയിൽ ഇതിനുളള മരുന്ന്് ഉത്പാദിപ്പിക്കുന്നില്ല. ഫ്രാൻസ് പോലുളള രാജ്യങ്ങളിൽ നിന്നാണ് മരുന്ന് എത്തിക്കുന്നത്, ജനിതക കാരണങ്ങളും രോഗം വരാൻ ഇടയാക്കുന്നുണ്ടെന്ന് അമല ആശുപത്രിയിലെ ക്ലിനിക്കൽ ഇമ്മ്യൂണോളജി ആൻഡ് റുമറ്റോളജി വിഭാഗം മേധാവി ഡോ.പോൾ ടി. ആന്റണി പറഞ്ഞു. നട്ടെല്ല് എസ് പോലെ വളഞ്ഞ് ക്രമേണ വികലാംഗരായി തീരുന്നതാണ് രോഗം. രോഗത്തിനുളള കേരളത്തിലെ രണ്ടാമത്തെ യൂണിറ്റ് അമല ആശുപത്രിയിൽ ആരംഭിച്ചു. നട്ടെല്ലിനു വാതരോഗം ബാധിച്ച പാവറട്ടി സ്വദേശി സൈജോ കണ്ണനായ്ക്കൽ പ്രസിഡന്റായുളള ആങ്കയിലോസിങ് സ്പോണ്ടിലൈറ്റിസ് ഇന്ത്യൻ ഫെഡറേഷൻ (അസിഫ്) സംഘടന ഈ മേഖലയിൽ ബന്ധപ്പെട്ടവരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ഈ രോഗം ബാധിച്ചവരെ സഹായിക്കുന്നതിന് അടിയന്തര നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നുവെങ്കിലും ഇതുവരെയും നടപടികളെടുത്തിട്ടില്ലെന്നു സൈജോ പറഞ്ഞു. രോഗത്തിന് ആവശ്യമായ മരുന്നുകൾ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനു നടപടികൾ വേണമെന്ന ആവശ്യവും


കേരള സർക്കാരിന്റെ കാരുണ്യ ചികിത്സാ സഹായനിധിയിൽ നിന്നും ചികിത്സാ സഹായം അനുവദിക്കാൻ നടപടിയെടുക്കണമെന്നും കൈപ്പുസ്തകമെഴുതിയ സൈജോ ആവശ്യപ്പെടുന്നു. ലോട്ടറി വിൽക്കുന്ന ജോസപ്പേട്ടൻ എന്ന ഡോക്യുമെന്ററിയാണ് സൈജോയെ സംസ്‌ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ലഘു ചലച്ചിത്രമേളയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഭിന്നശേഷിയുളള ലോട്ടറി വിൽപ്പനക്കാരുടെ ജീവിതം ചിത്രീകരിച്ച മ്യൂസിക് വീഡിയോ ആണിത്. സൈജോയാണ് സംവിധാനവും ഗാനരചനയും നിർവഹിച്ചത്. ലോട്ടറി വിൽക്കുന്ന വ്യക്‌തിയായി അഭിനയിക്കുകയും ചെയ്തു. നഗരത്തിലെ ലോട്ടറി വിൽപ്പനക്കാർ ഭൂരിഭാഗവും ഇതിലെ കഥാപാത്രങ്ങളായിരുന്നു. ജൂൺ 22 വരെ തിരുവനന്തപുരം കൈരളി തിയറ്ററിൽ നടക്കുന്ന ഇന്റർനാഷണൽ ഡോക്യുമെന്റ്റി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ഈ മ്യൂസിക് വീഡിയോ തിരഞ്ഞെടുത്തിട്ടുണ്ട്.

“സൈജോ പ്രസിഡന്റായ ഓൾ ഈസ് വെൽ ”ചാരിറ്റബിൾ സൊസൈറ്റിയാണ് അവതരണം. ബ്ലാങ്ങാട് ബീച്ച് എൽ.പി.സ്കൂൾ അധ്യാപകനായ റാഫി നീലങ്കാവിൽ ആണ് നിർമ്മാണച്ചുമതല. ഗാനരചനയിൽ സൈജോയ്ക്കൊപ്പം ജാബിയും പങ്കാളിയായി. ജോഫി പാലയൂർ എഡിറ്റിഗും ജോബി സംഗീത സംവിധാനവും ഒ.വി.ജോസ്മോൻ കാമറയും കൈകാര്യം ചെയ്തു. തൃശൂർ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ സൈജോ, ഗുരുവായൂർ ചക്കംകണ്ടം മാലിന്യ പ്രശ്നത്തെ ആധാരമാക്കി നിർമിച്ച “തവളയും ചാവും ചാച്ചുക്കുട്ടിയും ചാവും” ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചിരുന്നു. സൈജോയുടെ തന്നെ “ആമേൻ” എന്ന ഹ്രസ്വചിത്രം ഹൈക്കു അമച്വർ ലിറ്റിൽ ഫിലിം ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്തിരുന്നു. ശാരീരിക പ്രതിസന്ധികൾക്കിടയിലും രണ്ട് ഡോക്യുമെന്ററികൾ, മൂന്ന് ഹ്രസ്വചിത്രങ്ങൾ, ഒരു പരസ്യചിത്രം എന്നിവ സംവിധാനം ചെയ്തു. അഞ്ചിലധികം സർക്കാർ ജോലിക്കുളള മെയിൻ ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലും ഒന്നാമനായി.

