എന്തുകൊണ്ട് ഇങ്ങനെ?
എന്തുകൊണ്ട് ഇങ്ങനെ?
ജീവിത സമ്മർദങ്ങൾ, ഉദ്യോഗ മേഖലകളിലെ സ്ട്രസ് അങ്ങനെ പല കാരണങ്ങൾകൊണ്ടും എന്റർടെയിൻമെന്റിനു വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നത്തെ തലമുറ. പലരും ഇത്തരം അശ്ലീല വീഡിയോകളും നഗ്നചിത്ര ആസ്വാദനവും മറ്റൊരു ഉല്ലാസമായി കാണുന്നു. പഴയ കാലത്തിനെക്കാൾ വളരെ വലിയ അവസരങ്ങളും സാഹചര്യങ്ങളും ഇന്ന് എല്ലാവർക്കും ചെറുപ്പക്കാരും പ്രായമായവരും പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ ലഭിക്കുന്നത് മറ്റൊരു കാരണമാണ്.

ഇന്റർനെറ്റ് കഫേകളെയോ കംപ്യൂട്ടറുകളെയോ ആശ്രയിക്കാതെ സ്വന്തം കൈയിലൊതുക്കാവുന്ന സ്മാർട്ട് ഫോണുകൾ പല ടീനേജുകാർക്കും കാര്യങ്ങൾ എളുപ്പമാക്കുന്നു. വിദ്യാർഥികളും യുവാക്കളും കൂട്ടംച്ചേർന്നിരുന്ന് ഇത്തരം വീഡിയോകൾ പൊതു റോഡുകളിലും റെയി ൽവേ സ്റ്റേഷനുകളിലും ഇരുന്ന് കാണുന്നത് ഇന്ന് സാധാരണമായിരിക്കുന്നു.

പുതിയ തലമുറ സ്വതന്ത്രരായി ജീവിക്കുന്ന ഒരു സമൂഹത്തിൽ പൊതുവേ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലത്തിൽ കുട്ടികളുടെ കൈത്തലത്തിലേക്ക് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ നീലസ്രോതസുകൾ ഇങ്ങനെ പ്രവഹിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ നിസാരമല്ല.

ഓരോ തലമുറയ്ക്കു മുന്നിലും മൂല്യവത്തായ, ക്രിയാത്മകമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. നമ്മുടെ മുൻതലമുറയ്ക്ക് ജന്മനാടിന്റെ സ്വാതന്ത്ര്യം എന്ന മഹാലക്ഷ്യം ഉണ്ടായിരുന്നു. അത്തരത്തിലെ ജന്മലക്ഷ്യമോ, രാഷ്ടബോധമോ ഇല്ലാതെ വെറും ആഡംബരങ്ങളിലും ബൈക്ക് റൈഡുകളിലും ഷോപ്പിംഗുകളിും അടിച്ചുപൊളിയിലും സുഖലോലുപതയിലും മാത്രം ജീവിക്കുന്ന അഥവാ ജീവിക്കുവാൻ വിധിക്കപ്പെട്ട തലമുറകൾ തനിക്കും നാടിനും വിനാശകരമാകുന്ന പല പ്രവണതകളിലും ചെന്നുപെടുവാൻ സാധ്യതയുണ്ട്.

അപകടമേഖലകൾ

ഇണയോടുള്ള അമിതാസക്‌തി, സെക്സിന്റെ അതിപ്രസരം ക്രിമിനലിസത്തിലേയ്ക്കുവരെ എത്തിപ്പെടാമെന്ന് ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം ചൂണ്ടിക്കാണിക്കുകയാണ്.

സ്വന്തം സുഖഭോഗവസ്തുമാത്രമായി കാമുകിയെ കാണുമ്പോൾ അതിന് തടസം നിൽക്കുന്നവരെല്ലാം ശത്രുക്കളായി മാറും. കാമുകിയുടെ ഭർത്താവിനെയോ പിഞ്ചുകുഞ്ഞിനെയോ കൊലപ്പെടുത്തുവാനും അവളെ തന്റെ സ്വന്തമാക്കുവാനുമുള്ള ത്വര ഇങ്ങനെവരുന്നതാണ്.

പ്രണയം ഹൃദയത്തിൽ മുദ്രിതമായതുകൊണ്ടുതന്നെ കാരുണ്യവും കരുതലും ത്യാഗവും ഈ വികാരത്തോട് ചേർന്നുവരും. അതിനാൽ പ്രണയം നിയന്ത്രിക്കുവാനും കഴിയും. എന്നാൽ കാമവികാരം നിയന്ത്രിക്കുക അത്രയെളുപ്പമല്ല. സെക്സ് ഹോർമോണുകൾ അധികമായവർക്ക് പ്രത്യേകിച്ചും. ജന്മനാൽ തന്നെയോ മറ്റു സാഹചര്യങ്ങൾ കാരണമോ വൈകൃതമുള്ളവർ (പെർവേർട്ടസ്) ആയ മനുഷ്യരും സമൂഹത്തിൽ നിരവധിയുണ്ട്. ഇത്തരക്കാരുടെ മാനസിക ശാരീരിക നിലയെ കൂടുതൽ അപകടകരമാക്കുകയാണ് ഈ സൈബർ സെക്സ് ലോകം എന്ന് നിസംശയം പറയാം.

