‘സദ്ഗുരു’വിന്റെ സ്മരണയിൽ...
‘സദ്ഗുരു’വിന്റെ സ്മരണയിൽ...
കരുണ ദ്യോതിപ്പിക്കുന്ന രാഗമാണ് ആനന്ദഭൈരവി. ഈ രാഗത്തിൽ സുന്ദരമായൊരു ഗാനംകേട്ട് മതിമറന്നു, ഒരിക്കൽ സാക്ഷാൽ ത്യാഗരാജസ്വാമികൾ. ഒരു നാടോടിസംഘമാണ് കൃഷ്ണന്റെയും രാധയുടെയും കഥപറയുന്ന മഥുര നഗരിലോ എന്നു തുടങ്ങുന്ന ആ ഗാനം പാടിയിരുന്നത്. പാട്ടുതീർന്നതും നിങ്ങൾക്കിഷ്‌ടമുള്ളതെന്തും സമ്മാനമായി ആവശ്യപ്പെടൂ എന്നായി സ്വാമികൾ. ഏറെനേരത്തെ കൂടിയാലോചനയ്ക്കുശേഷം അവർ ഒട്ടും കരുണയില്ലാത്ത ഒരാവശ്യമുന്നയിച്ചു– ആനന്ദഭൈരവി
തന്നെ സ്വാമികൾ ഞങ്ങൾക്കു തരൂ എന്ന്!
അതായത് ത്യാഗരാജസ്വാമികൾ ഇനി ആ രാഗം
പാടുകയോ കൃതികൾ ചിട്ടപ്പെടുത്തുകയോ
ചെയ്യരുത് എന്നുതന്നെ.

എന്തിനായിരിക്കാം അവർ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടത്? പിൽക്കാലത്ത് ഈ കഥ കേൾക്കുന്നവർ ഒരിക്കലും തങ്ങളെ മറക്കരുത് എന്നുകരുതിത്തന്നെയാവണം. നൂറ്റാണ്ടുകൾക്കു മുമ്പു നടന്നതാണെങ്കിലും അതൊരു കെട്ടുകഥയല്ല എന്നു തെളിയിക്കുന്ന ഒരു കാര്യമുണ്ട്– പഴക്കമുള്ളതും പ്രസിദ്ധവുമായ ആനന്ദഭൈരവി രാഗത്തിൽ ത്യാഗരാജസ്വാമികളുടെ നാലേനാലു കൃതികളേ ഉള്ളൂ! ഏതാണ്ട് 188 രാഗങ്ങളിലായി 682 കൃതികൾ രചിച്ചിട്ടുള്ള മഹാത്മാവാണ് അദ്ദേഹമെന്ന് ഓർക്കുമ്പോഴാണ് അതൊന്നുകൂടി ബോധ്യമാകുക.

250 കൊല്ലം! അടുത്തവർഷം മേയ് മാസം നാലാം തീയതിയാകുമ്പോൾ കർണാടക സംഗീതത്തിലെ മഹാപ്രതിഭകളിലൊരാളായ ത്യാഗരാജർ ജനിച്ചിട്ട് രണ്ടര നൂറ്റാണ്ടാകും. മുത്തുസ്വാമി ദീക്ഷിതർക്കും ശ്യാമശാസ്ത്രികൾക്കുമൊപ്പം കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ ത്യാഗരാജർ ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ഒഴുക്കിനു വേഗംകൂട്ടിയ, അലകളാൽ അഴകുകൂട്ടിയ അതുല്യപ്രതിഭയായിരുന്നു.