വൈകല്യങ്ങളോട് പൊരുതിയ സൈജോയെത്തേടി കേരള സർക്കാരിന്റെ ഭിന്നശേഷിയുളള മികച്ചസർക്കാർ ജീവനക്കാരനുളള സംസ്‌ഥാന പുരസ്കാരം, 2014ൽ സംസ്‌ഥാന സർക്കാരിന്റെ ചലച്ചിത്രമേളയിലേക്ക് ഔദ്യോഗിക ക്ഷണം, കേരള യൂത്ത് വെൽഫെയർ ബോർഡ് നവ ചലച്ചിത്ര പ്രതിഭ പുരസ്കാരം എന്നിവയെത്തി. ഇതുവരെ അഞ്ചു ഡോക്യുമെന്ററികൾ പൂർത്തിയാക്കി. ബോളിവുഡ് താരം റാണി മുഖർജി ഉൾപ്പെടെ പ്രമുഖ താരങ്ങളുമായി കാലാതാജ് എന്ന ബോളിവുഡ് സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ സൈജോ. ഇന്ത്യയുടെ അഭിമാനമായ താജ്മഹലിന്റെ പറയപ്പെടാത്ത കഥയുമായാണ് സൈജോ ബോളിവുഡിൽ അരങ്ങേറ്റം നടത്തുന്നത്.

സ്വയം പഠിച്ച് ഡിഗ്രി ഫസ്റ്റ് ക്ലാസോടെ പാസായി. എം.ബി.എ പ്രവേശനപരീക്ഷയിൽ 75% മാർക്ക് നേടി പഠനം ആരംഭിച്ചതിന് ഇടയിലാണ് രോഗം പിടിമുറുക്കിയത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടിവന്ന സൈജോ പിന്നീട് എം.കോം പഠിച്ചെടുത്തു. ഇപ്പോൾ എം.ബി.എ പഠനം തുടരുന്നു. ഇതിനിടയിലാണ് വടിയെ ആശ്രയിച്ച് കൂനിക്കൂടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും, ബാക്കി സമയം അഭിനയിക്കുന്നതും.
രണ്ടു മാസം കൂടുമ്പോൾ എടുക്കേണ്ട വിലകൂടിയ കുത്തിവയ്പ് സാമ്പത്തിക ബുദ്ധിമുട്ടുമൂലം വൈകിയതിന്റെ ക്ഷീണവും വേദനയും ഹൃദയത്തിലൊളിപ്പിച്ച് സൈജോ, തന്നെപ്പോലെ ശാരീരിക വൈകല്യമുള്ളവർക്ക് തണലേകാനുള്ള തീവ്ര പരിശ്രമത്തിലാണ്. താൻ മുട്ടിയ വാതിലുകളും നടന്നു തീർത്ത വഴികളും മറ്റുള്ളവർക്കുള്ള വഴികാട്ടിയാകുന്നതിന് സൈജോയ്ക്ക് ഊർജമായി. എപ്പോഴും പ്രവർത്തന നിരതമായ കോൾസെന്ററിന്റെ ചുക്കാൻ പിടിക്കുന്നതും ഓൾ ഈസ് വെൽ (അഘഘ കട ണഋഘഘ) എന്ന സംഘടനയുടെ സംസ്‌ഥാന ഭാരവാഹിത്വവും ആങ്കൈലോസിംഗ് സ്പോൺഡിലൈറ്റിസ് ഇന്ത്യൻ ഫെണ്ടറേഷന്റെ (ആസിഫ്) ദേശീയ പ്രസിഡന്റ് സ്‌ഥാനം വഹിക്കുന്നതും സൈജോ തന്നെ. നൂറിൽപ്പരം ആളുകൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും വാങ്ങിക്കൊടുക്കുന്നതിനും സൈജോയ്ക്കു കഴിഞ്ഞിട്ടുണ്ട്. ശാരീരിക വൈകല്യമനുഭവിക്കുന്നവർക്കായി ഗവ:ആനുകൂല്യങ്ങളുടെ സൗജന്യ ബുക്ക്ലെറ്റ് തയാറാക്കി.

വൈകല്യങ്ങളെ അവസരമാക്കി ദൈവം തന്ന താലന്തുകളെ ശരിയായി വിനിമയം ചെയ്യുന്ന സൈജോ നമുക്കൊരു പാഠമാണ്. നട്ടെല്ലിൽ വേദന പുളയുമ്പോഴും കുന്നംകുളം നഗരസഭാ ഓഫീസിൽ പുഞ്ചിരി തൂകി ദൈവം തന്ന ജീവിതം മറ്റുളളവർക്ക് സന്തോഷത്തോടെ പകർന്നുകൊടുത്തിരുന്ന സൈജോയ്ക്ക് പ്രാർഥനാ നിർഭരമായ മംഗളാശംസകൾ. സൈജോയുടെ മാരകമായ രോഗാവസ്‌ഥയെക്കുറിച്ചുംഇതുപോലുളള രോഗികളെ സഹായിക്കേണ്ട ആവശ്യകതയെക്കുറിച്ചും അമലയിലെ വകുപ്പ് മേധാവി ഡോക്ടർ പോൾ.ടി. ആന്റണിയും പി.ആർ.ഒ ജോസഫ് വർഗീസും അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്.

<ആ>ജോബ് സ്രായിൽ