നാം കാണുന്നതും കേൾക്കുന്നതും സ്വാംശീകരിക്കുന്നതും നമ്മുടെ സ്വഭാവമായി മാറും. മാലിന്യങ്ങൾ മാത്രം ഇങ്ങനെ നിരന്തരം അടിഞ്ഞുകൂടുന്ന മനസിന്റെ ഗതി ദുർഗന്ധം വമിക്കുന്ന അഴുക്കുചാലിനു സമമാകും. കേട്ടാൽ അറയ്ക്കുന്ന രീതിയിലെ കാമവെറികളിലേക്കും സ്വവർഗഭോഗങ്ങളിലേക്കും ക്രൂരമായ ബലാത്സംഗങ്ങളിലേക്കും നിഷിദ്ധമായ ബന്ധങ്ങളിലേയ്ക്കും ചിലരെങ്കിലും എത്തിപ്പെടുകയും ചെയ്യും.


മകന്റെ നീലക്കാഴ്ചകൾ കാരണം സ്വന്തം വീട്ടിനുള്ളിൽ ഒരു സ്ത്രീകൂടിയായ അമ്മ പേടിച്ചു കഴിയേണ്ടിവരുന്ന അവസ്‌ഥ അപൂർവമായെങ്കിലും ഉണ്ട്. അച്ഛന്റെ ഫോണിലെ നീലമയം കണ്ട് തകർന്നുപോകുന്ന പെൺമക്കളും. ഏത് കെട്ട യുഗത്തിലും സംഭവിച്ചുകൂടാത്ത കാര്യങ്ങളാണിത്.

അതുപോലെ കുട്ടികൾക്ക് മികച്ച മാതൃകയാകേണ്ട അധ്യാപകർ ഇത്തരം പ്രവണതകൾക്ക് വിധേയരാകുന്നതും ഭാവിയിൽ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ ആൺ–പെൺ വ്യത്യാസമില്ലാതെ കൈമാറുവാനും അതേക്കുറിച്ച് പരസ്യമായി സംസാരിക്കുവാനും മടിയില്ലാത്തൊരു സമൂഹം വളർന്നുവരുന്നതും തീരെ ആശാസ്യകരമല്ല.

ആരോഗ്യപ്രശ്നങ്ങൾ

സൈബർ ലോകത്തെ കാഴ്ചകളിൽ നീണ്ട മണിക്കൂറുകൾ അഭിരമിക്കുന്നവർ പൊതുവെ അലസരായിത്തീരുന്നു. ക്രിയാത്മകമായ കാര്യങ്ങളോ, വീട്ടുചുമതലകളോ ഒന്നും പൂർണമനസോടെ ഇവർ ചെയ്യുന്നില്ല. ലഹരിപദാർഥങ്ങൾ സാധാരണ സമ്മാനിക്കുന്നതുപോലെ ഒരുതരം നിഷ്ക്രിയ അവസ്‌ഥ ഇവർ കാണിക്കുന്നു. തന്റെ സ്വൈര്യവിഹാരലോകത്തിൽ തടസംനിൽക്കുന്നവരോട് (രക്ഷിതാക്കൾ, ഭാര്യ, ഭർത്താവ്) കടുത്ത ദേഷ്യം, പ്രതികാരം, വാശി എന്നിവയൊക്കെ ഉണ്ടാകും.

പൊതുവെ അലസരായ പുതിയ തലമുറയെ കുഴിമടിയന്മാരാക്കുവാൻ ഈ പുതിയ ഭ്രമം കാരണമാകും. ഭാര്യമാരുടെ കണ്ണുവെട്ടിക്കുവാൻ (തിരിച്ചും) രാത്രി മുറിയിൽ ലൈറ്റിടാതെ കൂരിരുട്ടത്തിരുന്ന് ഫോണിലൂടെ മെസേജ് വഴി സല്ലപിക്കുന്നവരുമുണ്ട്. ടിവി ഉച്ചത്തിൽ വച്ചശേഷം രതിസല്ലാപങ്ങൾ നടത്തുന്ന പ്രവണതയും ഏറിവരുന്നു. നല്ല വെളിച്ചമില്ലാതെയുള്ള ഇത്തരം സന്ദേശം അയയ്ക്കലും വായിക്കലും കണ്ണുകൾക്കും തലച്ചോറിനും ഭാവിയിൽ ക്ഷതം വരുത്തുമെന്ന് ഒരു വനിതാ ഡോക്ടർ ഓർമിക്കുന്നു. കണ്ണടവച്ചാൽ ഭാര്യ സംശയിക്കും എന്ന് ഭയന്ന് കണ്ണടയില്ലാതെ മൊബൈലിൽ ടൈപ്പ് ചെയ്യുന്നവരും വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണത്രേ.

ഹൃദയത്തോട് ചേർന്നുള്ള പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന മൊബൈൽഫോൺ ഇടതടവില്ലാതെ ശബ്ദിക്കുമ്പോൾ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങൾ മാരകങ്ങളാണ്. കാറോ സ്കൂട്ടറോ ഓടിക്കുമ്പോൾപോലും ഇഷ്ട ഫോൺകോളുകൾ ഒറ്റകൈ കൊണ്ട് കൈകാര്യം ചെയ്യുന്നവരും റോഡ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്.

ബോധവൽക്കരണം, ആത്മീയബോധനം, യോഗപോലെ മനസിനും ശരീരത്തിനും ഉണർവ് ലഭിക്കുന്ന അഭ്യാസങ്ങൾ തുടങ്ങിയവ ഈ പ്രവണതകൾ നിയന്ത്രിക്കുന്നതിന് സഹായിക്കും. കായികവിനോദങ്ങൾ, മറ്റു ക്രിയാത്മകവും ആരോഗ്യപരവുമായ പ്രവർത്തനങ്ങൾ എന്നിവയിലേക്ക് കൗമാര മനസുകളെ വഴിതിരിച്ചുവിടുന്നത് അഭികാമ്യമാണ്. (അവസാനിച്ചു)

<യ> ഊരാക്കുടുക്കായി സൈബർ ഇടങ്ങൾ–6/ എസ്.മഞ്ജുളാദേവി