സദാ സംഗീതത്തിന്റെ ഇളംകാറ്റു വീശുന്നയിടങ്ങളാണ് തമിഴ്നാട്ടിലെ തഞ്ചാവൂരും തിരുവാരൂരും തിരുവൈയാറും. ത്യാഗരാജസ്വാമികളിലൂടെ ആ കാറ്റിൽ സുഗന്ധംകൂടി ചേർന്നു. തിരുവാരൂരിൽ 1767 മേയ് നാലിനാണ് അദ്ദേഹം ജനിച്ചത്. വളർന്നത് തിരുവാരൂരിലും. പണ്ഡിതനായ രാമബ്രഹ്മവും സംഗീതജ്‌ഞയായിരുന്ന സീതമ്മയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 1774ൽ കുടുംബം തിരുവാരൂരിൽനിന്ന് തിരുവൈയാറിലേക്ക് താമസം മാറ്റിയതോടെ ത്യാഗരാജർക്ക് പ്രസിദ്ധ സംഗീതജ്‌ഞനായ സോന്തി വെങ്കിടരമണയ്യരുടെ കീഴിൽ സംഗീതം പഠിക്കാൻ അവസരം ലഭിച്ചു. സംസ്കൃതവും തെലുങ്കും വേദശാസ്ത്രങ്ങളും പഠിച്ചു. സംഗീതമെന്നാൽ ഭക്‌തിയായിരുന്നു ത്യാഗരാജർക്ക്. ഭക്‌തിയില്ലാതെ സംഗീതമില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സംഗീതത്തിലൂടെ ഭക്‌തിയും തത്വചിന്തയും പ്രചരിപ്പിച്ച് ജീവിതത്തിലുടനീളം അദ്ദേഹം ലാളിത്യത്തെ മുറുകെപ്പിടിച്ചു.

682 കൃതികൾ രചിച്ച അദ്ദേഹത്തിന്റെ ഏതാണ്ട് 360 കീർത്തനങ്ങൾ ഇന്ന് വ്യാപകമായി പ്രചാരത്തിലുണ്ട്. ശ്രീരാമഭക്‌തനായിരുന്ന അദ്ദേഹം ഒട്ടുമിക്ക കീർത്തനങ്ങളും ശ്രീരാമനെ പ്രകീർത്തിച്ചാണ് രചിച്ചത്. തത്വചിന്ത, സന്മാർഗജീവിതം, നിസ്സംഗത്വം, ആത്മസാക്ഷാത്കാരം, ലൗകികസുഖങ്ങളുടെ പരിത്യാഗം തുടങ്ങിയവയെല്ലാം ആ കീർത്തനങ്ങളിലൂടെ സ്വരരൂപംനേടി. അദ്ദേഹത്തിന്റെ കീർത്തനങ്ങൾ നൂറ്റാണ്ടുകൾക്കുശേഷവും രൂപഭേദമില്ലാതെ തുടരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനൊരു കാരണമുണ്ട്– അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സ്വരങ്ങൾ ചിട്ടപ്പെടുത്തിയ കീർത്തനങ്ങൾ ശിഷ്യപരമ്പരകൾ സൂക്ഷ്മതയോടെ പഠിച്ച് സാധകംചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അവ പൂർവരൂപത്തിൽ നിലനിന്നു.


1847 ജനുവരി ആറിന് എഴുപത്തൊമ്പതാം വയസിലാണ് ത്യാഗരാജസ്വാമികൾ അന്തരിച്ചത്. തിരുവൈയാറിൽ തന്നെയാണ് അദ്ദേഹത്തിന്റെ സമാധിസ്‌ഥലവും. ലോകമെമ്പാടുമുള്ള സംഗീതവിദ്യാർഥികളുടെ ‘സദ്ഗുരു’വായ ത്യാഗരാജസ്വാമികളുടെ പ്രഭാവം രണ്ടരനൂറ്റാണ്ടിലേക്കടുക്കുമ്പോഴും നിറഞ്ഞുനിൽക്കുകയാണ്. സംഗീതമുള്ളിടത്തോളം അതു വെളിച്ചംനിറയ്ക്കുകയും ചെയ്യും.

<ആ>എന്തരോ മഹാനുഭാവുലു..

ഭക്‌തിയിലൂടെ പരബ്രഹ്മത്തെ പ്രാപിക്കുക എന്ന ലക്ഷ്യവുമായി, ഏഴു തന്ത്രികൾ മുറുക്കിയ തംബുരുവുമേന്തി ക്ഷേത്രങ്ങൾതോറും സന്ദർശനം നടത്തിയ ഒരു താപസഗായകൻ ഒരിക്കൽ തിരുവൈയാറിൽ ത്യാഗരാജസന്നിധിയിൽ എത്തി. ഷട്കാല ഗോവിന്ദ മാരാരായിരുന്നു അത്. പന്തുവരാളി രാഗത്തിൽ ചിട്ടപ്പെടുത്തിയ ചന്ദനചർച്ചിത.. എന്നു തുടങ്ങുന്ന അഷ്‌ടപദിയായിരുന്നു ത്യാഗരാജർക്കുള്ള അദ്ദേഹത്തിന്റെ അർച്ചന. പരമാനന്ദലഹരിയിലായി സ്വാമികൾ. സ്വയം ചിട്ടപ്പെടുത്തിയ എന്തരോ മഹാനുഭാവുലു... എന്ന കീർത്തനമായിരുന്നു ഷട്കാല ഗോവിന്ദമാരാർക്ക് ത്യാഗരാജസ്വാമികളുടെ സമ്മാനം.

അദ്ദേഹത്തിന്റെ പഞ്ചരത്നകൃതികളിൽ ഏറ്റവും ജനസമ്മതി നേടിയ ഒന്നായിമാറി പിന്നീടത്. ജഗദാനന്ദകാരക എന്ന കൃതിക്കൊപ്പം എന്തരോ മഹാനുഭാവുലുവും കച്ചേരികളിൽ ഒറ്റയ്ക്കൊറ്റയ്ക്കു പാടുന്ന സ്‌ഥിതിയുമുണ്ട്– പഞ്ചരത്നകൃതികൾ എല്ലാം ഒന്നിച്ചാണ് പാടാറുള്ളതെങ്കിലും. സിനിമാ സംഗീതരംഗത്തും എന്തരോ ഇന്നും പ്രചോദനമാണ്. തെലുങ്കിൽ അടുത്തയിടെ അത്തരമൊരു പാട്ട് വലിയ ജനസ്വാധീനംനേടിയിരുന്നു. ഗോപിസുന്ദർ ഈണമൊരുക്കി രേണുക അരുൺ പാടിയ ആ ഗാനം ഒട്ടേറെ പുരസ്കാരങ്ങളും നേടി.

<ആ>ത്യാഗരാജ ആരാധന

തിരുവൈയാറിൽ എല്ലാക്കൊല്ലവും ജനുവരിയിൽ ത്യാഗരാജ സ്വാമികളുടെ സ്മരണാർഥം നടത്തുന്ന സംഗീതോത്സവമാണ് ത്യാഗരാജ ആരാധന. ശ്രീ ത്യാഗബ്രഹ്മ മഹോത്സവ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ ആരാധനാവേളയിൽ സ്വാമികളുടെ സമാധിസ്‌ഥലം കർണാടക സംഗീതത്താൽ മുഖരിതമാവും. മിക്കവാറും എല്ലാ പ്രതിഭകളും ആരാധനയ്ക്കെത്താറുണ്ട്.., ലക്ഷക്കണക്കിനു സംഗീതപ്രേമികളും.

<ആ>ആനന്ദഭൈരവി മലയാളത്തിൽ

ആനന്ദഭൈരവി രാഗത്തിൽ
ചിട്ടപ്പെടുത്തിയ മലയാള ഗാനങ്ങൾ:

കാവേരി തീരത്തെ കളമെഴുതും മുറ്റത്തെ.. (കൈക്കുടന്ന നിലാവ്), വാൽക്കണ്ണെഴുതിയ മകരനിലാവിൽ.. (പൈതൃകം), ശബരിമലയിൽ തങ്കസൂര്യോദയം.. (സ്വാമി അയ്യപ്പൻ), ആറാട്ടിനാനകൾ എഴുന്നള്ളി.. (ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു), ആലായാൽ തറവേണം..